ആർക്കും വേണ്ടാതെ ഐപിഎല്ലിലെ ഇതിഹാസങ്ങളായ റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ എന്നിവർ
ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായ സുരേഷ് റെയ്‌നയെ സ്വന്തമാക്കാൻ തയാറാവാതെ ടീമുകൾ. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ഒരു ടീമുകളും രംഗത്ത് വരാതിരുന്നത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായേക്കും.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ താരമായാണ് റെയ്‌നയെ കണക്കാക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 ഇന്നിംഗ്‌സുകളിൽ നിന്നായി 5528 റൺസോളം കണ്ടെത്തിയ താരമാണ് സുരേഷ് റെയ്‌ന. അതായത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ് റെയ്‌ന.
മുൻ ഇന്ത്യൻ താരത്തെ കൂടാതെ ഓസ്‌ട്രേലിയയുടെ മുൻനായകനായ സ്റ്റീവ് സ്മിത്തിനെയും സ്വന്തമാക്കാൻ ടീമുകൾ തയാറായില്ല. 2 കോടി രൂപയായിരുന്നു ഓസീസ് താരത്തിന്റെ അടിസ്ഥാന വില. പോയ സീസണുകളിൽ കാര്യമായ സംഭാവനയൊന്നും രാജസ്ഥാൻ റോയൽസിനായി കണ്ടെത്താൻ കഴിയാതെ പോയതാണ് സ്മിത്തിന് തിരിച്ചടിയായത്.
മുന്‍ കൊല്‍ക്കത്ത താരമായ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷക്കിബ് അല്‍ ഹസനും ടീം കണ്ടെത്താനായില്ല. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിന് ഐപിഎല്ലിൽ മികച്ച റെക്കോർഡാണുള്ളത്. ദക്ഷിണാഫ്രിക്കൻ കളിക്കാരനായ ഡേവിഡ് മില്ലറിനെയും ആരും ഇതുവരെ സ്വന്തമാക്കിയില്ല. ഇന്നു വിൽക്കാത്ത താരങ്ങളെ നാളെ വീണ്ടും ലേലത്തിന് വെക്കുമ്പോൾ ടീമുകൾക്ക് ഇവരെ വാങ്ങാൻ ഇനിയും അവസരമുണ്ട്.