ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി ജെയിംസ് സിഡോൺസിനെ നിയമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി ജെയിംസ് സിഡോണിനെ നിയമിച്ച് ബിസിബി. കുടുംബ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഷ്വെൽ പ്രിൻസ് ജോലിയിൽ നിന്ന് രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
ഇനി മുതൽ ബംഗ്ലാദേശ് ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ ജാമി സിഡോൺസ് ആയിരിക്കുമെന്ന് ബിസിബി പ്രസിഡന്റ് നസ്മുൽ ഹസനാണ് പ്രഖ്യാപിച്ചത്. 2007 മുതൽ 2011 വരെ ബംഗ്ലാദേശിന്റെ മുഖ്യ പരിശീലകനായി നിരവധി നേട്ടങ്ങൾ കൈവരിച്ച മുൻപരിചയവും സിഡോൺസിനുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ നീൽ മക്കെൻസിക്ക് പകരം സ്ഥിരം ബാറ്റിംഗ് പരിശീലകനെ നിയമിക്കാൻ ബംഗ്ലാദേശ് ശ്രമിച്ചപ്പോഴാണ് അദ്ദേഹം ആദ്യമായി ബന്ധപ്പെടുന്നത്. തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആഷ്വെൽ പ്രിൻസിനെയും സിഡോണിനെയും ഷോർട്ട്‌ലിസ്റ്റ് ചെയ്തു. എന്നാൽ അന്ന് സിംബാബ്‌വെ സീരീസിന് മുന്നോടിയായി ജൂലൈയിൽ ആഷ്വെൽ പ്രിൻസിന് നറുക്കുവീഴുകയായിരുന്നു.
സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലേക്ക് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഫെബ്രുവരി 23 ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് മുന്നോടിയായി ഈ സ്ഥാനത്തേയ്ക്ക് ആരേയും നിയമിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.