ഈ നേട്ടത്തിൽ സച്ചിനും ധോണിക്കും ഒപ്പം ഇനി വിരാട് കോലിയും
അഹമ്മദാബാദിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 44 റൺസിന് തോൽപ്പിച്ച് പരമ്പര നേടിയപ്പോൾ ഒരു പുതിയ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാനും മുൻ നായകനുമായ വിരാട് കോലി.
സച്ചിൻ തെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കൊപ്പം സ്വന്തം നാട്ടിൽ 100 ഏകദിനങ്ങൾ കളിച്ച റെക്കോർഡാണ് കോലിയെ തേടിയെത്തിയിരിക്കുന്നത്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടീമിനെ പ്രതിനിധീകരിക്കുന്നതിനിടെയാണ് മുൻ ഇന്ത്യൻ നായകൻ ഈ നാഴികക്കല്ലിലെത്തിയത്.
നാട്ടിൽ 100 ഏകദിന മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിരാട് കോലി. ഇന്ത്യൻ മണ്ണിൽ 164 ഏകദിന മത്സരങ്ങൾ കളിച്ച ഇതിഹാസ താരം സച്ചിനാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ ഇന്ത്യയിൽ 127 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള ധോണി രണ്ടാമതും 113 ഏകദിനങ്ങൾ കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും 108 കളിച്ച യുവരാജ് സിങ്ങും പിന്നാലെയുണ്ട്.
ഫോമിലല്ലാത്ത കോലി 18 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 237/9 എന്ന സ്കോർ ഉയർത്തിയാണ് 50 ഓവർ പൂർത്തിയാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ 193 റൺസിന് പുറത്താക്കി മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കുകയും ചെയ്തു.