വിന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യയ്ക്ക് ഏകദിന പരമ്പര
അഹമ്മദബാദിൽ നടന്ന രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
പേസര്‍ ബോളർ പ്രസിദ്ധ് കൃഷ്ണയുടെ മികവാണ് ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ വിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാൻ വിൻഡീസിന് സാധിച്ചു. അങ്ങനെ കളിയിലേക്ക് തിരിച്ചെത്താമെന്ന് കരീബിയൻസ് പ്രതീക്ഷിച്ചെങ്കിലും അസാമാന്യ ബോളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
44 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 27 റൺസ് നേടി പൊരുതി നോക്കി. കൂടിതെ വെസ്റ്റ് ഇൻഡീസിനായി വാലറ്റക്കാരും ചെറിയ പ്രതിരോധം നടത്തിയെങ്കിലും വിജയത്തിലേക്ക് അടുക്കാനുള്ള റൺസ് മാത്രം പിറന്നില്ല. പരമ്പര ജയത്തോടെ ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മക്ക് ആദ്യ പരമ്പരയില്‍ വിജയത്തുടക്കമിടാനായതും നേട്ടമാണ്.