രഞ്ജി ട്രോഫിക്കുള്ള സൗരാഷ്ട്ര ടീമിൽ ഇടം നേടി ചേതേശ്വർ പൂജാര
ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള സൗരാഷ്ട്ര ടീമിൽ ഇടം നേടി ചേതേശ്വർ പൂജാര. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ച 21 അംഗ ടീമിലാണ് പൂജാരയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
എലൈറ്റ് ഗ്രൂപ്പ് ഡിയിൽ ഇടംപിടിച്ച സൗരാഷ്ട്ര തങ്ങളുടെ ലീഗ് മത്സരങ്ങൾ അഹമ്മദാബാദിലാണ് കളിക്കുന്നത്. 41 തവണ രഞ്ജി ചാമ്പ്യൻമാരായ മുംബൈ, ഒഡീഷ, ഗോവ എന്നിവർക്കൊപ്പമാണ് സൗരാഷ്ട്ര ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്.
പരിചയസമ്പന്നനായ മികച്ച ഇടംകൈയ്യൻ പേസ് ബോളറുമായ ജയദേവ് ഉനദ്‌കട്ടിനെയാണ് സൗരാഷ്ട്രയുടെ നായകനായി സെലക്ടർമാർ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ എസ്‌സിഎ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ടീം വ്യാഴാഴ്ച്ച വൈകുന്നേരം അഹമ്മദാബാദിലെത്തും.
ഐപിഎല്ലിൽ ശ്രദ്ധേയനായ പേസർ ചേതൻ സക്കറിയയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ ഷെൽഡൺ ജാക്‌സൺ, സ്ഥിരം താരങ്ങളായ അർപിത് വാസവദ, കമലേഷ് മക്വാന, ചിരാഗ് ജാനി, പ്രേരക് മങ്കാഡ്, യുവ സ്റ്റംപർ ഹാർവിക് ദേശായി, പ്രധാന സ്പിന്നർ ധർമേന്ദ്രസിൻഹ് ജഡേജ എന്നിവരെല്ലാം സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്.
കൊവിഡ്-19 മഹാമാരി കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന രഞ്ജി ട്രോഫി ജനുവരി 13 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും രാജ്യത്തുടനീളമുണ്ടായ മൂന്നാമത്തെ തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇനി ടൂർണമെന്റ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം വ്യാഴാഴ്ച്ച മുതൽ മാർച്ച് 15 വരെ രാജ്യത്തെ വിവിധ വേദികളിൽ നടക്കും. തുടർന്ന് ഐപിഎൽ സമയത്ത് ഒരു ഇടവേള എടുത്ത് മെയ് 30 മുതൽ പുനരാരംഭിച്ച് ജൂൺ 26 വരെ നീണ്ടുനിൽക്കും.