ഓസ്ട്രേലിയയുടെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ഗില്ലസ്പി
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി മുൻ ഓസ്ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പി. ജസ്റ്റിൻ ലാംഗറുടെ രാജിക്ക് പിന്നാലെ ഗില്ലസ്പി ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തിന്റെ പരസ്യ പ്രതികരണം.
2018ലെ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഡാരൻ ലേമാൻ പരിശീലകസ്ഥാനത്ത് നിന്ന് മാറിനിന്നപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി ഗില്ലസ്പിയുടെ പേര് അന്നും ഉയർന്നുവന്നിരുന്നു. തുടർന്നാണ് ഏറെ വിവാദത്തിൽ വലഞ്ഞ ഓസ്ട്രേലിയൻ ടീമിന്റെ തലപ്പത്തേയ്ക്ക് ജസ്റ്റിൻ ലാംഗർ എത്തുന്നത്.
ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഒരു വർഷത്തെ വിലക്ക് നേരിട്ട സാൻഡ്പേപ്പർ ഗേറ്റ് എന്നറിയപ്പെടുന്ന വിവാദത്തിൽ നിന്നും പുരുഷ ടീം ഉയർത്തെഴുന്നേൽപ്പിച്ച ലാംഗർ 2021 ലെ ടി20 ലോകകപ്പും തുടർന്ന് ആഷസ് പരമ്പരയും ഓസ്ട്രേലിയയ്ക്ക് നേടികൊടുത്ത് വീണ്ടും ടീമിനെ കരുത്തരാക്കുകയായിരുന്നു.
എന്നാൽ കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെ അടുത്തിടെയാണ് ഏറെ അപ്രതീക്ഷിതമായി ഓസീസ് ടീമിന്റെ പരിശീലസ്ഥാനം ഒഴിയുന്നതായി ജസ്റ്റിൻ ലാംഗർ പ്രഖ്യാപിച്ചത്. 2022 ടി20 ലോക ടൂർണമെന്റ് വരെ കരാർ നീട്ടിനൽകാൻ ബോർഡ് ജസ്റ്റിൻ ലാംഗറിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.