നിക്ലാസ് ഷൂലെയെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്
വരും സീസണിൽ പ്രതിരോധ നിര ശക്തമാക്കാൻ
നിക്ലാസ് ഷൂലെയെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൽ നിന്ന് നാല് വർഷത്തെ കരാറിലാണ് ജർമൻ സെൻട്രൽ ഡിഫെൻഡർ ചിരവൈരികളിലേക്ക് ചേക്കേറിയിരിക്കുന്നത്.
ബയേണിലെ കരാർ അവസാനിച്ചതിന് ശേഷം വരുന്ന ജൂലൈയോടു കൂടിയായിരിക്കും ഷൂലെ ടീമിനൊപ്പം ചേരുക. സൗജന്യ ട്രാൻസ്ഫറിലാണ് പ്രതിരോധ താരത്തെ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിലെത്തിച്ചിരിക്കുന്നത്.
ജർമൻ ദേശീയ ടീമിൽ 37 തവണ കളിച്ചിട്ടുള്ള ഷൂലെ 2017-ൽ ഹോഫെൻഹൈമിൽ നിന്നാണ് ബയേൺ മ്യൂണിക്കിൽ എത്തുന്നത്. ഇവിടെ 159 മത്സരങ്ങൾ കളിച്ചു. 2019-20-ൽ നാല് ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയതിലും നിർണായക പങ്കുവഹിക്കാൻ ഈ 26 കാരന് സാധിച്ചിട്ടുണ്ട്. ഉയരം കൊണ്ടും വലിയ ശരീരംകൊണ്ടും പ്രതിരോധത്തിൽ ഉരുക്കുകോട്ട തീർക്കുന്ന താരമാണ് ഷൂലെ.
എങ്കിലും ബയേണിനായി ഈ സീസണിൽ ആദ്യ ഇലവനിൽ ഇടം കണ്ടത്താൻ ഏറെ ബുദ്ധിമുട്ടിയ ഷൂലെ ജർമൻ ചാമ്പ്യൻമാർ കരാർ നീട്ടി നൽകാൻ തയാറായിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടർന്ന് കരാർ അവസാനിക്കുമ്പോൾ സീസൺ അവസാനത്തോടെ ഷൂലെ ടൂം വിടുമെന്നും ബയേൺ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.