രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തി രാഹുലും അഗർവാളും
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളും.
പേസർ നവ്ദീപ് സൈനിയും കൊവിഡ് മുക്തനായി തിരിച്ചെത്തിയിട്ടുണ്ടെന്നതും ടീമിന് ആശ്വാസകരമായ വാർത്തയാണ്. ബുധനാഴ്‌ച ഇരുടീമുകളും മുഖാമുഖം എത്തുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൂവരും പരിശീലനം നടത്തുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ രാഹുലിന് ആദ്യ ഏകദിനം നഷ്ടമാവുകയായിരുന്നു. അതേസമയം ഇന്ത്യൻ ക്യാമ്പിനെ ബാധിച്ച കൊവിഡ് കാരണമാണ് മായങ്ക് അഗർവാളിന് വിൻഡീസിനെതിരായ ആദ്യ ഏകദിനം നഷ്ടമായത്. ഞായറാഴ്ച്ച നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ ആധിപത്യം സ്ഥാപിക്കാനും ടീം ഇന്ത്യക്കായി.
വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്ത് വിജയത്തിലെത്തുകയായിരുന്നു. ഓപ്പണിംഗിൽ നായകൻ രോഹിത് ശർമ 51 പന്തിൽ 60 റൺസെടുത്തതാണ് ടീമിന് കരുത്തായത്. തുടർന്ന് സൂര്യകുമാർ യാദവും ദീപക് ഹൂഡയും അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു.