മെഗാ ലേലത്തിൽ ആർസിബിയുടെ പ്രധാന ഉന്നം വിൻഡീസിന്റെ ജേസൺ ഹോൾഡർ
മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ലോകത്തിലെ പ്രീമിയർ ഓൾറൗണ്ടർമാരിൽ ഒരാളുമായ ജേസൺ ഹോൾഡറിനെ സ്വന്തമാക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിന്റെ ഈ പതിപ്പിലെ ഏറ്റവും ചെലവേറിയ താരങ്ങളിൽ ഒരാളായി ഹോൾഡർ മാറിയേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർസിബിയുടെ ലേല തന്ത്രത്തിന്റെ വജ്രായുധമായി വിൻഡീസ് താരം മാറിയേക്കും.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ് എന്നിവരെ നിലനിർത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജേസൺ ഹോൾഡറിനായി 12 കോടി രൂപ വരെ ലേലം വിളിക്കാൻ സാധ്യതയുണ്ട്.
ഹോൾഡർ, മുൻ സിഎസ്കെ താരം അമ്പാട്ടി റായിഡു, യുവ മുൻ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് എന്നിവരുൾപ്പെടെയുള്ള വരെയും ആർസിബി നോട്ടമിട്ടിട്ടുണ്ട്. മെഗാ ലേലത്തിൽ 57 കോടി രൂപ വരെ ആർസിബിക്ക് ചെലവഴിക്കാനാകും.
ഹോൾഡറിന് വേണ്ടി 12 കോടിയും റായിഡുവിനായി 8 കോടിയും പരാഗിന് 7 കോടിയുമാണ് ടീം നിലവിൽ കരുതിവെച്ചിരിക്കുന്നത്. ഈ താരങ്ങൾക്കായി ഏകദേശം 27 കോടി ചിലവഴിച്ചാൽ 28 കോടി രൂപ കൂടി ആർസിബിക്ക് ചെലവഴിക്കാൻ ബാക്കിയുണ്ടാകും.