രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഹാർദിക് പാണ്ഡ്യ
ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടൂർണമെന്റിൽ നിന്നും ഒഴിവായിരിക്കുന്നത്.
ആയതിനാൽ ബറോഡ ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെ തെരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെ പ്രഖ്യാപിച്ചതിൽ വിഷ്ണു സോളങ്കിയാണ് വൈസ് ക്യാപ്‌റ്റൻ.
എന്നാൽ സ്ക്വാഡ് പട്ടികയിൽ നിന്ന് ഹാർദിക്കിന്റെ പേര് അസോസിയേഷൻ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് മുതൽ ഹാർദിക് ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പരുക്കും മറ്റ് വ്യക്തിപരമായ കാരണങ്ങളാലുമാണ് താരം ദേശീയ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്.
ഇന്ത്യയുടെ മോശം ടി20 ലോകകപ്പ് പ്രകടനത്തിൽ ബൗൾ ചെയ്യാത്തതിന് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയ 28-കാരൻ 2018 ഡിസംബറിന് ശേഷം റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല പരിക്കുകൾ തന്റെ പ്രതീക്ഷകളെ കൂടുതൽ നേരം തളർത്തിയിട്ടുണ്ടെന്നും പാണ്ഡ്യ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലേക്ക് ഹാർദിക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ഹാർദിക് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.