ആദ്യ മത്സരത്തിൽ വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് മിന്നും ജയം
അഹമ്മദാബാദിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ കിടിലൻ ജയം. ടോസ് നേടി ബൗളിംഗിനിറങ്ങിയ ഇന്ത്യ സന്ദർശകരെ എറിഞ്ഞൊതുക്കുകയായിരുന്നു.
വിൻഡീസ് ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം രോഹിത് ശർമയുടെ കീഴിലുള്ള ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 28-ാം ഓവറില്‍ മറികടക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ നായകനാണ് ടീം ഇന്ത്യയുടെ വിജയ ശിൽപി. ആദ്യ ഇന്നിംഗ്സില്‍ 43.5 ഓവറില്‍ വെസ്റ്റിന്‍ഡീസ് 176 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു.
നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലിന്റേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റേയും മിന്നും പ്രകടനമാണ് സന്ദർശകരെ ചുരുങ്ങിയ റൺസിന് പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത്. മറുപടി ബാറ്റിംഗിൽ ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന് കിഷനും മികച്ച തുടക്കം നൽകിയതോടെ വിജയം അനായാസമായി.
അതേസമയം മുൻനായകൻ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരമായിരുന്നു ഇതെന്നതും പ്രത്യേകതയായിരുന്നു.