ഇന്ത്യൻ പേസ് ബൗളിങ്ങിന് മുമ്പിൽ ന്യൂ സീലാൻഡ് വിറക്കുന്നു
അഞ്ചാം ദിവസം തങ്ങളുടേതാക്കാൻ ടീം ഇന്ത്യ. 101/2 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച കിവികളുടെ 3 വിക്കറ്റുകളാണ് ഇന്ത്യൻ പേസ് നിര വീഴ്ത്തിയത്. ആദ്യ സെഷൻ അവസാനിച്ചപ്പോൾ ന്യൂ സീലാൻഡ് 135/5 എന്ന നിലയിലാണ്.
ആദ്യം നഷ്ടമായത് റോസ് ടെയ്‌ലറിന്റെ [11] വിക്കറ്റ് ആണ്. ഷമിയെ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച അദ്ദേഹം എക്സ്ട്രാ കവറിൽ ഗില്ലിനു ക്യാച്ച് നൽകി മടങ്ങി. വായുവിൽ പറന്ന് എടുത്ത ആ ക്യാച്ച് മത്സരത്തിലെ ഏറ്റവും മികച്ചതാകാനാണ് സാധ്യത. കിവികൾക്ക് അടുത്ത പ്രഹരം ഏല്പിച്ചത് ഇഷാന്ത് ശർമയാണ്. ശർമയെ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച ഹെൻറി നിക്കോൾസിന് [7] സ്ലിപ്പിൽ രോഹിതിന് ക്യാച്ച് നൽകി മടങ്ങേണ്ടി വന്നു. പിന്നീട് വന്ന വാറ്റ്ലിംഗിനെ [1] കാലുറപ്പിക്കുന്നതിന് മുമ്പ് തന്നെ ഷമി ക്ലീൻ ബൗൾഡ് ആക്കി.
ലീഡ് നേടാൻ കിവികൾക്ക് ഇനിയും 82 റൺസ് കൂടെ വേണം. 112 ബോളുകൾ നേരിട്ട് 19 റൺസുമായി നിക്കുന്ന ക്യാപ്റ്റൻ വില്യംസൺ ആണ് അവരുടെ പ്രതീക്ഷ. ഇന്ത്യ വീഴ്ത്താൻ ശ്രമിക്കുന്ന വിക്കറ്റും അദ്ദേഹത്തിന്റേതാണ്. കടുത്ത ഒരു മത്സരമാണ് സതാംപ്ടൺ സാക്ഷ്യം വഹിക്കുന്നത്. ഏതായാലും 23 ഓവറിൽ വെറും 34 റൺസ് മാത്രം വിട്ട് കൊടുത്തു മൂന്ന് വിക്കറ്റ് എടുത്ത ഇന്ത്യ ആദ്യ സെഷൻ തങ്ങളുടേതാക്കി മാറ്റി.
#indvsnz