മാറ്റത്തിനൊരുങ്ങി ജർമ്മനി, യുറോക്ക് ശേഷം ഹാൻസി ഫ്ലിക്ക് മാനേജർ ആകും
വളരെ ചെറിയ കാലം കൊണ്ട് തന്നെ ലോകപ്രശസ്തി ആർജിച്ച മാനേജർ ആണ് ഹാൻസി ഫ്ലിക്ക്. അദ്ദേഹം ബയേണിനെ ഈ കൊല്ലം ജർമൻ ചാമ്പ്യന്മാർ ആക്കിയിട്ട് രാജി വെച്ചിരുന്നു. ഏവരെയും നടുക്കിയ ഒരു തീരുമാനമായി ഫുട്ബോൾ ലോകം അതിനെ വിശേഷിപ്പിക്കുകയും ഉണ്ടായി. ജർമൻ മാനേജർ ആകാനുള്ള പദ്ധതിയായി അതിനെ പലരും കരുതിയിരുന്നു. ഏപ്രിലിൽ തന്നെ ജർമൻ ഫുട്ബാൾ അസ്സോസിയേഷനുമായി ഫ്ലിക്ക് വാക്കാൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഔദ്യോഗികമായി ജർമൻ ഫുട്ബോൾ അസോസിയേഷൻ ഫ്ലിക്കുമായി കരാറിൽ ഒപ്പിട്ടിരിക്കുന്നു.
യൂറോ കപ്പിന് ശേഷമായിരിക്കും ഫ്ലിക്ക് ജർമനിയെ നയിക്കുക. 2014 ലോക കപ്പ് ജർമനിക്ക് നേടി കൊടുത്ത ജോച്ചിം ലോയ്ക്ക് പകരക്കാരനായാണ് ആണ് ഫ്ലിക്ക് നിയമിതനാകുന്നത്. 2017 കോൺഫെഡറേഷൻ കപ്പ് എടുത്ത ജർമൻ ടീമിനെയും ലോ ആണ് പരിശീലിപ്പിച്ചത്. എന്നാൽ 2018 ലോക കപ്പ് മുതൽ ജർമ്മനി വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.ലോക കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ താരനിബിഢമായ ജർമൻ ടീം പുറത്തായിരുന്നു. നേഷൻസ് ലീഗിലും യാതൊരു ചലനവും സൃഷ്ഠിക്കാൻ ലോയുടെ കീഴിൽ ജർമനിക്ക് സാധിച്ചില്ല. ഇതെല്ലം പരിഗണിച്ചാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ മാറ്റങ്ങൾ കൊണ്ട് വരാൻ നിർബന്ധിതരായത്.






































