വിൻഡീസിന്റെ പുതിയ രക്ഷകനാണ് ‘ഭീമൻ’ കോൺവെൽ
6’5” ഉയരം, 136 കിലോ തൂക്കം – സംശയിക്കേണ്ട, ഇത് ഒരു ക്രിക്കറ്റ് താരത്തിന്റെ ശരീര വലിപ്പമാണ്. റഹകീം കോൺവെൽ എന്ന വിൻഡീസ് താരത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്. “മനുഷ്യ പർവതം” എന്ന വിളിപ്പേരുള്ള താരത്തിന്റെ ഗ്രൗണ്ടിലെ സാന്നിധ്യം ഏവരെയും ഒന്ന് ആകർഷിക്കും. ഒരു ക്രിക്കറ്റെർക്ക് പറ്റിയ ശരീര ഭാഷയാണോ എന്ന് ചോദ്യം ഉന്നയിച്ചവർക്ക് ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മറുപടി പറയുകയാണ് ഈ 28 കാരൻ.
സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവരുടെ കാലഘട്ടത്തിൽ ഓസിസ് ക്രിക്കറ്റിൽ വലിയ ഒരു മാറ്റം കൊണ്ടു വന്നു. കായിക ക്ഷമത കൂടിയ കളിക്കാർ ഇറങ്ങി, ഫീൽഡിങ്ങിലും മേധാവിത്വം പുലർത്തി എതിർ ടീമുകളെ ശ്വാസം മുട്ടിക്കുക. ടി 20 ഫോർമാറ്റ് ആ പ്രവണതക്ക് ആക്കം കൂട്ടിയതേ ഒള്ളു. ആ ചിന്താധാരകൾക്ക് പ്രാമുഖ്യം കിട്ടുന്ന ഈ കാലയളവിലാണ് കോൺവെൽ ക്രിക്കറ്റിലേക്ക് പ്രവേശിക്കുന്നത്.
ലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കോൺവെല്ലിന്റെ പ്രകടനം എടുത്ത് പറയേണ്ടിയതുണ്ട്. രണ്ടു ടെസ്റ്റിലുമായി രണ്ടു സുപ്രധാന ഇന്നിംഗ്സ് ആണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ഉയർന്നത്. ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ വെറും 84 ബോളിൽ 61 റൺസ് സംഭാവന ചെയ്തു വിൻഡീസിനെ മത്സരത്തിലേക്ക് അദ്ദേഹം തിരിച്ചു കൊണ്ട് വന്നിരുന്നു. ഇന്നലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം, ഒരു ബാറ്റിംഗ് തകർച്ച മുന്നിൽ കണ്ട വിൻഡീസിനെ ബ്രാത്വായിട്ടുമായി ചേർന്ന് രക്ഷിച്ചിരിക്കുന്നു.
222/7 എന്ന നിലയിൽ ഒമ്പതാമനായി ക്രീസിൽ വന്ന അദ്ദേഹം ബ്രാത്വായിട്ടിന് മികച്ച പിന്തുണ നൽകി. വെറും 54 പന്തിൽ 43 റൺസ് സമ്പാദിച്ചു ഔട്ട് ആകാതെ ക്രീസിൽ നിൽക്കുന്നു. പുൾ ഷോട്ട്, കവർ ഡ്രൈവ് എന്നിവയാണ് താരത്തിന്റെ ഇഷ്ട ഷോട്ടുകൾ. അത് മനോഹരമായി തന്നെ എക്സിക്യൂട്ട് ചെയ്യുകയും ചെയ്തു. കണ്ടിരിക്കാൻ അഴകുള്ള ബാറ്റിംഗ് ശൈലി തന്നെയാണ് കോൺവെല്ലിന്റെത്.
ഒരു ഓഫ് സ്പിന്നറായും ടീമിനെ താരം സഹായിക്കുന്നു. സമനിലയിൽ കലാശിച്ച ആദ്യ ടെസ്റ്റിൽ 4 വിക്കറ്റുകളും കോൺവെൽ സ്വന്തമാക്കിയിരുന്നു.






































