ട്ടാക്കൂർ ആണ് നുമ്മ പറഞ്ഞ ഹീറോ !!
പ്രത്യേക അഴകോ ക്ലാസ്സോ ഇല്ലാത്ത ബൗളിംഗ് ശൈലിയും ബാറ്റിംഗ് ശൈലിയും. എന്നാൽ വേണമെങ്കിൽ ദൈർഖ്യമേറിയ ഇന്നിംഗ്സ് കളിയ്ക്കാൻ ടീമിന് ആശ്രയിക്കാം, അല്ലെങ്കിൽ അവസാന ഓവറുകളിൽ വെടിക്കെട്ടിന്. ഇതിനേക്കാൾ ഉപരി മിഡിൽ ഓവറുകളിൽ സുപ്രധാന കൂട്ടുകെട്ട് ഭേദിക്കാൻ ക്യാപ്റ്റന് കണ്ണും പൂട്ടി ആശ്രയിക്കാം. മൂന്നാം ഏകദിനം മാത്രമല്ല ഈ ഏകദിന പരമ്പര തന്നെ നമ്മൾ നേടിയതിൽ ട്ടാക്കൂർ വഹിച്ച പങ്കു ചെറുതല്ല. അത് ക്യാപ്റ്റൻ കോഹ്‌ലിയുടെ വാക്കുകളിൽ സ്പഷ്ട്ടവും – “ട്ടാക്കൂറിന് മാൻ ഓഫ് ദി മാച്ച് കിട്ടാത്തതിൽ ഞാൻ അതിശയിക്കുന്നു”
മൂന്ന് മത്സരങ്ങളിൽ നിന്നായി ട്ടാക്കൂർ എന്ന ബൗളർ നേടിയത് 7 വിക്കറ്റുകൾ. അതോ, എല്ലാം സുപ്രധാന വിക്കറ്റുകൾ – ബെയർസ്‌റ്റോ, മോർഗൻ, ബട്ട്ലർ, മലാൻ, ലിവിങ്സ്റ്റൺ. ഇന്നലെ മിഡിൽ ഓവറുകളിൽ സുപ്രധാന 3 വിക്കറ്റുകൾ എടുത്ത് [ബട്ട്ലർ, മലാൻ, ലിവിങ്സ്റ്റൺ] മത്സരം ഇന്ത്യക്ക് സമ്മാനിച്ചതും അദ്ദേഹം തന്നെ.
ബാറ്റിങ്ങിലെ ട്ടാക്കൂറിന്റെ മികവ് എടുത്ത് പറയേണ്ടതുണ്ട്. ഇന്നലെ 21 ബോളുകളിൽ 30 റൺസ് എടുത്ത ആ ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ 300 കടക്കാൻ സഹായിച്ചത്. അദ്ദേഹം പുറത്തായതാണ് ഇന്ത്യ 10 ബോൾ അവശേഷിക്കെ ഓൾ ഔട്ട് ആകാനും കാരണം. ആ ഇന്നിങ്സിൽ പിറന്ന 3 സിക്‌സറുകൾ ഇംഗ്ലീഷ് ബൗളർമാരെ വരെ അതിശയിപ്പിച്ചു. ബെൻ സ്റ്റോക്സ് ട്ടാക്കൂറിന്റെ ബാറ്റ് തമാശ രൂപത്തിൽ പരിശോധിച്ചതും ക്രിക്കറ്റ് ലോകം നന്നേ ആസ്വദിച്ചു.
താരനിബിഢമായ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ടായി മാറിയ പവിഴമാണ് ഷാർഡുൾ. ഇനിയും മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാകാനും അത് നമ്മുക്ക് ആസ്വദിക്കാനും ഇടവരട്ടെ.






































