ആർസെനൽ ട്രാൻസ്ഫർ : ആരൊക്കെ പുറത്തേക്ക്???
യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ ചൂടുപിടിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആര്സെനാലും മാർക്കറ്റിൽ സജീവമാണ്. ഇതുവരെ ഫസ്റ്റ് ടീമിലേക്ക് ഫ്രീ ട്രാൻസ്ഫെറിൽ ചെൽസി താരം വില്ലിയനേയും, 25മില്യൺ പൗണ്ടിന് ലില്ലി ഡിഫെൻഡെർ ഗബ്രിയേൽ മഗല്ലസിനെയും സ്വന്തമാക്കിയ ഗണ്ണേഴ്‌സ് മിഡ്ഫീൽഡിൽ ഇനിയും ചില നീക്കങ്ങൾ നടത്തുമെന്ന സൂചനകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതു കൊണ്ട് ട്രാൻസ്ഫർ ബഡ്ജറ്റ് പരിമിതമായ ഗണ്ണേഴ്സിന് ഇനി കൂടുതൽ താരങ്ങളെ ക്യാമ്പിലെത്തിക്കും മുൻപ് കുറെ അധികം വില്പന നടത്തേണ്ടി വരും. ഒക്ടോബർ 5നു ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുൻപ് ആരൊക്കെ ടീമിന് പുറത്തേക്ക് പോകും എന്ന സാധ്യതകളാണ് വിശകലനം ചെയുന്നത്.
പ്രതിരോധനിര:
സെന്റർബാക്ക് : ലില്ലിയിൽ നിന്നും ഗബ്രിയേലും, 1വർഷത്തെ ലോൺ പൂർത്തിയാക്കി വില്യം സലീബയും ടീമിലെത്തിയതോടെ പ്രതിരോധം ശ്കതിപ്പെടുന്നതോടൊപ്പം സെന്റെർബാക്കുകളുടെ ബാഹുല്യവും ഏറി. മുസ്താഫി, ലൂയിസ്, സലീബ, ഗബ്രിയേൽ, ചേംബേഴ്‌സ്, ഹോൾഡിങ്, സോക്രട്ടീസ് പാബ്ലോ മാരി എന്നിങ്ങനെ 8 സെന്റർബാക്ക് താരങ്ങളാണ് ആര്സെനലിലുള്ളത്. അതിനാൽ തന്നെ 2-3 പേരെ വിൽക്കുകയോ ലോണിൽ അയക്കുകയോ ചെയ്തേ തീരൂ. നിലവിൽ ലൂയിസ്, മാരി എന്നിവർക്ക് കോൺട്രാക്ട് പുതുക്കിയതിനാൽ സലീബ ഗബ്രിയേൽ എന്നിവർക്കൊപ്പം ഫസ്റ്റ് ടീമിൽ തുടരാനാണ് സാധ്യത. പരിക്ക് മൂലം വിശ്രമത്തിലായതിനാൽ മുസ്താഫി, ചേംബേഴ്‌സ് എന്നിവരെ വിൽക്കാൻ കഴിയുമോ എന്നത് സംശയമാണ്. ബാക്കി വരുന്നതിൽ 24കാരനായ റോബ് ഹോൾഡിങ്ങിനെ ന്യൂകാസിലിലേക്ക് ഈ വാരമവസാനത്തോടെ ലോണിൽ അയക്കാനുള്ള നീക്കങ്ങൾ ഏകദേശ ധാരണയായി എന്നാണ് ഒടുവിലത്തെ വിവരങ്ങൾ. അത്പോലെ 32കാരനായ സോക്രട്ടീസിന് വേണ്ടി ഇറ്റാലിയൻ ക്ലബായ നാപോളി നോട്ടമിടുന്നുണ്ട്. നാപോളിയുടെ സ്റ്റാർ ഡിഫൻഡർ കൗടോ കോലിബാലി ടീം വിടുകയാണെങ്കിൽഈ സീസണിൽ താത്കാലിക പകരക്കാരനായാണ് സോക്രട്ടീസിനെ ഇറ്റാലിയൻ ക്ലബ് കാണുന്നത്.
ഫുൾബാക്ക് : ആർട്ടെറ്റയുടെ കീഴിൽ സന്തുലിതമായിക്കൊണ്ടിരിക്കുന്ന ഏരിയ ആണ് ഫുൾബാക്ക് പൊസിഷൻ, ലെഫ്റ്റ് വിങ്ങിൽ ടിർണി, ബുകയോ സാക, കോലാസിനാക് എന്നിവരും, റൈറ്റ് വിങ്ങിൽ ബെല്ലെറിൻ, സെഡറിക് സോർസ്, മൈട്ലൻഡ് നെയ്ൽസ് എന്നിവരിലൂടെ മിഡ്ഫീൽഡിലെ മന്ദത വിങ്ങിലൂടെ മറികടക്കുന്ന കാഴ്ചയാണ് സീസണാവസാനം കണ്ടത്. ടിർണിയും സാകയും ഫുൾബാക് റോളിൽ ശോഭിച്ചതോടെ അവസരങ്ങൾ കുറഞ്ഞ ബോസ്നിയൻ താരം കോലാസിനാക് പുറത്തേക്ക് എന്ന സാധ്യതകളാണ് മുന്നിൽ. ഏകദേശം 12-15മില്യൺ പൗണ്ട് വരുന്ന ഓഫറിന് വിൽക്കാൻ ടീം തയാറാകുമെന്നാണ് സൂചന. ഒന്നിൽ കൂടുതൽ തല്പര കക്ഷികൾ ഉണ്ടെങ്കിലും തുടരെ തുടരെ മികച്ച പ്രകടനങ്ങൾ നടത്തിയ മൈട്ലൻഡ് നെയ്ൽസ് തുടരാനാണ് സാധ്യത. മറ്റൊരു ഫുൾബാക്കായ ബെല്ലേറിനു വേണ്ടി PSG 30മില്യൺ ഓഫർ വച്ചതായും വാർത്തകൾ ഉണ്ട്. ACL ഇഞ്ചുറിക് ശേഷം കളത്തിൽ നിന്നും നീണ്ട കാലം വിട്ടു നിന്ന ബെല്ലറിന് തന്റെ പഴയ ഫോമിലേക്ക് എത്തുന്ന സൂചനകൾ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ പുറത്തെടുത്തിരുന്നു. അതിനാൽ തന്നെ ബെല്ലറിൻ ടീമിൽ തുടരുന്നതിൽ കോച്ച് അർട്ടേറ്റക്കു എതിർപ്പുണ്ടാകില്ലെങ്കിലും 30മില്യണോ അതിനു മുകളിലോ ഉള്ള ഒരോഫർ നിരസിക്കാൻ ബഡ്ജറ്റ് പരിമിതിയുള്ള ആർസെനലിനു പ്രയാസമാകും. പ്രത്യേകിച്ച് റൈറ്റ് വിങ്ങിൽ മൈട്ലൻഡ് നെയ്ൽസ് ആ റോൾ മികച്ച രീതിയിൽ ഏറ്റെടുക്കുമ്പോൾ.
മിഡ്ഫീൽഡ് : കഴിഞ്ഞ സീസണിൽ ആര്സെണലിന്റെ ലീഗിലെ മോശം പ്രകടനത്തിന് വലിയൊരു ഉത്തരവാദിത്തം ഡിഫെൻസിനോടൊപ്പം മധ്യനിരക്കുമുണ്ടായിരുന്നു. താരതമ്യേന പരിചയക്കുറവുള്ള ഷാക്ക, ടോറെറ, ഗെണ്ടുസീ, സെബാലോസ് എന്നിവർ അടങ്ങിയ മധ്യനിരയെ മുൻ കോച്ച് ഉനായി എമേറി സ്ഥിരമായി റൊട്ടേറ്റ് ചെയ്തത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. മിഡ്ഫീൽഡിൽ ക്രീയേറ്റീവിറ്റി നഷ്ടപ്പെട്ടതിനോടൊപ്പം, സ്ഥിരതയില്ലായ്മയും വന്നതോടെ ടീം പടുകുഴിയിലേക്ക് വീണു. അതിനാൽ തന്നെ മിഡ്ഫീൽഡിൽ ഒരു ഉടച്ചുവാർക്കലിന് ഈ ട്രാൻസ്ഫെറിൽ പുതിയ മാനേജർ അർട്ടേറ്റ ശ്രമിക്കുമെന്നുറപ്പ്. സെബാലോസിനെ വീണ്ടും ലോണിൽ കൊണ്ട് വരുന്നതിനോടൊപ്പം, അത്ലറ്റികോയുടെ thomas പാർട്ടി അല്ലെങ്കിൽ ലിയോണിന്റെ ഹൊസേം ആവറിനെ ടീമിലെത്തിക്കുന്നതിനോടൊപ്പം അച്ചടക്ക ലംഘനം മൂലം ടീമിന് പുറത്ത് നിർത്തിയിരിക്കുന്ന ഗേന്ദുസിയെയും, ഫോം നഷ്ടപെട്ട ടോറെറയും വില്കാനാകും ശ്രമം. ടൊറേറക്ക് വേണ്ടി ഏതാനും ചില ഇറ്റാലിയൻ ക്ലബ്ബുകൾ രംഗത്തുണ്ട്. എന്നാൽ ഏകദേശം 35മില്യൺ വിലയിട്ടിരിക്കുന്ന 20കാരനായ ഗെൻഡൂസിക്ക് വേണ്ടി ഇതുവരെ ഒരു ടീമും അതിയായ ആഗ്രഹം അറിയിക്കാത്തത് ആര്സെനലിന്റെ ട്രാൻസ്ഫർ പ്ലാനിനെ കുറച്ചധികം വിഷമത്തിലാക്കുന്നുണ്ട്.
മുന്നേറ്റ നിര : മുന്നേറ്റനിരയിൽ പെപെ, ലകാസെറ്റ്, ഓസിൽ എന്നിങ്ങനെ ഒരുപാട് വലിയ താരങ്ങളുണ്ടായിട്ടും അബാമേയങ്ങ് എന്ന വിങ്ങിൽ കളിക്കേണ്ടി വരുന്ന സ്‌ട്രൈക്കർ, തന്റെ പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒറ്റയ്ക്കു ടീമിനെ മുന്നോട്ട് കൊണ്ട് പോകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വർഷം നാം കണ്ടത്. അബാമേയങ്ങിനു വേണ്ട സപ്പോർട്ട് മറ്റു താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. സീസൺ അവസാനത്തോടെ ലാകാസെറ്റ്, പെപെ എന്നിവർ ഫോമിലേക്കുയരുകയും, ബുകയോ സാക മികച്ച ക്രീയേറ്റീവ് പ്ലയെർ ആയി മാറുകയും ചെയ്‌തിട്ടുണ്ട്. ചെൽസി താരം വില്ലിയനെ ടീമിലെത്തിച്ചതോടെ ടീമിന്റെ ബാലൻസ് മുൻ നിരയിൽ അല്പം കൂടി സന്തുലിതമായിട്ടുണ്ട്. എന്നാലും ചാമ്പ്യൻസ് ലീഗിലേക്ക് ഈ സീസണിൽ ലക്ഷ്യം വയ്ക്കുന്ന ഗണ്ണേഴ്‌സ് ഫിലിപ്പ് കുട്ടീഞ്ഞോ, കെൽറ്റിക് സ്‌ട്രൈക്കർ ഒസ്മാനെ എഡ്‌വേഡ് എന്നിവർ കൂടി മനസ്സിലുണ്ട്. അതിനു വേണ്ടി ഒരു പക്ഷെ യുവ താരങ്ങളായ നെൽസൺ, എന്കെത്യാഹ് എന്നിവർക്ക് ടീം ബെഞ്ചിൽ കൂടുതൽ സ്ഥാനം കൊടുക്കുകയും ഇപ്പോളും മാർക്കറ്റ് വാല്യൂ ഉള്ള
ലകാസെറ്റിനെ വിൽക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അത്പോലെ ഫസ്റ്റ് ടീമിൽ നിന്നും ജൂൺ മുതൽ പുറത്തായ ഒസീലിനെയും ഓഫർ വന്നാൽ വില്കാമെന്നാണ് മാനേജ്മെന്റ് കണക്കു കൂട്ടുന്നത്. നിലവിൽ പ്രതിവാരം 350000 പൗണ്ട് സാലറി വാങ്ങുന്ന ഓസിലിനു വേണ്ടി, വർഷം 15മില്യൺ മെഗാ ഓഫറുമായി സൗദി ക്ലബ് അൽ -നാസർ രംഗത്തുള്ളതായാണ് വിവരം. ഡീൽ നടന്നാൽ ചുരുങ്ങിയത് 10-15മില്യൺ ട്രാൻസ്ഫർ തുകയോടൊപ്പം വർഷം 18മില്യൺ എന്ന കൂറ്റൻ വേതന ബഡ്ജറ്റിൽ നിന്നും ആർസെനലിനു രക്ഷപ്പെടാം.