നാടകീയത ഒഴിയുന്നു : ഗബ്രിയേൽ മഗല്ലസ് ആർസെനലിലേക്ക് !
നിക്കൊളാസ് പെപെക്ക് പിന്നാലെ ഫ്രഞ്ച് ക്ലബായ ലില്ലിയുടെ മറ്റൊരു താരം കൂടി ആർസെനലിലേക്ക്. നിരവധി പ്രീമിയർ ലീഗ്, സീരി -A ടീമുകൾ നോട്ടമിട്ട ബ്രസീലിയൻ സെന്റർബാക്കായ ഗബ്രിയേൽ മഗല്ലസിന്റെ ആര്സെനലിലേക്കുള്ള ട്രാൻസ്ഫർ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും എന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരങ്ങൾ.
കഴിഞ്ഞ 2ആഴ്ചകളായി ഏറ്റവുമധികം ക്ലബ്ബുകളുമായി ബന്ധപ്പെട്ടു ചർച്ചചെയ്യപ്പെട്ടൊരു ട്രാൻസ്ഫർ റൂമറായിരുന്നു 22കാരനായ ലില്ലി ഡിഫൻഡർ ഗബ്രിയേൽ മഗല്ലസിന്റേത്. എവെർട്ടൻ, ചെൽസി, നാപോളി, ആർസെനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെ യൂറോപ്പിലെ വമ്പന്മാർ താരവുമായി ധാരണയിലെത്തിയതയുള്ള വാർത്തകൾ വന്നിരുന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ടിരിക്കുന്ന നാപോളി താരം കൗടോ കൂലിബാലിക്കു പകരക്കാരനായി നാപോളിയും, പുതുതായി വരുന്ന വില്യം സലീബക്ക് കൂട്ടായി മറ്റൊരു പ്രതിഭാധനനായ യുവ ഇടംകാലൻ ഡിഫെൻഡർക്കു വേണ്ടി ആര്സെനാലും കൊമ്പ് കോർത്തപ്പോൾ, ആര്സെനാലും നാപോളിയും തമ്മിലാണ് മത്സരമെന്നു ലില്ലി പ്രസിഡന്റ് തന്നെ പറയുകയുണ്ടായി. ഏകദേശം 25മില്യൺ പൗണ്ട് തുകക്ക് ഇരു ടീമുകളും ഓഫർ നൽകുകയും ചെയ്തിരുന്നു. അതിനിടയിൽ താരത്തിന്റെ കുടുംബാംഗങ്ങൾ ആര്സെനലിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതും, താരം പ്രീമിയർ ലീഗ് എങ്ങനെയായിരിക്കും എന്നന്വേഷിച്ചതായുള്ള സഹതാരത്തിന്റെ വെളിപ്പെടുത്തലും കൂടിയായപ്പോൾ ആർസെനലിലേക്ക് തന്നെയാണ് താരം നീങ്ങുന്നതെന്നും ഗബ്രിയേലുമായി പേഴ്സണൽ കരാരിൽ ഗണ്ണേഴ്‌സ് എത്തിയതായും അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ വമ്പൻ സാലറി ഓഫർ നൽകി നാപോളി ട്രാൻസ്ഫർ റാഞ്ചാനുള്ള അവസാന ശ്രമം നടത്തി. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് വേണ്ടി രംഗത്തെത്തി, ഒപ്പം ഫ്രാൻസിലെയും ഇംഗ്ലണ്ടിലെയും ക്വാറന്റൈൻ നിയമങ്ങളുടെ ആശയക്കുഴപ്പവും ട്രാൻസ്ഫർ സങ്കീർണതയിലാക്കി. എങ്കിലും ഒടുവിൽ വരുന്ന വാർത്ത താരം ഫ്രാൻസിൽ വച്ചു ആര്സെണലിന്റെ മെഡിക്കൽ പൂർത്തിയാക്കിയെന്നും ലണ്ടനിലെത്തിയെന്നുമാണ്. ഇതോടെ ആർസെനാൽ ട്രാൻസ്ഫർ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഗബ്രിയേലിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയാൽ, മുൻപ് പെപെ, ലെനോ, ടോറെറ എന്നിവരുടെ സൈനിങ്ങിനായി മുന്നിരയിലുണ്ടായിരുന്ന നാപോളിയെയെ ഞെട്ടിച്ചു കരാറിലെത്തിയ ആര്സെനാലിനു വീണ്ടുമൊരു ട്രാൻസ്‌ഫർ വിജയമാകും സമ്മാനിക്കുക.