ആര്സെനലിനോട് വിടപറഞ്ഞു ഫ്രഡി ല്യൂജിൻബെർഗ്
ആർസെനലിന്റെ അസിസ്റ്റന്റ് കോച്ചും, ഗണ്ണേഴ്സിന്റെ മുൻ ഇൻവിൻസിബിൾ ടീമംഗവുമായിരുന്ന ഫ്രെഡി ല്യൂജിൻബെർഗ് ക്ലബ് വിട്ടതായി ആർസെനൽ ഔദ്യോഗികമായി അറിയിച്ചു. കോച്ചിംഗ് റോളിൽ നിന്നും മാനേജ്മെന്റ് റോളിലേക്ക് മാറാനുള്ള ഫ്രഡിയുടെ താല്പര്യമാണ് തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. ആര്സെണലിന്റെ വിഖ്യാതമായ ഇൻവിൻസിബിൾ ടീമിലെ സജീവ സാന്നിധ്യമായിരുന്ന ല്യൂജിൻബെർഗ് ആർസെനാൽ അണ്ടർ -15, അണ്ടർ -23 ടീമുകളുടെ പരിശീലകനായിരുന്നു. ഉനായി എമേറിയുടെ കീഴിൽ ഫസ്റ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രൊമോട്ട് ചെയ്യുകയായിരുന്നു. എമേറിയെ പുറത്താക്കി ആർട്ടെട്ടയെ നിയമിക്കും വരെയുള്ള സമയത്ത് അഞ്ചോളം പ്രീമിയർ ലീഗ് മത്സരത്തിൽ കെയർ ടേക്കർ മാനേജരായും ല്യൂജിൻബെർഗ് ചുമതല വഹിച്ചു. ആർസെനൽ ആരാധകർക്കിടയിൽ എന്നും സ്വീകാര്യതയുണ്ടായിരുന്ന, സാക, നെൽസൺ, വില്ലോക് എന്നിങ്ങനെ നിരവധി അക്കാദമി താരങ്ങളുടെ വളർച്ചക്ക് നിർണായക ശക്തിയായി നിന്ന ല്യൂജിൻബെർഗിന് നിരവധി ആർസെനൽ യുവതാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ആശംസയർപ്പിച്ചത്.