Cricket Cricket-International Epic matches and incidents Top News

രവി ശാസ്ത്രി വിന്ഡീസിനെതിരെ നടത്തിയ ബാറ്റിംഗ് പ്രതിരോധം – അവർണ്ണനീയം !!

June 26, 2020

author:

രവി ശാസ്ത്രി വിന്ഡീസിനെതിരെ നടത്തിയ ബാറ്റിംഗ് പ്രതിരോധം – അവർണ്ണനീയം !!

1987- 88 ലെ ഇന്ത്യയുടെ മത്സരങ്ങൾ….. സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പിലെ സെമിയിൽ അപ്രതീക്ഷിതമായി തോറ്റതിനെ തുടർന്ന് പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ തുടർ വർഷങ്ങളിൽ കാത്തിരുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. ക്യാപ്റ്റൻസിയിൽ കപിൽ യുഗം അവസാനിച്ചതു മുതൽ അസ്ഹർ യുഗം ആരംഭിക്കുന്നത് വരെ വെങ്സാർക്കറുടെയും ശ്രീകാന്തിൻ്റെയും കീഴിൽ നാട്ടിലും വിദേശത്തും വിൻഡീസിനെതിരെയും പാക്കിസ്ഥാനെതിരെയും ന്യൂസിലാൻ്റിനെതിരെയും അഗ്നിപരീക്ഷണങ്ങളായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.

സച്ചിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റ ആകാമായിരുന്ന 1988 വിൻഡീസ് പര്യടനം (ഗാവസ്കർ അടക്കമുള്ളവരുടെ വിമർശനം കൊണ്ടു മാത്രമാണ് അന്നു സചിനെ ടീമിൽ എടുക്കാതിരുന്നത്) ഇന്ത്യക്ക് ദുരന്ത സ്മരണകളാണ് നൽകിയത്. നാട്ടിൽ ഹിർവാനിയുടെ മാസ്മരിക പ്രകടനത്തിൽ വിൻഡീസിനെ തോൽപ്പിച്ച ഓർമയിൽ വിമാനം കയറിയ ഇന്ത്യ, നാല് ടെസ്റ്റും അഞ്ച് ഏകദിനവും തോറ്റമ്പിയ ആ സീരീസ് ശ്രീകാന്തിന് സമ്മാനിച്ചത് എല്ലൊടിഞ്ഞ കയ്യും കേണലിന് ക്യാപ്റ്റൻസി നഷ്ടവും ആയിരുന്നു.

ഇതിനിടയിലും ഇന്ത്യക്ക് ആശ്വാസമായത് പുതുമുഖം സഞ്ജയ് മഞ്ഞ്ജ്രേക്കർ ടെക്നിക്കലി മികച്ച സെഞ്ചുറിയുമായി വരവറിയിച്ചതും, ഇന്ത്യയുടെ വിശ്വസനീയനായ ഓൾറൗണ്ടർ രവിശങ്കർ ശാസ്ത്രി ഫോമിലേക്ക് തിരിച്ചെത്തിയതുമായിരുന്നു. ലോകകപ്പ്, നാട്ടിൽ ന്യൂസിലാൻ്റ്, വിൻഡീസ് എന്നിവർക്കെതിരെ ബാറ്റു കൊണ്ടും ബോളു കൊണ്ടും നിറം മങ്ങി, ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിലാണ് ഒരിക്കൽ ലോക ക്രിക്കറ്റ് “ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ” എന്ന് വിശേഷിപ്പിച്ച ആ കഠിനാധ്വാനി സ്വന്തം ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റത്.

ആദ്യ ടെസ്റ്റ് തോറ്റ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മാർഷൽ, ബിഷപ്പ്, വാൽഷ്, അംബ്രോസ് പേസ് ആക്രമണത്തിൽ വീണ്ടും ആടിയുലഞ്ഞപ്പോൾ ആദ്യ ഇന്നിംഗ്സിൽ മഞ്ജ്ക്കേറുടെ സെഞ്ചുറിയും അസ്ഹറുദ്ദീൻ്റെ ഫിഫ്റ്റിയും വഴി 321 എന്ന തരക്കേടില്ലാത്ത സ്കോറിലെത്തി. മറുപടിയായി ക്രീസിലെത്തിയ വിൻഡീസ് ഗ്രീനിഡ്ജിലൂടെയും റിച്ചി റിച്ചഡ്സനിലൂടെയും തിരിച്ചടിച്ച് 377 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യൻ നിരയിൽ 4 വിക്കറ്റ് നേടിയ ശാസ്ത്രിയാണ്

കളിയുടെ മൂന്നാം ദിവസത്തിൻ്റെ അന്ത്യയാമങ്ങൾ….. അരുൺലാൽ, സിദ്ദു, വെംഗ്സർക്കാർ എന്നിവരെ 50 റൺസിനുള്ളിൽ നഷ്ടപ്പെട്ട് ഒരു വൻ തകർച്ച മുന്നിൽ കണ്ട് വിശ്രമ ദിനത്തിനു പോകുമ്പോൾ, വൺ ഡൗൺ ഇറങ്ങി 17 റൺസുമായി കടിച്ച് തൂങ്ങി ഫോമിൻ്റെ ഏഴയലത്ത് പോലുമല്ലാത്ത ശാസ്ത്രിയും കൂട്ടിന് അസ്ഹറുദ്ദീനുമായിരുന്നു ക്രീസിൽ.

നാലാം ദിവസം ആദ്യ സെഷൻ…14 റൺസ് എടുത്ത അസ്ഹറിനെയും കപിലിനെയും മാർഷലും മഞ്ജ്രേക്കറിനെ അംബ്രോസും മടക്കിയപ്പോൾ 63/6 എന്ന നിലയിൽ കൂപ്പ് കുത്തിയ ഇന്ത്യക്കെതിരെ പിന്നീട് ചടങ്ങു തീർക്കാനാണ് റിച്ചർഡ്സ് തൻ്റെ പേസ് ബാറ്ററികളോട് നിർദ്ദേശിച്ചത്….. പക്ഷേ, ബാറ്റിങ്ങിൽ അത്യാവശ്യം ശോഭിക്കാൻ കഴിയുന്ന കിരൺ മോറെയെ കൂട്ടിനു കിട്ടിയ ശാസ്ത്രി കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. അംബ്രോസ്, വാൽഷ്, മാർഷൽ, ബിഷപ്പ്, റിച്ചാർഡ്സ് നിരയെ നിർഭയം നേരിട്ട രണ്ടാളും ചേർന്ന് സ്കോർ മെല്ലെ മുന്നോട്ട് നയിച്ചു. അമ്പത് റൺസ് നേടിയ മോറെ സ്കോർ 195ൽ വീണെങ്കിലും, ഒമ്പതാം വിക്കറ്റിന് ചേതൻ ശർമയെ കൂട്ടുപിടിച്ച് ശാസ്ത്രി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി.

ഒടുവിൽ, ആംബ്രോസിനെ സ്ക്വയർ കട്ട് ചെയ്ത് 12 ആം ബൗണ്ടറി നേടി ശാസ്ത്രി സെഞ്ചുറി തികയ്ക്കുമ്പോൾ സോബേഴ്‌സ്, ഗാവസ്കർ അടക്കമുള്ള വിദഗ്ധർ വാഴ്ത്തിയത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ്. രണ്ടാം ഇന്നിംഗ്സിൽ ഹെയ്ൻസിൻ്റെ സെഞ്ചുറി യോടെ മത്സരം ഇന്ത്യ 8 വിക്കറ്റിന് തോറ്റെങ്കിലും , ശാസ്ത്രിയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

നിരവധി പരാജയങ്ങൾക്കും ഫോമില്ലായ്മയുടെ നീണ്ട ഇടവേളക്കും ശേഷം ഉള്ള രണ്ടാം വരവായിരുന്നു ശാസ്ത്രിക്ക് ഈ ഇന്നിങ്ങ്സ് . കടുപ്പമേറിയ വെസ്റ്റിന്ത്യൻ സാഹചര്യങ്ങളിൽ പൊരുതി നേടിയ ഈ സെഞ്ചുറി അദ്ദേഹത്തിൻ്റെ കരിയർ ബെസ്റ്റ് മാത്രമല്ല ആ സീരീസിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കപ്പെടുന്നു.

 

Leave a comment