“ശാന്തകുമാരൻ ശ്രീശാന്ത്” ഇന്ത്യയുടെ അഭിമാനമായ പരമ്പര
ക്രിക്കറ്റിന്റെ ഗ്രന്ഥശാലയിലെ ഒരുപാട് അധ്യായങ്ങളൊന്നുമവകാശപ്പെടാനില്ലാത്തൊരു പുസ്തകമായിരിക്കും ഇന്ത്യൻ ടീമിന്റെ വിദേശമണ്ണിലെ ടെസ്റ്റ് വിജയങ്ങളുടെ കഥകൾ. ഉപഭൂഖണ്ഡത്തിലേക്കു വിരുന്നു വരുന്ന ടീമുകളുടെ മേൽ പൂർണമായ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നെങ്കിലും പേസും ബൗൺസും നിറഞ്ഞ വിദേശ പിച്ചുകൾ എന്നും ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായിരുന്നു. എതിർ ചേരിയിലെ ഫാസ്റ്റ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്കുമുന്നിൽ മറുപടിയില്ലാതെ പതറുന്ന പേരുകേട്ട ബാറ്റിംഗ് നിരയെക്കാൾ നാട്ടിലെ പുലികളെങ്കിലും വിദേശത്തു കശാപ്പിനായി കാത്തുനിൽക്കുന്ന ആട്ടിൻകൂട്ടമെന്ന എതിരാളികളുടെ പരിഹാസമാകും ഇന്ത്യൻ ആരാധകർക്കു കൂടുതൽ നിരാശ സമ്മാനിച്ചിരിക്കുക. അതിനാൽതന്നെയാകും ഇന്ത്യൻ ടീം കടലിനക്കരെനിന്നും കൊണ്ടുവന്ന ഓരോ ടെസ്റ്റ് വിജയവും അവർക്കു മറക്കുവാൻ സാധിക്കാത്തത്. ഒരുപാടധ്യായങ്ങളില്ലെങ്കിലും ആ പുസ്തകം അവർക്കേറ്റവും പ്രിയപ്പെട്ടതാകുന്നതും അതിനാലാകും.
അത്തരം കഥകളിലൂടെയുള്ള സഞ്ചാരത്തിനിടെ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചൊരധ്യായമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെച്ചു ഡിസംബർ മാസത്തിലെ കുളിരിലും ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും സിരകളെ ചൂടുപിടിപ്പിച്ചൊരു വിജയത്തിന്റെ കഥ. ഇന്ത്യൻ ടീമിന്റെ വിദേശമണ്ണിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് എന്നതുമാത്രമല്ല ആ വിജയത്തെ ഓർമകളിലിപ്പോഴും തിളക്കത്തോടെ നിർത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം സാധ്യമായത് ഒരു മലയാളിയുടെ കൈകളിലൂടെയായിരുന്നുവെന്നു പറയുമ്പോൾ എന്നിലെ ക്രിക്കറ്റ് ആരാധകന്റെ ശബ്ദത്തിനല്പം അഹങ്കാരത്തിന്റെ ഭാഷ കൈവരുന്നുണ്ട്. അതൊരുപക്ഷേ “ശാന്തകുമാരൻ ശ്രീശാന്ത്” എന്ന ചെറുപ്പക്കാരന്റെ വികാരം എന്നിലേക്കു പരകായപ്രവേശം ചെയ്യുന്നതാകാം. തന്നെ അഹങ്കാരിയെന്നു വിശേഷിപ്പിച്ച ലോകത്തെ അയാളുടെ പന്തുകളെ ആരാധനയോടെ വീക്ഷിക്കാൻ പ്രേരിപ്പിച്ച ശ്രീയുടെ കരിയറിലെ സുവർണകാലഘട്ടത്തെ സ്വല്പം അഹങ്കാരത്തോടെയല്ലാതെ ഒരു മലയാളിക്ക് എങ്ങനെ ഓർത്തെടുക്കുവാൻ സാധിക്കും?.
2006-07 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിനു ജോഹന്നാസ്ബെർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്നതുവരെയും പതിവു കഥകൾ തന്നെയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയിൽ ഒന്നിൽപോലും വിജയിക്കുവാൻ സാധിച്ചില്ലെന്നു മാത്രമല്ല ഒരു മത്സരത്തിൽപോലും ഇന്ത്യൻ സ്കോർ കാർഡിന് ഇരുനൂറു റണ്ണുകളുടെ മാന്യത കൈവരിക്കുവാനും കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് പരമ്പരയിലും മറ്റൊരു ദയനീയമായ കീഴടങ്ങലിനെക്കാൾ കൂടുതലായി ഒന്നും തന്നെ അവരിൽനിന്നുമാരും പ്രതീക്ഷിച്ചുമില്ല. ഒരേയൊരു ട്വന്റി ട്വൻറി മത്സരത്തിൽ വിജയിക്കാൻ സാധിച്ചുവെങ്കിലും ഏകദിന മത്സരങ്ങളിൽ നേരിട്ട തുടർച്ചയായ ബാറ്റിംഗ് ദുരന്തങ്ങൾ തകർത്തുകളഞ്ഞ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ അതെത്രമാത്രം സഹായകമാകുമെന്ന കാര്യത്തിൽ യാതൊരുറപ്പുമുണ്ടായിരുന്നില്ല. പക്ഷേ വാണ്ടറേഴ്‌സിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് അവസാനിക്കുമ്പോൾ സ്കോർബോർഡിൽ തെളിഞ്ഞ 249 റണ്ണുകൾ ഒരു ചെറിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷയുടെ തിരികൾ കെടാതെ സൂക്ഷിച്ചത് സൗരവ് ഗാംഗുലിയെന്ന ഇടംകയ്യനായിരുന്നു മൂന്നാം വിക്കറ്റിൽ സച്ചിനും നായകൻ ദ്രാവിഡും ചേർന്നു സൃഷ്‌ടിച്ച കൂട്ടുകെട്ടുപോലെതന്നെ നിർണായകമായിരുന്നു അവസാന വിക്കറ്റിൽ വി.ആർ.വി സിംഗിനൊപ്പം ചേർന്നുകൊണ്ട് ഇന്ത്യൻ ഇന്നിങ്സിനയാൾ നീട്ടിനൽകിയ ആയുസും. എന്റിനിയും സ്റ്റെയ്നും പൊള്ളോക്കും കാലിസും നെല്ലുമടങ്ങിയ പേസ് അറ്റാക്കിനെതിരെ സൗരവ് പ്രതിരോധം തീർത്തപ്പോൾ മറുവശത്തു സിംഗ് ആളിക്കത്തുകയായിരുന്നു വെറും പത്തൊൻപതു പന്തുകളിൽ ആറു ബൗണ്ടറികളടക്കം ഇരുപത്തിയൊൻപതു ണ്ണുകൾ നേടിയ സിംഗ് എരിഞ്ഞടങ്ങുമ്പോഴും ഗാംഗുലിയുടെ പ്രതിരോധം തകർക്കാൻ പ്രൊറ്റീസ് പേസ് അറ്റാക്കിനു സാധിച്ചിരുന്നില്ല. സെഞ്ചുറിയെക്കാൾ വിലമതിക്കുന്ന ഒരു അർദ്ധശതകവുമായി അയാൾ പുറത്താകാതെ നിന്നു.
“തന്റെ പേരിനോടൊട്ടും നീതി പുലർത്താത്ത മനുഷ്യൻ!!.”
ശ്രീശാന്തിന്റെ പേരിനൊപ്പം എന്നും മനസ്സിലേക്കോടിയെത്തുന്ന ചിന്തയാണത്. രൗദ്രമായിരുന്നു മൈതാനങ്ങളിൽ അയാളുടെ മുഖത്തെ സ്ഥായീഭാവം. ആ തീക്ഷണതയും ശൗര്യവും അയാൾ തന്റെ പന്തുകൾക്കു പകർന്നുനൽകിയപ്പോഴെല്ലാം പിറന്നത് തീ പാറുന്ന സ്പെല്ലുകളായിരുന്നു. മാസങ്ങൾ മാത്രം മുൻപ് കരുത്തരായ ഓസീസ് ബൌളിംഗ് പടയ്ക്കെതിരെ ലോകക്രിക്കറ്റ് ചരിത്രത്തിലെ എറ്റവും വലിയ വിജയകരമായ റൺചേസിന്റെ റെക്കോർഡു സൃഷ്‌ടിച്ച അതേ ബാറ്റിംഗ് നിരയെ അതേ മൈതാനത്തുവെച്ചുതന്നെ ചുട്ടെരിക്കുവാൻ പോന്ന ചൂടും കൃത്യതയും അയാളുടെ പന്തുകൾക്കുണ്ടായിരുന്നു. ആ പരമ്പരയിലുടനീളം ശ്രീയുടെ പന്തുകൾ ഓരോ ഇന്ത്യൻ ആരാധകനും വശ്യമായൊരു കാഴ്ചയായിരുന്നു. ഫ്രണ്ട് ഫൂട്ടിലേക്കു വരുന്നതിനെപ്പറ്റി ചിന്തിക്കുന്നതിനുമുന്നേ ബാറ്റസ്മാന്റെ പ്രതിരോധത്തെ പിളർത്തി കടന്നുപോകുന്ന അഗ്നിഗോളങ്ങൾ. സ്മിത്തും അംലയും കാലിസും ബൗച്ചറും പൊള്ളോക്കുമടങ്ങുന്ന പ്രൊട്ടീസ് ബാറ്റിങ്ങിന്റെ കാതലിനെയാണ് അന്നാ അഗ്നി വിഴുങ്ങിയത്. വെറും എൺപത്തിനാലു റണ്ണുകളിൽ അവരുടെ ഒന്നാമിന്നിങ്‌സ് അവസാനിക്കുമ്പോൾ കമന്ററി ബോക്സിലെ ചർച്ചകളെല്ലാം ശ്രീയിലേക്കു മാത്രമായി ചുരുങ്ങുകയായിരുന്നു. വിദേശത്തു മത്സരങ്ങൾ ഒറ്റയ്ക്കു വിജയിപ്പിക്കാൻ പോന്നൊരു പേസ് ബൗളറെത്തേടിയുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ യാത്ര ശ്രീയിൽ അവസാനിക്കുന്നുവെന്നു പ്രേക്ഷകരെക്കൊണ്ട് ഒരേശബ്‌ദത്തിൽ പറയിച്ചൊരു പ്രകടനമായിരുന്നു അത്.
കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡിന്റെ കംഫർട് സോണിൽ നിന്നുകൊണ്ടാണ് ഇന്ത്യ രണ്ടാമിന്നിംഗ്സ് ആരംഭിച്ചതെങ്കിലും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ എഴുതിത്തള്ളാൻ സാധിക്കുമായിരുന്നില്ല. ഡെയിൽ സ്റ്റെയിനിന്റെ പിൻവാങ്ങൽ പ്രതികൂലമായി ബാധിച്ചിട്ടും അവർ വീറോടെ പൊരുതി. ടീം സ്കോർ അറുപതു കടക്കുമ്പോഴേക്കും ഇന്ത്യയുടെ നാലു മുൻനിര വിക്കെറ്റുകൾ വീണുകഴിഞ്ഞിരുന്നു. പക്ഷേ ഇന്ത്യയുടെ ക്രൈസിസ് മാൻ ബാക്കിയുണ്ടായിരുന്നു. മുൻനിര വിക്കറ്റുകൾ സൃഷ്ടിച്ച മുറിവുകളോരോന്നായി വി.വി.എസ് ലക്ഷ്മണെന്ന ഹൈദരാബാദുകാരൻ ഡോക്ടർ വിജയകരമായി തുന്നിച്ചേർത്തതോടെ ഇന്ത്യൻ ഇന്നിങ്സിനു പുതുജീവൻ ലഭിച്ചു. അഞ്ചാം വിക്കറ്റിൽ ഗാംഗുലിക്കൊപ്പവും എട്ടാം വിക്കറ്റിൽ സഹീർ ഖാനൊപ്പവും അയാൾ കൂട്ടിച്ചേർത്ത അർദ്ധസെഞ്ച്വറികൾ ഇന്ത്യൻ ടോട്ടൽ ഇരുനൂറു കടത്തി. ഒടുവിൽ 236 റണ്ണുകളിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ അതിലെ എഴുപത്തിമൂന്നു റണ്ണുകളും ലക്ഷ്മണിന്റെ സംഭാവനയായിരുന്നു.
മൂന്നു ദിവസങ്ങൾക്കുമുൻപാ മത്സരത്തിലെ ടോസിനായിറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രയീം സ്മിത്തിന്റെ ഏറ്റവും വികലമായ ചിന്തകളിൽപോലും അത്തരമൊരു വിജയലക്ഷ്യം കടന്നുവന്നിരിക്കില്ല. 402 റണ്ണുകളെന്ന നാലാമിന്നിങ്‌സ് ലക്ഷ്യം ലോകത്തെ ഏതു മികച്ച ബാറ്റിംഗ് നിരയ്ക്കും ഏറെക്കുറെ അപ്രാപ്യമായിരുന്നു. ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ വിശ്വസ്‌നായ ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സിനെ അക്കൗണ്ട് തുറക്കുന്നതിനു മുന്നേതന്നെ സ്ലിപ്പിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ കൈകളിലെത്തിച്ചു സഹീർ ഖാനാണ് ആദ്യ വെടി പൊട്ടിച്ചത്. പിന്നീടായിരുന്നു ശ്രീയുടെ രണ്ടാം സംഹാരതാണ്ഡവം. സ്മിത്തും കാലിസും അംലയുമടങ്ങുന്ന പ്രോറ്റീസ് മുൻനിര അയാളുടെ വേഗതയ്ക്കുമുന്നിൽ ഒരിക്കൽകൂടി അടിയറവു പറഞ്ഞു. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. തൊണ്ണൂറ്റിയേഴു റണ്ണുകൾ നേടിയ അഷ്‌വെൽ പ്രിൻസ് പൊരുതിനോക്കിയെങ്കിലും അനിവാര്യമായ പരാജയത്തെ അല്പം വൈകിപ്പിക്കാൻ മാത്രമേ ആ പോരാട്ടത്തിനു സാധിച്ചുള്ളൂ. സഹീർഖാനെറിഞ്ഞ എൺപത്തിയേഴാം ഓവറിലെ അഞ്ചാം പന്തിലാണാ ചരിത്രം പിറന്നത്. മഖായ എന്റിനിയുടെ ബാറ്റിൽനിന്നുമുയർന്ന പന്ത് വീരേന്ദർ സെവാഗിന്റെ കൈകളിൽ വിശ്രമിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിൽ നിന്നും നൂറ്റിയിരുപത്തിമൂന്നു റണ്ണുകൾ അകലെയായിരുന്നു. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഇന്ത്യൻ ടെസ്റ്റ് വിജയം. ഇന്ത്യൻ ക്രിക്കറ്റ് കാലങ്ങളായി അനുഭവിക്കുന്ന പരിഹാസങ്ങൾക്ക് ഒരു ചെറിയ ഇടവേള.
അടുത്ത രണ്ടു ടെസ്റ്റുകളും വിജയിച്ചു ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയതോടെ ഒരേയൊരു ടി ട്വൻറി മത്സരത്തിലെ വിജയവും ജോഹന്നാസ്ബർഗിൽ പിറന്ന ചരിത്രവുമൊഴിച്ചുനിർത്തിയാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ പര്യടനവും മറ്റൊരു ദുരന്തമായി മാറി. എങ്കിലും ആരാധകരുടെ മനസ്സിൽ സന്തോഷത്തിന്റെ ചില നിമിഷങ്ങൾ സൃഷ്ടിക്കാൻ ജോഹന്നാസ്ബെർഗിലെ ഇന്ത്യൻ വിജയത്തിനു സാധിച്ചിരുന്നു. അതിനുമപ്പുറം ഒരിന്ത്യൻ ഫാസ്റ്റ് ബൗളറുടെ വേഗത്തിനുമുന്നിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയ്ക്കു മറുപടി നഷ്ടമായ നിമിഷങ്ങൾ, അവയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നുമാ അധ്യായത്തിന്റെ മാറ്റു കുറയാതെ സൂക്ഷിക്കുന്നത്.
Syam…