Cricket cricket worldcup Cricket-International Epic matches and incidents Top News

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട ക്വാച്ച്

June 1, 2020

author:

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട ക്വാച്ച്

ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമായി ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ പടർത്തിയത് 1983 ലെ ലോകകപ്പ് വിജയമാണെന്ന് നിസ്സംശയം പറയാം. ക്യാപ്റ്റൻ കപിലും സുനിൽ ഗാവസ്ക്കറുമടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാർ നട്ടുവളർത്തിയ വടവൃക്ഷത്തിൽ പല കാലങ്ങളിൽ പൂത്ത മധുരമേറിയ പഴങ്ങളാണ് T20 ലോകകപ്പ്, 2011 ലോകകപ്പ്, ‘ചാമ്പ്യൻസ് ട്രോഫികൾ, ടെസ്റ്റിലെ അപ്രമാദിത്തം തുടങ്ങി BCCl ഷോക്കേയ്സിലെ അസംഖ്യം ട്രോഫികൾ. സചിനും ഗാംഗുലിയും കുംബ്ലെയും തൊട്ട് ധോണി, കോലി വരെ ഉള്ളവർ ആവട്ടെ, ആ വൻ വൃക്ഷത്തിലെ എന്നും കായ്ക്കുന്ന ശിഖരങ്ങളും

#ക്യാച്ച് – ഈയൊരു വാക്ക് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത്, കേട്ടുകേൾവി മാത്രമുള്ള, ഹൈലൈറ്റ് മാത്രം കണ്ടിട്ടുള്ള ഒരു മത്സരത്തിലെ രണ്ടു ക്യാച്ചുകളാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാച്ചുകൾ. രണ്ടു തവണയും രണ്ട് വെസ്റ്റിൻന്ത്യൻ ലെജന്റ്സിന്റെ ബാറ്റിൽ നിന്ന് ഉയർന്ന് പൊങ്ങിയ ക്രിക്കറ്റ്ബാൾ സുരക്ഷിതമായി വിശ്രമിച്ചത് ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായ കപിൽദേവിന്റെ കൈകളിൽ.

#1983_ലോകകപ്പ് മത്സരത്തിന്റെ ഫൈനലിൽ വെസ്റ്റിൻഡീസിന് മുന്നിൽ 60 ഓവറിൽ 184 എന്ന തുച്ഛമായ ടാർഗറ്റ് നൽകി ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. ബൽവീന്ദർ സന്ധുവിന്റെ ഒരു ഇൻസ്വിങ്ങർ ലീവ് ചെയ്ത ഗ്രീനിഡ്ജിന്റെ ഓഫ് സ്റ്റംപ് തെറിക്കുകയും പുറകെ ഹെയ്ൻസിനെ മദൻലാൽ പുറത്താക്കുകയും ചെയ്തതോടെ ഒരല്പം പ്രതിരോധത്തിലായ വിൻഡീസിനെ, ലോകത്തെ ഏറ്റവും നല്ല ബാറ്റ്സ്മാൻ എന്ന വിളിപ്പേരുള്ള ഐസക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ് ക്ഷണ വേഗത്തിൽ കരകയറ്റി. വെറും 28 പന്തിൽ നിന്ന് 33 റൺസ് നേടിയ റിച്ചാർഡ്സ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിനെ സാക്ഷിയാക്കി വിൻഡീസിന് ഹാട്രിക്ക് ലോകകപ്പ് നേടിക്കൊടുക്കാനുള്ള ഉൽസാഹത്തിലായിരുന്നു.

സ്കോർ 57/2. മദൻലാലിന്റെ ഷോർട്ട് പിച്ച് ബാൾ ഹൂക്ക് ചെയ്ത് സിക്സർ നേടാൻ ശ്രമിച്ച റിച്ചാർഡ്സിന്റെ ടൈമിങ് പിഴച്ചു. പന്ത് ഉയർന്ന് പൊങ്ങി. ഷോർട്ട് മിഡ് വിക്കറ്റിനും മിഡ് ഓണിനുമിടയിൽ ഫീൽഡ് ചെയ്ത #കപിൽ അസാമാന്യ വേഗത്തിൽ വാരകൾ പുറകിലേക്കോടി മിഡ് വിക്കറ്റിൽ സുരക്ഷിതമായി ആ പന്തിനെ കയ്യിലൊതുക്കി. അവിശ്വസനീയമായ ആ രംഗത്തിന് സാക്ഷിയായ കാണികൾ വേലിക്കെട്ടില്ലാത്ത ആ ഗ്രൗണ്ടിലേക്ക് ഇറങ്ങി കപില് നെ പൊതിയുന്നത് ഇന്നും കുളിരുള്ള ഒരു കാഴ്ചയാണ്.

തുടർന്ന് 66/3 എന്ന നിലയിൽ എത്തിയ വിൻഡീസിന് അടുത്ത പ്രഹരവും നൽകിയത് #കപിൽ തന്നെ . നിലയുറപ്പിച്ച ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിനെ ഷോർട് മിഡ് വിക്കറ്റിൽ പിടികൂടിയ ആ നിമിഷത്തെ ഇംഗ്ലീഷ് ടാബ്ലോയ്ഡുകൾ വിശേഷിപ്പിച്ചത് ” വേവിച്ച ഉരുളക്കിഴങ്ങ് കയ്യിലെടുത്ത പോലെ ” എന്നാണ്. ശേഷം നടന്നത് ചരിത്രം…. ഇന്ത്യൻ കായിക രംഗത്തിന്റെ തന്നെ മുഖം മാറ്റിയ ചരിത്രം.

Suresh Varieth

Leave a comment