ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോർ
ഇപ്പോൾ ഔട്ടാകുമെന്ന് തോന്നിച്ച അവസാന വിക്കറ്റ് ജോഡി, ഹേസ്റ്റിങ്സും കോളിൻജേയും ചേർന്ന് 1973 ൽ പാക്കിസ്ഥാനെതിരെ 151 റൺസിന്റെ പത്താം വിക്കറ്റ് പാർട്ണർഷിപ്പ് കെട്ടിപ്പൊക്കിയതും ( 40 വർഷം അഭേദ്യമായി നിന്ന റെക്കോർഡ്) , ലോക ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്തായതും ഒരേ ടീം തന്നെയാണെന്നത് ഒരു പക്ഷേ പുതുതലമുറക്ക് അതിശയോക്തി നിറഞ്ഞ ഒരു പഴങ്കഥയാവാം. അതേ, രണ്ടിലും കഥാ നായകൻ നമ്മുടെ സ്വന്തം ബ്ലാക്ക് കാപ്സ് , കിവികൾ തന്നെ…
1955 മാർച്ച് 25ന് ഓക്‌ലാൻഡിൽ തുടങ്ങിയ രണ്ടാം ടെസ്റ്റിലാണ് സന്ദർശകരായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ൽ ആതിഥേയർക്ക് നാണക്കേടിന്റെ ലോക റെക്കോർഡ് സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ 200 റൺസിന് ന്യൂസിലന്റ് ഓൾ ഔട്ടായപ്പോൾ, ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 246 ന് അവസാനിച്ചു.
46 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കിവീസ് പക്ഷേ 27 ഓവറിൽ വെറും 26 റൺസിന് ഓൾ ഔട്ടായി ഇംഗ്ലണ്ടിന് ഇന്നിംഗ്സിന്റെയും 20 റൺസിന്റെയും വിജയം സമ്മാനിച്ചു. ഒന്നാം ഇന്നിംഗ്സിലെ അർദ്ധ സെഞ്ചുറിക്കാരൻ റീഡിനോ വിഖ്യാതനായ ഓപ്പണർ ബെർട്ട് സട്ക്ലിഫിന്നോ പോലും അവരേ ഈ നാണക്കേടിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. വാർഡി, ടൈസൻ , സ്റ്റാഥാം, ആപ്പിൾയാർഡ് എന്നിവർ കിവി വിക്കറ്റുകൾ പങ്കിട്ടെടുത്തു.
ഇന്നും തകർക്കപ്പെടാത്ത, ഒരു പക്ഷേ ഇനി തകരാൻ സാധ്യതയില്ലാത്ത ഈ നാണക്കേടിന്റെ റെക്കോർഡ് രക്ഷിച്ചത് പക്ഷേ ദക്ഷിണാഫ്രിക്കയെയാണ്. 1896 ൽ ഇംഗ്ലണ്ടിനെതിരെ പോർട്ട് എലിസബത്തിൽ അവർ ടെസ്റ്റിലെ നാലാം ഇന്നിംഗ്സിൽ രേഖപ്പെടുത്തിയ 30 റൺസ് ആണ് ന്യൂസിലാന്റ് തിരുത്തിയത്.