ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവുകളിലൊന്നിന്റെ കഥ!!.
അവിശ്വസനീയതയുടെ കഥകൾ ഒരുപാടു പറയാനുണ്ട് ക്രിക്കറ്റിന്. ഒരു മത്സരത്തിൽ പത്തൊൻപതു വിക്കറ്റുകൾ വീഴ്ത്തിയ ജിം ലേക്കർ, ലോകത്തിലെ ഓരോ ബാറ്റ്സ്മാനും ഇന്നും ഒരു ബെഞ്ച്മാർക്കായി പിൻതുടരുന്ന സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി, ആന്റിഗ്വ റീക്രിയേഷൻ ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ ബ്രയാൻ ലാറയെന്ന ഇടംകൈയൻ അടിച്ചുകൂട്ടിയ നാനൂറു റണ്ണുകൾ, മുത്തയ്യ മുരളീധരൻ പിച്ചിൽനിന്നും കൊയ്തുകൂട്ടിയ വിക്കറ്റുകളുടെ കഥകൾ, അങ്ങിനെ സത്യമാണെന്നു വിശ്വസിക്കാൻ റെക്കോർഡുപുസ്തകത്തിൽ ഒന്നിലേറെ തവണ കണ്ണോടിക്കേണ്ടിവരുന്ന ഒരുപാടു വരികൾ. പക്ഷേ അവയെക്കാൾ അവിശ്വസനീയമായ ചില പ്രകടനങ്ങളുണ്ട്, കളിയുടെ ഗതിതന്നെ മാറ്റിമറിച്ചിട്ടുള്ള ചില പോരാട്ടങ്ങൾ. ഒന്നോ രണ്ടോ ഓവറുകളിലെ തീപ്പൊരി പ്രകടനങ്ങൾ മുതൽ ദിവസങ്ങൾ ക്ഷമയോടെ കാത്തിരുന്നു പിടിച്ചെടുത്ത വിജയങ്ങൾ വരെ അനേകം ഉദാഹരണങ്ങൾ.
അത്തരം കഥകളുടെ കെട്ടഴിക്കുമ്പോൾ ഓരോ ഇന്ത്യൻ ആരാധകനും ആദ്യം പറയുക ക്രിക്കറ്റിന്റെ ഏദൻ തോട്ടത്തിൽവെച്ചു ദ്രാവിഡും ലക്ഷ്മണും ചേർന്നു കങ്കാരുക്കളുടെ ചുണ്ടുകൾക്കിടയിൽനിന്നും തട്ടിയെടുത്ത ഇരട്ടിമധുരം കിനിയുന്ന വിജയത്തിന്റെ കഥയാകും. ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവുകളിലൊന്നിന്റെ കഥ!!.
മനസ്സിൽ ചില വിലയിരുത്തലുകൾ നടത്താറുണ്ട്. മത്സരങ്ങളെ നിഷ്പക്ഷമായി വീക്ഷിക്കാനുള്ള ചില ശ്രമങ്ങൾ. ഇരുപക്ഷത്തെയും ആരാധകർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ ഭാവനയിൽ പുനഃസൃഷ്ടിച്ചുകൊണ്ടുള്ള അത്തരം വിലയിരുത്തലുകളിലൂടെ കൊൽക്കൊത്ത ടെസ്റ്റ് കടന്നുപോകുമ്പോൾ തീർച്ചയായും ഒരു ഓസീസ് ആരാധകനെന്ന നിലയിൽ ഞാൻ ആദ്യമായി നിരത്തുന്ന വാദം സാഹചര്യങ്ങൾ പലതും ഇന്ത്യക്കനുകൂലാണെന്നതാകും. ഒന്നാം ഇന്നിങ്സിലെ ഭാരിച്ച കടവും ഫോളോ ഓൺ സൃഷ്‌ടിച്ച മാനസിക സമ്മർദ്ദവും ഞാൻ സൗകര്യപൂർവം മറക്കും. തുടർവിജയങ്ങളുടെ ലോകറെക്കോർഡു ലക്ഷ്യമിട്ട് ഇന്ത്യൻ മണ്ണിലെത്തിയ അവരുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ രണ്ടുപേർ ചേർന്നു കശക്കിയെറിഞ്ഞെന്ന സത്യം എന്നിലെ ആസ്ട്രേലിയൻ ആരാധകനെ സംബന്ധിച്ചിടത്തോളം ദഹിക്കാൻ പ്രയാസകരമാണ്. ആ വിജയത്തിന്റെ തിളക്കം കുറയ്ക്കുവാനായി ഞാൻ പുറത്തെടുക്കുന്ന ആയുധങ്ങളിൽ ഏറ്റവും മൂർച്ചയേറിയതാകും ഇന്ത്യൻ സാഹചര്യങ്ങൾ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും ബാറ്റിങ്ങിനെ അനുകൂലമായി സ്വാധീനിച്ചുവെന്ന വിലയിരുത്തൽ.
വർഷങ്ങൾക്കിപ്പുറവും മനസ്സിൽ അത്തരമൊരു വാഗ്വാദം അരങ്ങേറുമ്പോൾ എന്നിലെ ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയക്കാരനെ അവന്റെ മണ്ണിലേക്കു ക്ഷണിക്കും. അവന്റെ ഓർമകളെ രണ്ടു വർഷംകൂടി മുന്നിലേക്കു കൊണ്ടുപോകും. കങ്കാരുക്കളുടെ സ്വന്തം അഡിലെയ്ഡിലേക്ക്, രണ്ടായിരത്തിമൂന്നിലേക്ക്. കാരണം അവിടെയാണ് അവന്റെ ആയുധങ്ങളെ എനിക്കുവേണ്ടി രാഹുൽ ശരത് ദ്രാവിഡും വെങ്കട്ട് സായി ലക്ഷ്മണും ചേർന്നു പ്രതിരോധിക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്നത് നൂറ്റാണ്ടിൽ ഒരുദിവസം സംഭവിക്കുന്ന വെറുമൊരു അദ്‌ഭുതമല്ലെന്ന് അവർ തെളിയിക്കുന്നതും അവിടെവെച്ചാണ്. സ്റ്റീവ് വോയുടെ ക്രിക്കറ്റിങ് ബ്രയിനിലെ ആത്മവിശ്വാസത്തെ ക്രീസിലെ കലാകാരനും ഭിഷഗ്വരനും ചേർന്നു വീണ്ടുമൊരിക്കൽക്കൂടി ശസ്ത്രക്രിയചെയ്തു പുറത്തെടുത്ത ആ ദിനങ്ങളിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ എന്നിലെ ഓസീസ് ആരാധകൻ തീർത്തും നിശബ്ദനായിരിക്കും.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനായി അഡിലെയ്ഡ് ഒരുങ്ങിക്കഴിഞ്ഞു. അവിടത്തെ ഓരോ നിമിഷവും ഇന്നും വ്യക്തതയോടെ മനസ്സിലുണ്ട്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് നേടിയ അഞ്ഞൂറ്റിയൻപത്തിയാറു റണ്ണുകൾ, റിക്കി പോണ്ടിങ്ങും ജസ്റ്റിൻ ലാങ്ങറും, സൈമൺ കാറ്റിച്ചുമൊക്കെചേർന്ന് ഇന്ത്യൻ ബൗളർമാരെ സ്കൂൾ കുട്ടികളെയെന്നവണ്ണം തലങ്ങും വിലങ്ങും പായിച്ചത്. കൂട്ടത്തിൽ പോണ്ടിങ്ങായിരുന്നു ഏറ്റവും ക്രൂരതയോടെ ബാറ്റുവീശിയത്. ഇരട്ടസെഞ്ചുറി പൂർത്തിയാക്കി എട്ടാമനായി പോണ്ടിങ് പുറത്തായശേഷം ഒരുറൺ പോലും സ്കോർബോർഡിൽ കൂട്ടിക്കിച്ചേർക്കാൻ കങ്കാരുക്കൾക്കു സാധിച്ചില്ല. പക്ഷെ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഒന്നുകിൽ വിരസമായ സമനില, അതല്ലെങ്കിൽ ഒരു ഓസ്ട്രേലിയൻ വിജയം എന്നതിലേക്കു കളിയുടെ സമവാക്യം ചുരുങ്ങിത്തുടങ്ങിയിരുന്നു.
ഇന്ത്യയുടെ മറുപടിയും മോശമായിരുന്നില്ല. സെവാഗിനൊപ്പം ഭേദപ്പെട്ട തുടക്കം നൽകിയ ശേഷമാണ് ഓപണർ ആകാശ് ചോപ്ര പവലിയനിലേക്കു മടങ്ങിയത്. ഒരു സമനിലയിലേക്കു പോകുന്നെന്നു തോന്നിയ മത്സരത്തിൽ പക്ഷെ വഴിത്തിരിവുകൾ സംഭവിക്കാൻ തുടങ്ങിയത് പെട്ടന്നാണ്. സ്കോർ ബോർഡിൽ വെറും നാലു റണ്ണുകൾ മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ സെവാഗും, സച്ചിനും ഗാംഗുലിയും പുറത്തായതോടെ നാലു വിക്കറ്റ് നഷ്ടത്തിൽ എൺപത്തിയഞ്ചു റണ്ണുകൾ എന്ന നിലയിലേക്ക് ഇന്ത്യൻ ടോട്ടൽ കൂപ്പുകുത്തി.
രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നുവെങ്കിൽ സ്റ്റീവും സംഘവും മത്സരം തങ്ങൾ ജയിച്ചതായി കരുതി ആഘോഷങ്ങൾ തുടങ്ങിയേനെ. പക്ഷേ ഇന്നു സ്ഥിതി വ്യത്യസ്തമാണ്. ക്രീസിൽ നിൽക്കുന്ന ദ്രാവിഡിനെക്കാൾ അവർ ഭയന്നത് ആറാമനായി ക്രീസിലേക്കു നടന്നടുക്കുന്ന വി. വി. എസ് ലക്ഷ്മണെന്ന മനുഷ്യനെയായിരുന്നു. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് സ്റ്റീവിനു പൂർണ ബോധ്യമുണ്ടായിരുന്നു. ക്രീസിൽ സമയം ചെലവഴിക്കുന്നതിൽ ഒരേപോലെ ആനന്ദം കണ്ടെത്തിയിരുന്ന രണ്ടു ബാറ്റ്സ്മാൻമാർ, ബൗളർമാരുടെ ക്ഷമയെ ആവോളം പരീക്ഷിച്ചു ഒടുവിൽ അവരുടെ നിരാശയെ റണ്ണുകളാക്കി മാറ്റുവാൻ പ്രത്യേക കഴിവുസിദ്ധിച്ച രണ്ടുപേർ. അവരെ എത്രയും വേഗം പുറത്താക്കുവാൻ കഴിഞ്ഞില്ലെങ്കിൽ മത്സരം കൈവിട്ടുപോകുമെന്ന് ഓസീസ് ക്യാപ്റ്റൻ കരുതിയിരിക്കും. അതു തന്നെയായിരുന്നു പിന്നീടു സംഭവിച്ചതും !!.
തന്റെ പ്രിയ പങ്കാളിയുടെ ക്രീസിലേക്കുള്ള വരവ് ദ്രാവിഡ് ആഘോഷിച്ചതുതന്നെ ഗില്ലസ്പിയുടെ ഒരു ഫുൾ ലെങ്ത് ഡെലിവറിയെ കവറിലൂടെ ബൗണ്ടറിയിലേക്കു പായിച്ചുകൊണ്ടായിരുന്നു. ഇരുവരും പിന്നീടങ്ങോട്ടു തുടർന്നതും അതേ ആഘോഷമായിരുന്നു. തങ്ങൾക്കുമേൽ സൃഷ്ടിക്കപ്പെട്ട സമ്മർദ്ദത്തെ പൂർണമായും ആസ്വദിച്ചുകൊണ്ട് അവർ ക്രീസിൽ തുടർന്നു. അവർ നേടിയ ബൗണ്ടറികൾക്കിടയിൽ ദൂരം ഏറെയുണ്ടായിരുന്നു. പലപ്പോഴും പന്തുകൾ അവരുടെ തലയ്ക്കരികിലൂടെ മൂളിപ്പറന്നു വിക്കെറ്റ് കീപ്പറുടെ കൈകളിൽ വിശ്രമിച്ചു. പക്ഷെ ഇരുവരും പതറിയില്ല. ഒട്ടും തന്നെ ധൃതിയില്ലാതെ അവർ തങ്ങളുടെ പ്രതിരോധം ഉറപ്പിക്കുകയായിരുന്നു. ക്ഷമയെന്ന വാക്കിന് ടെസ്റ്റ് ക്രിക്കറ്റിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വീണ്ടുമൊരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു ഇരുവരും. അവരുടെ ക്ഷമയെയായിരുന്നു ഓസീസ് ബൗളർമാർ ഏറ്റവുമധികം ഭയന്നതും. രണ്ടാം ദിവസം കളിയവസാനിക്കുമ്പോൾതന്നെ അടുത്ത ദിവസം അവരെ കാത്തിരിക്കുന്നതെന്താണെന്നുള്ളതിന്റെ മുന്നറിയിപ്പ് ദ്രാവിഡും ലക്ഷ്മണും ചേർന്നു ഓസ്ട്രേലിയൻ ബൗളർമാർക്ക് നൽകിക്കഴിഞ്ഞിരുന്നു.
ഒരു ടെസ്റ്റിന്റെ രണ്ടും മൂന്നും ദിവസങ്ങളാണ് ബാറ്റിങ്ങിന് ഏറ്റവും അനുയോജ്യമെന്നൊരു ചൊല്ലുണ്ട്. പിച്ചിലെ ഭൂതങ്ങൾ അപ്രത്യക്ഷമാകുന്ന ദിനങ്ങൾ. അതിനൊപ്പം പാറയേക്കാൾ ഉറച്ച പ്രതിരോധവുമായി തങ്ങളെ കാത്തിരിക്കുന്ന രണ്ടു ബാറ്റ്സ്മാൻമാർ കൂടിയായതോടെ ഓസീസ് ബൌളിംഗ് നിര വിയർക്കാൻ തുടങ്ങി. ഗില്ലസ്പിയും, ബിക്കലും, മക്ഗിലും, ബ്രാഡ് വില്യംസുമടങ്ങുന്ന ബൌളിംഗ് യൂണിറ്റിന്റെ ശക്തി ക്ഷയിച്ചതുപോലെതോന്നി. പന്തുകളുടെ മൂർച്ച കുറഞ്ഞു. ദ്രാവിഡും ലക്ഷ്മണും പതിയെ അവരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. മനോഹരമായ കവർ ഡ്രൈവുകൾ, ഫ്ലിക്കുകൾ. ഇടയ്ക്കു ലക്ഷ്മൺ നൽകിയ അവസരം സ്ലിപ്പിൽ പോണ്ടിങ് പാഴാക്കിയതും അവർക്കു തിരിച്ചടിയായി. ജേസൺ ഗില്ലസ്പിയുടെ ഷോർട് ബോളിനെ പുൾ ചെയ്തു ഗാലറിയിലേക്കുപായിച്ചാണ് ഇന്ത്യയുടെ വന്മതിൽ മൂന്നക്കം കടന്നത്. അധികം വൈകാതെതന്നെ ലക്ഷ്മണും നാഴികക്കല്ലു പിന്നിട്ടു. ദ്രാവിഡിന്റെ വ്യക്തിഗതസ്കോർ 150 പിന്നിടുമ്പോഴേക്കും ഇന്ത്യ ഫോളോ ഓൺ ഭീഷണി മറികടന്നിരുന്നു.
മികച്ച ഫോമിൽ നിൽക്കുന്ന രണ്ടു ടെസ്റ്റ് ബാറ്റ്സ്മാൻന്മാർക്കെതിരെ പന്തെറിയുകയെന്നത് എത്രമാത്രം ഭീകരമായ അവസ്ഥയാണെന്ന് ഓരോ ഓസീസ് ബൗളറും മനസ്സിലാക്കുകയായിരുന്നു. ബിക്കലിന്റെ പന്തിൽ ഗിൽക്രിസ്റ്റിനു ക്യാച്ച് നൽകി ലക്ഷ്മൺ പുറത്താകുമ്പോഴേക്കും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരുംചേർന്നു 303 റണ്ണുകൾ കൂട്ടിച്ചേർത്തിരുന്നു.
പക്ഷേ ദ്രാവിഡ് ബാക്കിയുണ്ടായിരുന്നു. ഓരോ വിക്കറ്റിലും നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തി അയാൾ ഇന്ത്യയെ സുരക്ഷിതതീരത്തേക്ക് നയിച്ചു. ഒടുവിൽ 233 റണ്ണുകളുമായി അവസാന വിക്കറ്റിന്റെ രൂപത്തിൽ അയാൾ പവലിയനിലേക്കു നടക്കുമ്പോൾ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്കോറിന് വെറും മുപ്പത്തിമൂന്നു റണ്ണുകൾ മാത്രം അകലെയായിരുന്നു ഇന്ത്യയുടെ മറുപടി. അതൊരു പ്രതീക്ഷയായിരുന്നു. പരാജയം ഇന്ത്യൻ തീരത്തുനിന്നും അകലുന്നുവെന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് അജിത് ബാലചന്ദ്ര അഗാർക്കറുടെ പന്തുകൾക്കു തീ പിടിപ്പിച്ചത്. ആ തീയിൽ പേരുകേട്ട ഓസീസ് മുൻനിര വെന്തുരുകിയതോടെ അവരുടെ രണ്ടാമിന്നിംഗ്സ് വെറും 196 റണ്ണുകളിൽ അവസാനിച്ചു. ആറു വിക്കറ്റുകൾ നേടിയ അഗാർക്കർ തന്നെയായിരുന്നു ഇന്ത്യൻ ബൌളിംഗ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചതും.
ഇരുനൂറ്റി ഇരുപത്തിയൊൻപതു റണ്ണുകളുടെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ വീണ്ടും സംരക്ഷിച്ചുനിർത്തിയതും അയാളായിരുന്നു. സെവാഗിനും സച്ചിനും ഗാംഗുലിക്കും ലക്ഷ്മണുമൊപ്പം ചെറുതെങ്കിലും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ച ദ്രാവിഡ് വിജയമെന്ന സുരക്ഷിതതീരം പുൽകുന്നതുവരെയും ക്രീസിൽ കീഴടങ്ങാതെനിന്നു. ഇരുപത്തിരണ്ടു വാരയുടെ ഒരറ്റത്തു തകരാത്തൊരു വൻമതിൽ തീർത്തുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു, 2001ൽ കൊൽകൊത്തയിൽ സംഭവിച്ചത് ഒരദ്‌ഭുതമായിരുന്നില്ലെന്ന്. കാണികളുടെ അഭിവാദ്യമേറ്റുവാങ്ങിക്കൊണ്ട് അയാൾ പവലിയനിലേക്കു നടക്കുമ്പോൾ എന്നിലെ ഓസീസ് ആരാധകനും ഇന്ത്യൻ ആരാധകനും ഒരുപോലെ നിശ്ശബ്ദരായിരുന്നു
നിശ്ചയദാർഢ്യമെന്ന വാക്കിന്റെ ഏറ്റവും അനുയോജ്യമായ ഉദാഹരണത്തെ നിറഞ്ഞ കണ്ണുകളോടെ നിശബ്ദമായി ആശ്ലേഷിക്കുകയായിരുന്നു ഞങ്ങളിരുവരും.
Syam…