Cricket Cricket-International Stories Top News

DICKIE_BIRD…. അമ്പയറിങ്ങിലെ ആദ്യ സൂപ്പർ സ്റ്റാർ

May 4, 2020

author:

DICKIE_BIRD…. അമ്പയറിങ്ങിലെ ആദ്യ സൂപ്പർ സ്റ്റാർ

പല വിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ക്രിക്കറ്റ് ഫീൽഡിൽ ഒരു പക്ഷേ അന്ധ വിശ്വാസം കാരണം ഇഷ്ട ഭക്ഷണം ഉപേക്ഷിച്ച ഒരാളുണ്ട്. 1987 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ (ഓസീസ് X പാക്കിസ്ഥാൻ) നിയന്ത്രിച്ച ഡിക്കി ബേർഡ് ആണ് ആ വിചിത്രമായ സംഗതിക്കുടമ… ആ ദിവസങ്ങളിലൊന്നിൽ ബോംബെയിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകിയ വിരുന്നിൽ ഇന്ത്യാ- ഇംഗ്ലീഷ് കളിക്കാർക്കൊപ്പം ഡിക്കിയും പങ്കെടുത്തിരുന്നു. വിരുന്നിൽ മത്സ്യ വിഭവങ്ങൾ ധാരാളം കഴിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റനും മധ്യ നിരയിലെ വിശ്വസ്ഥ ബാറ്റ്സ്മാനുമായ ദിലീപ് വെംഗ്സർക്കർക്ക് വയറിന് അസുഖം പിടിച്ചു തൊട്ടടുത്ത ദിവസത്തെ ഇംഗ്ലണ്ട്- ഇന്ത്യ സെമി ഫൈനൽ നഷ്ടമാവുന്നു. ഇന്ത്യ മത്സരം തോൽക്കുന്നു. അൽപ്പം അന്ധ വിശ്വാസിയായ ഡിക്കിയും തൻ്റെ ഇഷ്ട ഭക്ഷണമായ മത്സ്യം ഇതോടെ ഉപേക്ഷിച്ചത്രെ 😃😃

ഹരോൾഡ് ഡെന്നിസ് ‘ഡിക്കി’ ബേർഡ്‌ – ക്രിക്കറ്റ് അമ്പയറിങിലെ ആദ്യത്തെ സൂപ്പർ താരം… ക്രിക്കറ്റ് കളിക്കാരും ഇതര ഒഫീഷ്യലുകളും ഒരു പോലെ ആദരവ് നൽകിയ അമ്പയർ… 23 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ആദ്യ മൂന്ന് ഫൈനലുകൾ അടക്കം നാലു ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയറിങിലെ കാരണവർ…. 87 ആം വയസ്സിലും ക്രിക്കറ്റ് അനുബന്ധ പ്രവർത്തനങ്ങളിൽ സാന്നിധ്യം.


60 കളിൽ യോർക്ക് ഷയറിൻ്റെയും ലെയ്സസ്റ്റ്ർ ഷയറിൻ്റെയും കളിക്കാരനായിരുന്ന ഡിക്കിക്ക് 31ആം വയസ്സിൽ കാൽമുട്ടിനേറ്റ പരിക്ക് ദേശീയ ടീമിൽ ഇടം നേടുന്നതിന് വിഘാതമായി. പതിയെ അമ്പയറിങ്ങിലേക്ക് തിരിഞ്ഞ അദ്ദേഹം 1970 ൽ കൗണ്ടിയിലും മൂന്ന് വർഷം കഴിഞ്ഞ് ഇംഗ്ലണ്ട് X ന്യൂസിലാൻ്റ് ടെസ്റ്റോടെ അന്താരാഷ്ട്ര രംഗത്തും അരങ്ങേറ്റം കുറിച്ചു. ആദ്യ മൂന്ന് ലോകകപ്പിലും ഫൈനൽ മത്സരം നിയന്ത്രിച്ച അമ്പയർമാരിലൊരാളായ അദ്ദേഹം 1987 ൽ സെമി ഫൈനലും നിയന്ത്രിച്ചു.

അരങ്ങേറ്റ വർഷം തന്നെ വിചിത്രമായ ഒരു റെക്കോർഡും അദ്ദേഹത്തെ തേടി വന്നു. എഡ്ജ് ബാസ്റ്റനിൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ, വിൻഡീസ് താരങ്ങൾ മോശമായി പെരുമാറി എന്നാരോപിച്ച് സഹ അമ്പയർ ആർതർ ഫാഗ് തുടരാൻ വിസമ്മതിച്ചപ്പോൾ, സ്ക്വയർ ലെഗിൽ സബ്സ്റ്റിറ്റ്യൂട്ട് അമ്പയറെ നിർത്തി രണ്ട് ഓവർ ഇരു എൻഡിൽ നിന്നും കളി നിയന്ത്രിച്ചത് ഡിക്കി തന്നെയായിരുന്നു.

ക്രിക്കറ്റിൽ സാങ്കേതിക വിദ്യയുടെ അതിപ്രസരത്തെ എതിർത്തിരുന്ന അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റ് 1996 ൽ ലോർഡ്സിൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ളതായിരുന്നു. 69 ഏകദിനങ്ങൾ നിയന്ത്രിച്ച അദ്ദേഹത്തിൻ്റെ ഈ 66 ആമത് ടെസ്റ്റ് ഇന്ത്യൻ മുൻ ക്യാപ്റ്റൻമാരായ രാഹുൽ ദ്രാവിഡിൻ്റെയും സൗരവ് ഗാംഗുലിയുടെയും അരങ്ങേറ്റ ടെസ്റ്റ് കൂടി ആയിരുന്നു. വിടവാങ്ങലിന് കളിക്കാരുടെ ഗാർഡ് ഓഫ് ഓണറും ഗ്യാലറിയുടെ ആദരവും നേടിയ ആദ്യ അമ്പയർ കൂടിയാവും ഇദ്ദേഹം .

1998 ൽ ഫസ്റ്റ് ക്ലാസ് കരിയറിൽ നിന്ന് വിരമിച്ച ഡിക്കി തുടർന്ന് ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ സജീവമായി. 2014 ൽ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ക്ലബായ യോർക് ഷയർ അദ്ദേഹത്തെ ക്ലബ് പ്രസിഡൻറാക്കി ആദരിച്ചു. ക്രിക്കറ്റിനും സാമൂഹ്യ സേവനത്തിനുമുള്ള സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ Member of the order of the British Empire ( MBE – 1986), Officer of the order of the British Empire ( OBE- 2012) ബഹുമതികൾ അദ്ദേഹത്തെ തേടി വന്നു. കൂടാതെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2009 ൽ ജൻമനാടിനോടു ചേർന്ന ബാൺസ്ലിയിൽ അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ സ്ഥാപിച്ചു.

Suresh Varieth

Leave a comment