Cricket Cricket-International legends Stories Top News

800 ടെസ്റ്റ് വിക്കറ്റുകൾ, 534 ഏകദിന വിക്കറ്റുകൾ; സ്പിൻ മാന്ത്രികൻ മുരളീധരന് ജന്മദിനാശംസകൾ

April 17, 2020

author:

800 ടെസ്റ്റ് വിക്കറ്റുകൾ, 534 ഏകദിന വിക്കറ്റുകൾ; സ്പിൻ മാന്ത്രികൻ മുരളീധരന് ജന്മദിനാശംസകൾ

സ്പിൻ ബൗളിങ് എന്നത് എന്നും ഒരു കലയാണ്. സ്പിന്നറുടെ വിരലുകളിൽ നിന്ന് നീണ്ടു വരുന്ന കാണാച്ചരടിൽ ബാറ്റ്സ്മാനെ തളച്ചിടുന്ന, പലപ്പോഴും ആ മാന്ത്രിക വിരലുകളുടെ താളത്തിന് അനുസരിച്ച് തുള്ളിക്കുന്ന, ബാറ്റ്സ്മാൻ്റെ ക്രീസിലെ വാസം ദുസ്സഹമാക്കുന്ന ഒരു കല…. ജിം ലേക്കർ തൊട്ട് ഇങ്ങ് രവിചന്ദ്രൻ അശ്വിൻ വരെയുള്ള മഹാൻമാരും മികച്ചവരുമായ സ്പിൻ കലാകാരൻമാർ അരങ്ങു വാണ ടെസ്റ്റ് മത്സരങ്ങൾ എത്രയെത്ര .. മുത്തയ്യ മുരളീധരൻ – 38 കൊല്ലത്തെ ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ അവരുടെ ബൗളിങ് യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച ഏറ്റവും മികച്ച ബൗളർ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരിൽ ഒരാൾ. ഇനിയൊരു പക്ഷേ ശ്രീലങ്കക്ക് ഇതുപോലൊരു ബൗളർ ഉണ്ടായേക്കില്ല. അത്രയും മികച്ചയാൾ.. ടെസ്റ്റിലും ഏകദിനത്തിലും റെക്കോർഡായി 800 ഉം 534 ഉം (T20I 13 വിക്കറ്റ്.ആകെ 1347 അന്താരാഷ്ട്ര വിക്കറ്റുകൾ എന്ന റെക്കോർഡ്) നേടിയ ഏക ബൗളർ.

അദ്ദേഹത്തിൻ്റെ ഒരു അവിസ്മരണീയമായ ടെസ്റ്റ് പ്രകടനത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. 1998 ഓഗസ്റ്റിൽ ഏക ടെസ്റ്റ്നായി ഇംഗ്ലണ്ടിലെ ദ് ഓവലിൽ എത്തിയ ശ്രീലങ്കൻ ടീം, അലക് സ്റ്റുവർട്ടിൻ്റെ നേതൃത്വത്തിൽ ബുച്ചർ,ഹിക്, രാം പ്രകാശ്, ഡൊമനിക് കോർക്ക്, ആൻഗസ് ഫ്രേസർ, ഡാരൻ ഗഫ് മുതലായവർ അണിനിരന്ന ഇംഗ്ലീഷ് ടീമിനെ എതിരിടുന്നു. ആദ്യ ഇന്നിംഗ്സിൽ മുരളിയുടെ 155 ന് 7 എന്ന അസാമാന്യ പ്രകടനത്തെ ഗ്രേം ഹിക്കിൻ്റെയും ജോൺ ക്രോളിയുടെയും സെഞ്ചുറികളാൽ അതിജീവിച്ച ഇംഗ്ലണ്ട് 445 എന്ന മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റ് ചെയ്ത ലങ്ക ജയസുര്യയുടെ ഡബിൾ സെഞ്ചുറിയുടെയും അരവിന്ദ ഡിസിൽവയുടെ സെഞ്ചുറിയുടെയും ബലത്തിൽ തിരിച്ചടിച്ചപ്പോൾ നേടിയത് 591 റൺസും 146 റൺസിൻ്റെ ലീഡും.

#മുരളിയുടെ_രണ്ടാമിന്നിംഗ്സ് പക്ഷേ ഇംഗ്ലീഷ് പടയുടെ സർവനാശത്തിനായിരുന്നു. ഒന്നൊഴിയാതെ 9 ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ പവലിയനിലേക്ക് തിരിച്ചയച്ച ആ സ്പിൻ മാന്ത്രികൻ്റെ വിരലുകൾക്ക് മുൻപിൽ തല കുനിച്ച് ഓരോരുത്തരായി മടങ്ങി. റണ്ണൗട്ടായ ക്യാപ്റ്റൻ അലക് സ്റ്റുവർട്ട് ആണ് മുരളിക്ക്, ജിം ലേക്കറിന് പിൻഗാമിയും കുംബ്ളെക്ക് ഒരു മുൻഗാമിയും ആകാമായിരുന്ന ‘പെർഫെക്ട് ടെൻ’ നിഷേധിച്ചത്. വെറും 181 ന് ഓൾ ഔട്ടായ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക 10 വിക്കറ്റ് വിജയം നേടുമ്പോൾ മുരളിയുടെ രണ്ടാമിന്നിംഗ്സിലെ ബൗളിങ് അനാലിസിസ് 1.19 എകണോമിയിൽ 65 റൺസിന് 9 വിക്കറ്റ് എന്നായിരുന്നു. മാച്ചിൽ ആകെ 16 വിക്കറ്റ് നേടി…. യാതൊരു ക്രിക്കറ്റ് പാരമ്പര്യവുമില്ലാത്ത ചുറ്റുപാടിൽ നിന്ന്, ശ്രീലങ്ക എന്ന അക്കാലത്തെ ദുർബലമായ ഒരു ടീമിൽ നിന്ന് ഉയർന്ന് വന്ന ആ ഇതിഹാസത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. സംസാരിക്കാൻ അദ്ദേഹത്തിൻ്റെ ഫീൽഡിലെ കണക്ക്കൾ മാത്രം. മഹാനായ സചിൻ പറഞ്ഞ പോലെ ” സ്ഫടിക പ്രതലത്തിന് മുകളിൽ പോലും ക്രിക്കറ്റ് ബോൾ തിരിക്കാൻ കഴിവുള്ള ലോകത്തെ ഒരേയൊരാൾ ”

Suresh Varieth

Leave a comment