Cricket Cricket-International legends Top News

സൈമൺ റ്റൗഫെൽ – തുടർച്ചയായി അഞ്ച് തവണ മികച്ച അമ്പയർ ആയ ഒരേ ഒരാൾ

April 8, 2020

author:

സൈമൺ റ്റൗഫെൽ – തുടർച്ചയായി അഞ്ച് തവണ മികച്ച അമ്പയർ ആയ ഒരേ ഒരാൾ

സാധാരണ ക്രിക്കറ്റർമാർ കളിക്കളത്തിൽ തങ്ങളുടെ സുവർണകാലം ചിലവഴിക്കുന്ന സമയത്ത് കളി നിർത്തി അമ്പയറാവുക….. അമ്പയർമാർ കരിയർ തുടങ്ങുന്ന പ്രായത്തിൽ പ്രൊഫഷണൽ അമ്പയറിങ്ങിൽ നിന്ന് റിട്ടയർ ചെയ്യുക…. അക്കാലയളവിൽ ഒരു ഇൻ്റർനാഷണൽ അമ്പയർക്ക് കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും ബഹുമതികളും, സർവോപരി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ സ്ഥായിയായ ഒരു സ്ഥാനവും ……. പുണ്യം ചെയ്ത ജൻമം എന്നു പറയാം.

1971 ൽ, മഹാൻമാരായ നിരവധി ക്രിക്കറ്റർമാർ ഉയർന്നു വന്ന ന്യൂ സൗത്ത് വെയിൽസിൽ ജനിച്ച സൈമൺ ജെയിംസ് ആർതർ ടൗഫലിൻ്റെ മനസ്സിലും ഓസ്ട്രേലിയക്കു വേണ്ടി പന്തെറിയുക എന്ന സ്വപ്നം ബാല്യ കൗമാര കാലങ്ങളിൽ ഉടലെടുത്തിരിക്കാം. സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയായി ആ യുവാവ് തെരഞ്ഞെടുത്തത് കാമറായ് (Cammerai) ക്രിക്കറ്റ് ക്ലബ് എന്ന പ്രാദേശിക ടീമിൽ അംഗമാവുക എന്നതായിരുന്നു.. അവരുടെ ഈ മീഡിയം പേസർ 1990-91 ആദ്യ സീസണിൽ തന്നെ ടീമിൻ്റെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കറുമായി. ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡും നേടി.

#കളിക്കളത്തിലെ_രണ്ടാം_ഇന്നിംഗ്സ്

പ്രൊഫഷണൽ ക്രിക്കറ്റർ ആവുക എന്ന സ്വപ്നങ്ങൾക്ക് ചിറകു മുളച്ച അതേ സമയത്ത് തന്നെയാണ് പുറം വേദന സൈമൺ നെ അലട്ടി തുടങ്ങിയത്. അതോടെ ആദ്യ സീസണിൽ തന്നെ മികച്ച രീതിയിൽ തുടങ്ങിയ ആ കരിയർ എങ്ങുമെത്താതെ പൊലിഞ്ഞു…

ഒരു വർഷം കഴിഞ്ഞു. സുഹൃത്തിൻ്റെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ ഒരു അമ്പയറിങ് കോഴ്സിൽ പങ്കെടുത്തു. സൈമണിൻ്റെ ജീവിതം അവിടെ മാറി മറിയുകയായിരുന്നു. പാതി മനസ്സിൽ കോഴ്സിനു ചേർന്നയാൾ ഏറ്റവും മികച്ച നിലയിൽ തന്നെ പരിശീലനം പൂർത്തിയാക്കി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായി തുടക്കം കുറിച്ചു. വിവിധ ലെവൽ പരീക്ഷകളിൽ പങ്കെടുത്ത അദ്ദേഹം 1995 ൽ തൻ്റെ 24 ആം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അമ്പയറായി അരങ്ങേറ്റം കുറിച്ചു.

#അന്താരാഷ്ട്ര_കരിയർ

ടൗഫലിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് വേദിയായത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ്. 13 ജനുവരി 1999ൽ ഓസ്ട്രേലിയ – ശ്രീലങ്ക ഏകദിന മത്സരം നിയന്ത്രിക്കുമ്പോൾ പ്രായം 27 വയസ്സ്. തുടർന്ന് 2000 ൽ ബോക്സിംഗ് ഡേയിൽ (ഡിസംബർ 26) ഓസ്ട്രേലിയ – വിൻഡീസ് ടെസ്റ്റ് മെൽബൺ ഗ്രൗണ്ടിൽ നിയന്ത്രിച്ച് ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. 2003, 07, 11 വർഷങ്ങളിൽ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിച്ച ടോഫൽ പക്ഷേ 2011 ലെ ഇന്ത്യാ-ശ്രീലങ്ക ഫൈനൽ മാത്രമാണ് നിയന്ത്രിക്കാൻ കഴിഞ്ഞത്. ആദ്യ രണ്ടു വർഷങ്ങളിലും തൻ്റെ ജൻമനാട് ഫൈനലിലെത്തിയതിനാൽ അദ്ദേഹത്തിന് ഗ്രൗണ്ടിലിറങ്ങാൻ കഴിഞ്ഞില്ല. ഒരു ഓസ്ട്രേലിയക്കാരൻ എന്ന നിലയിൽ ഒരു പക്ഷേ അദ്ദേഹത്തിൻ്റെ ഏക നഷ്ടം അതു മാത്രമായിരിക്കാം.

#പുരസ്കാരങ്ങൾ

2004ൽ ലോകത്തെ മികച്ച അമ്പയറെ തെരഞ്ഞെടുക്കാൻ തുടങ്ങിയ ICC, ആദ്യ അഞ്ചു വർഷങ്ങളിൽ ആ പുരസ്കാരത്തിന് വേറൊരു അവകാശിയെ കണ്ടെത്തിയില്ല. 2008 വരെ ആ പുരസ്കാരം സൈമണിൻ്റെ ഷോകേസിൽ ഭദ്രമായി നിലനിന്നു. 2009 ൽ അലിം ദാറിനാണ് അദ്ദേഹം ഇതു കൈമാറിയത്. കൂടാതെ അമ്പയറിംഗിലെ കൃത്യതക്ക് ICC നൽകിയ പ്രത്യേക പുരസ്കാരത്തിന് ഡാറിൽ ഹെയറിൻ്റെ പുറകെ രണ്ടാമനായതും ഇദ്ദേഹം തന്നെ.. 100 ഏകദിന മത്സരങ്ങൾ നിയന്ത്രിച്ചതിന് ICC യുടെ ‘ബ്രോൺസ് ബെയിൽസ്’ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ അമ്പയറും മറ്റാരുമല്ല.

#റിട്ടയർമെൻ്റ്

2012ൽ ICC ലോക T20 ടൂർണമെൻ്റോടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച ടൗഫൽ തുടർന്ന് 2015 വരെ ICC യുടെ അമ്പയർ പെർഫോർമൻസ് & ട്രെയ്നിങ് മാനേജറായി സേവനമനുഷ്ടിച്ചു. 74 ടെസ്റ്റിലും 174 ഏകദിനങ്ങളിലും 34 ട്വൻറി-ട്വൻ്റി മത്സരങ്ങളിലും അദ്ദേഹം മൈതാന മധ്യത്തിൽ നിലകൊണ്ടു.

ചെറിയ പ്രതിബന്ധങ്ങളിൽ തട്ടി വീഴാതെ, പുതിയ അവസരങ്ങളുടെ വിശാല ലോകത്ത് പറക്കാൻ വെമ്പുന്ന മനസ്സുകൾക്ക് തീർച്ചയായും പ്രചോദനമാവുന്നതാണ് സൈമൺ ടോഫലിൻ്റെ ജീവിത വിജയകഥ… അമ്പയറിംഗ് രംഗത്ത് പുതു തലമുറയിലെ വാഗ്ദാനമായ നിതിൻ മേനോൻ ഒരിക്കൽ പറഞ്ഞ പോലെ, എല്ലാം സാധ്യമെന്ന് ഒരു തലമുറയെ പഠിപ്പിച്ചയാളാണ് ടോഫൽ .

Leave a comment