Cricket Cricket-International Epic matches and incidents legends Top News

കപിൽ vs ഇമ്രാൻ – ഇത് അതികായകരുടെ പോരാട്ടമായിരുന്നു !!

April 8, 2020

author:

കപിൽ vs ഇമ്രാൻ – ഇത് അതികായകരുടെ പോരാട്ടമായിരുന്നു !!

1984-85 സീസൺ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഒരു പരീക്ഷണ കാലമായിരുന്നു. ലോക ചാമ്പ്യൻമാർ സ്വദേശത്തും വിദേശത്തും തുടർച്ചയായി പരീക്ഷണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാലം. ലോകകപ്പ് തോൽവിക്ക് പകരം വീട്ടിയ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരോട് സ്വദേശത്തും വിദേശത്തും ടെസ്റ്റിലും ഏകദിനത്തിലും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന കാലം. ക്യാപ്റ്റൻ കപിലിൻ്റെ ക്യാപ്റ്റൻസി റെക്കോർഡിലെ മോശം കാലം എന്നും ഈ വർഷങ്ങൾ രേഖപ്പെടുത്താം.

1985 മാർച്ചിൽ റോത്ത്മാൻസ് കപ്പ് ആദ്യ മത്സരം. ചിരവൈരികൾ നേർക്കു നേർ വരുമ്പോൾ നിറഞ്ഞു കവിയുന്ന ഷാർജ സ്റ്റേഡിയം. ഇമ്രാൻ ഖാൻ നായകനായ ലോകകപ്പിനു ശേഷം ക്യാപ്റ്റൻ്റെ തൊപ്പി വീണ്ടുമണിഞ്ഞ മിയാൻദാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. മാച്ചിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ രവി ശാസ്ത്രിയെ തിരിച്ചയച്ച ഇമ്രാൻ തൻ്റെ സകല അടവുകളും ഇന്ത്യക്കെതിരെ പ്രയോഗിച്ച മത്സരം കൂടെ ആയിരുന്നു ഇത്. അസ്ഹറുദ്ദീനും (47) കപിലും (30) ഒഴികെയുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാർ നിരയായി പവലിയനിലെത്തിയപ്പോൾ രണ്ടക്കം കടന്നത് 11 റൺസ് എടുത്ത മദൻലാൽ മാത്രം . പത്തോവറിൽ വെറും 14 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ ഖാൻ ഇന്ത്യയെ 43 ആം ഓവറിൽ വെറും 125 ന് എറിഞ്ഞിട്ടു.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ആവേശത്തിമർപ്പിലാണ്. പാക് ആരാധകർ തിങ്ങി നിറഞ്ഞ ഗ്യാലറിയിൽ പച്ചയും വെള്ളയും ചേർന്ന പതാകകൾ ഇളകിയാടി. ഒരൊറ്റ ത്രിവർണ പതാക പോലുമില്ലാതെ, ഇന്ത്യൻ ആരാധകരുടെ മനസ്സിലെ വേദന ഷാർജ ക്രിക്കറ്റ് ഗ്രൗണ്ട് ഏറ്റു വാങ്ങി.

മൊഹ്സിൻ ഖാനും മുദസർ നാസിറും നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കപിലിനും ബിന്നിക്കുമെതിരെ പ്രഹരം തുടങ്ങി. 13 ൽ വച്ച് മൊഹ്സിൻ ഖാൻ റണ്ണൗട്ട് ആയെങ്കിലും റമീസ് രാജയുമൊത്ത് മുദസർ ചേസിങ് തുടർന്നു. സ്കോർ 35ൽ നിൽക്കേ നിർണ്ണായക സമയത്ത് ബൗളിങ് ചേഞ്ചുകൾ വരുത്തിയ കപിലിനു പിഴച്ചില്ല. ബിന്നിയും ശാസ്ത്രിയും ശിവരാമകൃഷ്ണനും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടുമ്പോൾ 35/1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 41/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ മിയാൻദാദും ഇമ്രാനും വിക്കറ്റ് കീപ്പർ അഷ്റഫ് അലിയും പൂജ്യരായാണ് പവലിയനിലേക്ക് മടങ്ങിയത്.

ഗ്യാലറിയിൽ ത്രിവർണ പതാകയും കുറേശ്ശെ തലപൊക്കിത്തുടങ്ങി. സലീം മാലിക്കും റമീസ് രാജയും പക്ഷേ പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. ഇന്നിങ്സ് സാവധാനം മുന്നോട്ടു പോയി. ശാസ്ത്രിയെ ഒരു എൻഡിൽ നിന്ന് തുടരെ എറിയിച്ച കപിലിനു പിഴച്ചില്ല. ഗാവസ്കറിൻ്റെ, സ്ലിപ്പിലെ പിഴയ്ക്കാത്ത കൈകളിൽ മാലിക്കിൻ്റെ പോരാട്ടം അവസാനിക്കുമ്പോൾ പാകിസ്ഥാൻ 74/6… രണ്ടാം വരവു വന്ന കപിൽ ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും രക്ഷകനായപ്പോൾ അവസാന വിക്കറ്റ് ആയി തൗസീഫ് അഹമ്മദ് മടങ്ങിയപ്പോൾ ഇന്ത്യയുടെ ത്രിവർണ പതാക മാത്രമായിരുന്നു നിറഞ്ഞു കവിഞ്ഞ ഗ്യാലറിയിൽ. പാക്കിസ്ഥാൻ 87 ന് ഓൾ ഔട്ട്. ഇന്ത്യക്ക് വിജയം 38 റൺസിന് . കപിൽ 30 റൺസും, 3 വിക്കറ്റും.

തൻ്റെ മാസ്മരിക ബൗളിങ് ഇമ്രാന് മാൻ ഒഫ് ദ് മാച്ച് പുരസ്കാരം നേടിക്കൊടുത്തു. ടൂർണമെൻ്റിൽ പക്ഷേ അന്തിമ വിജയം റിച്ചാർഡ്സിൻ്റെ വിൻഡീസിനായിരുന്നു. ഇന്ത്യ ഫൈനലിലെത്താതെ, ശേഷിച്ച മത്സരങ്ങൾ തോറ്റു പുറത്തായി.

Suresh Varieth

Leave a comment