Cricket Cricket-International Epic matches and incidents Top News

ബ്രിഡ്ജ് ടൗണിലെ ആ എക്കാലത്തെയും മികച്ച ശതക്കത്തിന് ഇന്നേക്ക് 21 വയസ്സ്

March 31, 2020

ബ്രിഡ്ജ് ടൗണിലെ ആ എക്കാലത്തെയും മികച്ച ശതക്കത്തിന് ഇന്നേക്ക് 21 വയസ്സ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച ഇന്നിംഗ്സ് ആയി വിസ്ഡൻ തിരഞ്ഞെടുത്ത ആ ഇന്നിംഗ്സ്,ബ്രിഡ്‌ജ്‌ടൗണിലെ അഞ്ചാം ദിനം മഗ്രാത്തിനെയും, വോണിനെയും, ഗില്ലസ്പിയെയും നേരിട്ടയാൾ നെയ്തെടുത്ത ആ ഇന്നിംഗ്സ് അതെ ആ ഇന്നിങ്സിന് വിശേഷതകൾ ഏറെയായിരുന്നു. വിജയിക്കാനാവശ്യമായ 308ലേക്ക് അവർ നടത്തിയ ആ യാത്രയിൽ സ്കോർബോർഡിൽ 108 റണ്ണുകൾ ചേർത്തപ്പോഴേക്കും ടീമിലെ പകുതി താരങ്ങൾ പവിലിയനിൽ എത്തിയിരുന്നു. പക്ഷെ വിൻഡീസുകാരുടെ ആ കാലത്തെ പ്രതീക്ഷകൾ അവിടെ അവസാനിച്ചിരുന്നില്ല ആഴ്ചകൾക്ക് മുൻപ് സബീനപാർക്കിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ അവരെ വിജയിപ്പിച്ച ആ ഇടതുകയ്യനെ അവർക്കത്രയും വിശ്വാസമായിരുന്നു, ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അയാൾക്ക് സാധിക്കുമെന്നാ ദ്വീപുകാർ വിശ്വസിച്ചിരുന്നു.

ഇടതുകയ്യനായ അയാളുടെ ഓഫ്‌സ്റ്റമ്പിന് പുറത്തെ ആ റഫിൽ പിച്ച് ചെയ്‌തൊരുപാട് തിരിഞ്ഞ ആ ലെഗ് ബ്രേക്കുകളും,ആദ്യ ഇന്നിങ്സിൽ അയാളെ പുറത്താക്കിയ ആ ഷോട്ട് ബോളുകളും ആ ദിനം യദേഷ്ടം അയാൾ ബൗണ്ടറികളിലേക്ക് പ്രഹരിച്ചു കൊണ്ടിരുന്നു. സ്ലെഡ്ജിങ്ങിലൂടെ അയാളെ തകർക്കാൻ ശ്രമിച്ച മഗ്രാത്തിനെ തിരിച്ചു സ്ലെഡ്ജ് ചെയ്തും അയാൾ ഓർമിപ്പിച്ചു ഇത് ജയിക്കാനായി ഞാൻ കളിക്കുന്ന കളിയാണെന്ന്. ആദ്യ ഫിഫ്‌റ്റിയിലേക്ക് 112 ബോളുകൾ നേരിട്ടപ്പോൾ രണ്ടാം ഫിഫ്റ്റി പിറന്നിരുന്നത് വെറും 52 ബോളുകളിൽ നിന്നായിരുന്നു ഓർക്കണം അതൊരു അഞ്ചാമത്തെ ദിനത്തിലെ പിച്ച് ആയിരുന്നു, ബോളുകൾ വർഷിക്കുന്നത് ലോകം കണ്ട എക്കാലത്തെയും മികച്ച ചില ബോളേഴ്‌സും.

ആ കേളീ ശൈലിയുടെ മനോഹാരിതയിലും,ഒരുപാട് ക്രിക്കറ്റ് എക്സ്പേട്സ്സുകളെ ആശ്ചര്യത്തിലാഴ്ത്തിയത് സ്ട്രൈക്ക് തിരിച്ചെടുക്കാൻ അയാൾ കാണിച്ച ആ സാമർത്യമായിരുന്നു,ഗ്യാപുകൾ കൃത്യമായി കണ്ടെത്തി പത്താമനും പതിനൊന്നാമനുമായ അംബ്രോസിനും വാൽഷിനുമൊപ്പം അയാൾ ആ അവസാന നിമിഷങ്ങളിൽ കൂട്ടിച്ചേർത്തത് 63 റണ്ണുകൾ ആയിരുന്നു. ആ പിച്ചിൽ ആ ദിനം കളിക്കേണ്ട ഷോട്ടുകൾ അയാൾ തിരഞ്ഞെടുത്തതിലും ആ ക്രിക്കറ്റിങ് ബ്രെയിൻ നിറഞ്ഞുനിന്നിരുന്നു.

302 ൽ ഒമ്പതാമത്തെ വിക്കറ്റ് നഷ്ടമായപ്പോൾ എന്നും ബാറ്റുകൊണ്ടൊരു കാഴ്ചക്കാരന്റെ റോൾ മാത്രം ചെയ്തിരുന്ന വാൽഷ് 5 ബോളുകൾ ബ്ലോക് ചെയ്ത ആ നിമിഷത്തിനൊടുവിൽ ഗില്ലസ്പിയുടെ ഇരുപത്തിയേഴാമത്തെ ഓവറിലെ ആദ്യ ബോൾ ഒരു കവർഡ്രൈവിലൂടെ ബൗണ്ടറി പറത്തി അയാൾ ആ ദിനം ലോകത്തിനോട് വിളിച്ചു പറയുകയായിരുന്നു, ലാറ ക്രീസിലുള്ളപ്പോൾ വിൻഡീസ് പരാജയപ്പെടില്ലെന്ന്…..

ഇരുപത്തൊന്ന് വയസ്സായിരിക്കുന്നു ടെസ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആ മികച്ച ഇന്നിങ്സിന്,എന്നും ഒരുപാട് നിറമുളള ഓർമ്മകൾ സമ്മാനിച്ച ആ എക്കാലത്തെയും മികച്ച ഇടതുകയ്യന്റെ മനോഹാരിത നിറഞ്ഞ ആ 153 റൺസിന്…..
Pranav Thekkedath

Leave a comment