ഐ.പി.ൽ ന്റെ മുൻഗാമി
കെറി പാക്കർ 80 കളുടെ ആദ്യം നടപ്പാക്കിയ വിമത ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിൽ പ്രചോദനം ഉൾക്കൊണ്ടാവണം കപിൽ ദേവ് , കിരൺ മോറെ തുടങ്ങിയവരുടെ പിന്തുണയോടെ ദൃശ്യമാധ്യമ രംഗത്തെ വമ്പൻമാരായ സീ എൻറർടെയ്ൻമെന്റ് ന്റെ ഉടമ സുഭാഷ് ചന്ദ്ര 2007 ൽ ICL ആരംഭിച്ചത്.
ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നായി 9 ഫ്രാഞ്ചൈസി കളും കൂടാതെ ലോക ഇലവൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളുമാണ് ലീഗടിസ്ഥാനത്തിൽ T20 ഫോർമാറ്റിൽ അണിനിരന്നത്.
ICL ന്റെ വളർച്ച തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന BCCl അവരുടെ അധീനതയിലുള്ള ഗ്രൗണ്ടുകൾ മത്സരത്തിന് വിട്ടുനൽകാതിരുന്നതിനാൽ ചെറുനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ICL സംഘടിപ്പിച്ചത്. നിലവിലെ BCCl കോൺട്രാക്റ്റ് ഉള്ളതോ അന്താരാഷ്ട്ര മത്സരം കളിക്കുന്നതോ ആയ കളിക്കാർ പങ്കെടുക്കാത്തതിനാൽ ചെറുകിട താരങ്ങളെ വച്ചായിരുന്നു ഇന്ത്യൻ ടീം രൂപപ്പെടുത്തിയത്. സ്റ്റുവർട്ട് ബിന്നി, അമ്പാട്ടി രായിഡു തുടങ്ങി പിൽക്കാലത്ത് ഇന്ത്യക്ക് കളിച്ച ചിലരും ടീമിലുണ്ടായിരുന്നു.
മറ്റു ടീമുകൾക്ക് വേണ്ടി കളിച്ചവരിൽ റസൽ അർനോൾഡ്, ലാറ, ക്രിസ് കെയ്ൻസ്, ക്രിസ് ഹാരിസ്, ലൂ വിൻസെന്റ്, ഹമീഷ് മാർഷൽ , റാണാനവേദ് , ഇമ്രാൻ നസീർ, ഇമ്രാൻ ഫർഹത്, അബ്ദുൾ റസാക്ക്, ഹബിബുൾ ബാഷർ ,ഷഹരിയാർ നഫീസ്, ഇയാൻ ഹാർവേ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടിരുന്നു.
ICL ന്റെ ആദ്യ സീസൺ വിജയം കണ്ട് സമനില തെറ്റിയ BCCl , lCLൽ സഹകരിച്ച 76 ഇന്ത്യൻ കളിക്കാർക്കും മുൻ താരങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ലളിത് മോദിയുടെ നേതൃത്വത്തിൽ ।PL എന്ന ആശയം രൂപപ്പെടുത്തുകയും ചെയ്തു.
2008-09ൽ രണ്ടാം സീസണോടെ lCL പിരിച്ചുവിടാൻ നിർബന്ധിതമായി. ഓരോ ഇന്ത്യൻ താരത്തിനും 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി സീ ഗ്രൂപ്പ് നൽകിയത്. അവരുമായി സഹകരിച്ച കപിൽ പിന്നീട് BCCl യുമായി കൈകോർത്തതും മോറെ ചീഫ് സെലക്ടറായതുമൊക്കെ പിന്നീട് ചരിത്രം.
ICL ഓർമിക്കപ്പെടുക വെറുമൊരു വിമത ലീഗ് എന്ന നിലയിലായിരിക്കില്ല മറിച്ച് കോടികൾ കിലുങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന മഹാസംരംഭത്തിന് വഴിവെച്ചവർ എന്ന നിലയിലായിരിക്കും.
Suresh Varieth