ഫണ്ട് സ്വരൂപണത്തിനു സൈക്കിൾ സവാരിയുമായി അർണോൾഡ്
റസ്സൽ പ്രേമകുമാരൻ അർനോൾഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ് . ഫെബ്രുവരി അവസാന ആഴ്ചയിൽ, ജാഫ്നയിലെ ‘ഗ്രീൻ മെമോറിയൽ ആശുപത്രി ‘ പുനസ്ഥാപിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കാനാണ് കൊളംബോയിൽ നിന്ന് ജാഫ്ന വരെ 450 ഓളം കിലോമീറ്റർ സൈക്കിൾ റാലിയിൽ മറ്റു 40 പേരോടൊപ്പം അദ്ദേഹവും പങ്കെടുത്തത്.
തികച്ചും ഒരു മൾട്ടി ടാലൻ്റഡ് ആയിട്ടുള്ള ” റസ്റ്റി ” ശ്രീലങ്കൻ ടീമിൽ തൻ്റെ അന്താരാഷ്ട്ര കരിയർ തുടങ്ങിയത് ഓപ്പണർ ആയിട്ടായിരുന്നു. മഹാനാമ , ഡിസിൽവ, രണതുംഗ, ഗുരുസിംഗെ, ജയസൂര്യ മുതലായ വമ്പൻമാരുടെ സാന്നിധ്യവും മഹേള ,സംഗക്കാര തുടങ്ങിയവരുടെ വരവും അവസരങ്ങൾ കുറച്ചു എന്നു വേണം കരുതാൻ. മിഡിൽ ഓർഡറിൽ ഇറങ്ങിത്തുടങ്ങിയ 2003 ലോകകപ്പിൽ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം ഡൊമസ്റ്റിക് ലെവലിൽ തുടർച്ചയായ മികച്ച ഫോമോടെ തിരിച്ചെത്തിയെങ്കിലും ടെസ്റ്റ് ടീമിൽ അധികം തുടരാനായില്ല.
2007 വരെ ഏകദിന മത്സരങ്ങളിൽ സജീവമായ റസ്സൽ, പലപ്പോഴും നിർണായക ഘട്ടങ്ങളിൽ തൻ്റെ No.6 പൊസിഷനിൽ ബാറ്റു കൊണ്ട് കഴിവു തെളിയിച്ചു. യൂട്ടിലിറ്റി പ്ലെയർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ലോ ബോളുകളും ഫീൽഡിലെ പ്രകടനങ്ങളും പലപ്പോഴും ടീമിന് തുണയായി.
2007 റിട്ടയർമെൻ്റിന് ശേഷം അദ്ദേഹം പോയത് ഓസ്ട്രേലിയക്കായിരുന്നു. ഡൊമസ്റ്റിക് ലീഗിൽ കളിക്കുമ്പോൾ തന്നെ കോച്ചിങ് രംഗത്തേക്കും തിരിഞ്ഞ റസ്റ്റി, IPL ൽ ഡക്കാൻ ചാർജേഴ്സിൻ്റെ അസിസ്റ്റൻറ് കോച്ചും ആയിരുന്നു. ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹം നിലവിൽ കമൻ്റേറ്ററും കോളമിസ്റ്റും ആയി സേവനമനുഷ്ഠിക്കുന്നു….
Suresh Varieth