അലിം ദാർ – ജീവകാരുണ്യത്തിന്റെ വിധി കർത്താവ്
ലോകമെങ്ങും കൊവിഡ് 19 മരണങ്ങൾ പടരുമ്പോൾ അലീം ദാർ വാർത്തയിൽ നിറയുന്നത് ക്രിക്കറ്റ് ഫീൽഡിലെ 100 % കൃത്യമായ തൻ്റെ തീരുമാനങ്ങൾ കൊണ്ടല്ല. കൊവിഡ് 19 രോഗികളുടെ എണ്ണം ആയിരത്തിലേറെയായ പാക്കിസ്ഥാനിൽ , തൊഴിൽ ഇല്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവരടക്കം ദുരിതമനുഭവിക്കുന്ന ആർക്കും ലാഹോറിലെ തൻ്റെ “Dar’s Delighto” ഹോട്ടലിൽ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തിരിക്കുകയാണ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത, ലോകം കണ്ട ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ അലീം ദാർ…
ക്രിക്കറ്റ് മൈതാനത്ത് അലീം ദാർ എന്ന പേരിന് കൃത്യത എന്നു മാത്രമല്ല, മാന്യത എന്നൊരു പര്യായം കൂടിയുണ്ട്. അതു കൊണ്ട് കൂടിയാണ് പാക്കിസ്ഥാനിൽ നിന്ന് അന്താരാഷ്ട്ര രംഗത്ത് വന്ന ഷുക്കൂർ റാണയേയും ആസാദ് റൗഫിനെയും പോലുള്ളവരെ അപേക്ഷിച്ച്, ” ജെൻറിൽമാൻസ് ഗെയിമിലെ ” വിധികർത്താവായ ഈ ജെൻറിൽമാൻ തൻ്റെ അന്താരാഷ്ട്ര കരിയറിൻ്റെ ഇരുപതാം വർഷത്തിലും സ്വതസിദ്ധമായ സൗമ്യ ഭാവത്തോടെ, ഫീൽഡിൽ ഒരു പിഴവിനു പോലും സ്ഥാനം നൽകാതെ തലയുയർത്തി നിൽക്കുന്നത്. തുടർച്ചയായ അഞ്ചു വർഷം ICC യുടെ ഏറ്റവും മികച്ച അമ്പയറായിരുന്ന സൈമൺ ടൗഫലിൽ നിന്ന് കൈമാറിയ ട്രോഫി അലീം ദാറുടെ കയ്യിൽ 2009, 10, 11 വർഷങ്ങളിൽ ഭദ്രമായിരുന്നു.
2007 ലോകകപ്പ് ഫൈനൽ ഓർമയുണ്ടോ? മഴ കാരണം ഇരുൾ മൂടിയ അന്തരീക്ഷത്തിൽ മൂന്നോവർ ഓസീസിനെക്കൊണ്ട് ബൗൾ ചെയ്യിച്ചു എന്ന കാരണത്താൽ തൊട്ടടുത്ത T20 ലോകകപ്പിൽ നിന്ന് അലിം ദാർ അടക്കം അഞ്ചു പേർക്ക് ICC വിലക്കേർപ്പെടുത്തി. ഒരു പക്ഷേ ആ ഒരു സംഭവമായിരിക്കാം അദ്ദേഹത്തിലെ കർക്കശക്കാരനായ അമ്പയറെ വാർത്തെടുത്തത്. 2011 ലോകകപ്പിൽ തൻ്റെ വിധിക്കെതിരെ വന്ന 15 DRS കളിൽ ഒന്നു പോലും തീരുമാനം മാറ്റേണ്ടി വന്നില്ലെന്നത് മാത്രം മതി അദ്ദേഹത്തിൻ്റെ വിധി നിർണയത്തിലെ കൃത്യത മനസ്സിലാക്കാൻ.
1980കളിൽ പാക്കിസ്ഥാനിൽ ആഭ്യന്തര ലീഗുകളിൽ പാക്കിസ്ഥാൻ റെയിൽവേസ് അടക്കം വിവിധ ടീമുകളുടെ കളിക്കാരനായിരുന്ന ഇദ്ദേഹം 2001 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറിങ്ങിൽ സജീവമാണ്. ഇതു വരെയായി 132 ടെസ്റ്റുകളും 208 ഏകദിനങ്ങളും 46 ട്വൻറി-ട്വൻ്റി മത്സരങ്ങളും നിയന്ത്രിച്ചു കഴിഞ്ഞു.
അലിം ദാറിനെപ്പോലുള്ള വ്യക്തിത്വങ്ങൾ നിലനിൽക്കുമ്പോൾ നമുക്ക് വീണ്ടും പറയാം “sports wins hearts”
Suresh Varieth