Cricket Cricket-International Epic matches and incidents Stories Top News

2015 ലോക കപ്പിലെ “The GRAND Elliot Show”

March 19, 2020

author:

2015 ലോക കപ്പിലെ “The GRAND Elliot Show”

2015 ലോകകപ്പിൽ ലൈവ് കാണാൻ സാധിക്കാത്തതിൽ ഇന്നും വിഷമമുള്ള ഒരു കളിയാണിത്. ഡക്വർത്ത് – ലൂയിസ് നിയമപ്രകാരം പുനർ നിർണയിച്ച, സ്റ്റെയിൻ, മോർക്കൽ, ഫിലണ്ടർ, താഹിർ എന്നിവർ ഉൾപ്പെട്ട ദക്ഷിണാഫ്രിക്കക്കെതിരെ ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം ഒരു ദക്ഷിണാഫ്രിക്കക്കാരൻ്റെ നേതൃത്വത്തിൽ അവിശ്വസനീയമാം വിധം നേടിയെടുത്ത കിവീസിൻ്റെ ഫൈനൽ പ്രവേശനം.

രണ്ട് ടീമുകൾ – ദക്ഷിണാഫ്രിക്കയുടെ ദുഷ്പേര് വലിയ ടൂർണമെൻറുകളിൽ കാലിടറുന്നു എന്നത് . 1992 ലോകകപ്പിൽ മഴ നനഞ്ഞ് വിജയം കൈവിട്ടപ്പോൾ തുടങ്ങിയ നിർഭാഗ്യം 96 ൽ ലാറയുടെ രൂപത്തിലും 99 ൽ ഓസീസിനെതിരെ ഗ്രൂപ്പിലെ പരാജയത്താലും 2003 ൽ റൺറേറ്റിൻ്റെ പേരിലും അവരെ വിടാതെ പിന്തുടർന്നു. ഇപ്പോഴില്ലെങ്കിൽ ഇനിയെന്ന് എന്നതായിരുന്നു ABD, ഡുപ്ലെസി, മോർക്കൽ, സ്റ്റയിൻ, ആംല എന്നിങ്ങനെ പോകുന്ന ടീംലൈനപ്പ് ഉയർത്തിയ ചോദ്യം.

കിവീസാകട്ടെ, 1992 ഇൻസമാം എന്ന ഒറ്റയാൾ പട്ടാളം അവരുടെ കണ്ണീർ വീഴ്ത്തിയ ഈഡൻ പാർക്കിലെ പുൽത്തകിടിയിൽ, 23 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ലോകകപ്പ് സെമിയിൽ ഇറങ്ങുകയാണ്. ഡബിൾ സെഞ്ചുറിയൻ ഗപ്ടിൽ, ബ്രണ്ടൻ മക്കല്ലം, വില്യംസൺ, ടെയ്ലർ, സൗത്തി, ബോൾട്ട്, വെറ്റോറി എന്നിങ്ങനെ പേരുകൾ ഉണ്ടെങ്കിലും നിർണായക മത്സരത്തിൻ്റെ പ്രഷർ എത്രകണ്ട് താങ്ങാൻ പറ്റും എന്നത് ഒരാശങ്ക തന്നെയായിരുന്നു.

മഴ ഒരിക്കൽ കൂടി സൗത്താഫ്രിക്കൻ ഇന്നിംഗ്‌സിൽ കളിച്ചപ്പോൾ, 65 റൺസോടെ നായകൻ ഡിവിലിയേഴ്സും 82 റൺസോടെ ഡു പ്ലെസിയും പട നയിച്ചപ്പോൾ 43 ഓവറിൽ അവർ നേടിയത് 281/5 എന്ന മികച്ച സ്കോർ. ഡക് വർത്ത് ലൂയിസ് നിയമപ്രകാരം കിവീസിന് വിജയലക്ഷ്യം 299 എന്ന , 43 ഓവറിൽ നേടേണ്ടതായ മാമത് ടാസ്ക് .

പേരുകേട്ട ബൗളിങ് നിരയുടെ മുന്നിൽ വിറക്കാത്ത ഗപ്ടിലും മക്കലവും ടെയ്ലറും ചേർന്ന്, ആവശ്യമുള്ള റൺറേറ്റ് നേടി രക്ഷാപ്രവർത്തനം മുന്നോട്ട് പോയെങ്കിലും പകുതി ഓവറുകൾ കഴിയുമ്പോൾ 4 ന് 149 എന്ന നിലയിലെത്തി. അതായത് ഏതാണ്ട് പണ്ട് ഇൻസമാം എന്ന പയ്യൻ കിവീസിൻ്റെ ചിറകരിയാൻ അവതരിച്ച അതേ പൊസിഷൻ.

ഗ്രാൻ്റ് എലിയറ്റ് – ഈ പേര് ക്രിക്കറ്റ് സർക്കിളിൽ കിവീസിന് പുറത്ത് അധികം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കുടിയേറി പാർത്ത് 2008 ൽ ന്യൂസിലാൻറിന് വേണ്ടി അരങ്ങേറിയെങ്കിലും വല്ലപ്പോഴും ടീമിൽ വന്നും പോയുമിരുന്ന ഒരു ബാറ്റിങ്ങ് ഓൾറൗണ്ടർ. അയാൾ കളിക്കുന്നത് സ്കോട്ട് സ്റ്റൈറിസും ക്രിസ് ഹാരിസും ഉപേക്ഷിച്ചു പോയ, പലപ്പോഴും തനിക്ക് പാകമാകാത്ത ബൂട്സിലാണ്. പക്ഷേ, പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ ഒരു രക്ഷകൻ അവതരിക്കും എന്ന ചൊല്ല് ആ ദിവസം അന്വർത്ഥമായത് അയാൾക്ക് വേണ്ടിയായിരുന്നു. അല്ലെങ്കിൽ പിന്നെ ഡേൽ സ്റ്റെയ്നിൻ്റെയും മോർക്കലിൻ്റെയും മറ്റും പന്തുകൾ ഫീൽഡർമാരുടെ തലക്കു മുകളിലൂടെ ആ ബാറ്റിൽ നിന്നു പാഞ്ഞത് വേറെന്തിനാണ്?

21 ഓവർ. വിജയലക്ഷ്യം 150 റൺ. ഓവറിൽ ശരാശരി ഏഴിലേറെ… കൂടുതൽ ആലോചിക്കേണ്ടതില്ലായിരുന്നു… തകർപ്പനടികളുടെ ആശാൻ, പുതു വത്സരദിനത്തിൽ ഫാസ്റ്റസ്റ്റ് സെഞ്ചുറി എന്ന റെക്കോഡ് നേടിയ കോറി ആൻഡേഴ്സനോടൊത്ത് എലിയറ്റ് വിജയലക്ഷ്യം മുന്നിൽ കണ്ട് ടീമിനെ നയിച്ചു. തീരമടുക്കാൻ നേരത്ത് ആൻഡേഴ്സനെ പിരിഞ്ഞെങ്കിലും വെറ്റോറിയെ കൂട്ടുപിടിച്ച്, ഒരു പന്തു ശേഷിക്കേ അയാൾ ചരിത്രത്തിലാദ്യമായി കിവീസിനെ ഫൈനലിലേക്ക് ചിറകടിച്ച് പറത്തി വിട്ടു.

ഗ്രാൻറ് എലിയറ്റ് എന്ന ക്രിക്കറ്റർ അതിനു മുമ്പോ ശേഷമോ ഒരു മാച്ച് വിന്നിംങ്ങ് പ്രകടനം നടത്തിയത് ഓർമയിലില്ല. വിധി ആ ദിനം അയാൾക്ക് നൽകിയത് കിവീസിൻ്റെ സൂപ്പർ ഹീറോ പരിവേഷവും, എതിരാളികൾക്ക് കണ്ണീരും പിന്നെ ഒരിക്കലും വിട്ടുപിരിയാത്ത നിർഭാഗ്യവും ആയിരുന്നു.

Suresh Varieth

Leave a comment