ഓർമ്മയിലെ മുഖങ്ങൾ -നിക്കി ബോയെ
ഞാനൊക്കെ സൗത്ത്ആഫ്രിക്കയുടെ കളി കാണാൻ ആരംഭിച്ച ആ നാളുകളിലെ ആ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു നിക്കി ബോയെ. ഒരു മൾട്ടി യൂട്ടിലിറ്റി താരമായിരുന്നു അയാൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരു ടീമിന് വേണ്ട ബാലൻസ് നൽകാൻ മിടുക്കുള്ളവൻ…
ഒരു സ്പിന്നർ എന്ന ലേബലിൽ അറിയപെടുമ്പോഴും ലോവർ ഓർഡറിലെ മികച്ചൊരു ബാറ്സ്മാനുമായിരുന്നു അയാൾ. ആ ടീമിൽ ഓൾ റൗണ്ടർമാർ ഒരുപടുള്ളതുകൊണ്ട് മാത്രമായിരുന്നു ബോയെക്ക് എട്ടാമനായും, ഒന്പതാമനായും ആ ക്രീസിലേക്കെത്തേണ്ടി വന്നിരുന്നത്….
ഒരു ഫാസ്റ്റ് ബൗളർ ആവണമെന്ന ആഗ്രഹത്താൽ അയാൾ ആരംഭിച്ച ആ കരിയറിൽ വഴിത്തിരിവായത് അയാളുടെ സ്കൂൾ ക്രിക്കറ്റ് ടീം കോച്ചായിരുന്നു. ആ പയ്യനിലെ സ്പിന്നറുടെ മികവ് കണ്ടെത്തിയ അദ്ദേഹമായിരുന്നു ബോയെയെ വഴിത്തിരിച്ചു വിട്ടത്. പിന്നീടയാൾ ടെസ്റ്റിൽ 100 വിക്കറ്റ് നേടിയപ്പോൾ ആ കോച്ചിന്റെ ആ ദീർഘവീക്ഷണം സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊരു ഗുണവുമായി..
ഒരു ടെസ്റ്റ് ബാറ്സ്മാനെന്ന നിലയിൽ 26ന് മുകളിലായിരുന്നു അയാളുടെ ബാറ്റിംഗ് ആവറേജ്. ഒന്പതാമനായി കളത്തിലിറങ്ങുന്ന ഒരു താരത്തിന്റെ ഉയർന്ന ശരാശരിയായിരുന്നു ആ കാലഘട്ടത്തിലത്. ഏകദിനത്തിൽ ഉയർന്ന പൊസിഷനിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ സാഹചര്യത്തിൽ രണ്ടു ശതകവും അയാൾ സ്വന്തമാക്കിയിരുന്നു.
1995ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും പിന്നെയും അദേഹത്തിന് അഞ്ചു വർഷങ്ങൾ വേണ്ടി വന്നിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ ഹരിശ്രീ കുറിക്കാൻ. അതിനു ശേഷം അവരുടെ ടെസ്റ്റ് ടീമിലെ പ്രധാനപെട്ട സ്പിന്നറായയാൾ നിലകൊള്ളുകയും ചെയ്തിരുന്നു.
2000 കാലഘട്ടത്തിൽ ലോക ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടായ ആ കോഴ വിവാദത്തിലും ആ നാമം പറഞ്ഞു കേട്ടിരുന്നു. അറസ്റ്റിനെ പേടിച്ചയാൾ ഇന്ത്യയിലേക്കുള്ള വരവ് പോലും ഒഴിവാക്കിയതൊക്കെ ആ കാലഘട്ടത്തിലെ പ്രധാനപെട്ട കായിക വാർത്തകളിലൊന്നായിരുന്നു.
തന്റെ അരങ്ങേറ്റ ടെസ്റ്റ് സീരിയസിൽ തന്നെ ഇന്ത്യയിൽ വന്ന് സീരീസ് കൊണ്ടുപോവാൻ സാധിച്ചതും,2001ൽ ന്യൂസീലന്ഡിനെതിരെ ആറു മത്സരങ്ങളടങ്ങിയ ബൈലാറ്ററൽ സീരീസിൽ, കൂടുതൽ റൺസ് സ്വന്തമാക്കി അന്നത്തെ ആ റെക്കോർഡ് കരസ്ഥമാക്കിയതൊക്കെ ആ കരിയറിലെ മികച്ച നിമിഷങ്ങളായിരുന്നു. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് വീക്ഷിച്ച ആർക്കും ഇയാളെ അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അതെ ഓർമ്മകളിൽ ആ സൗത്ത് ആഫ്രിക്കൻ ഇങ്ങനെ എന്നും നിറഞ്ഞു നിൽക്കും……