രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച : ഇന്ത്യ തോൽവിയിലേക്ക്
“എന്നിട്ടരിശം തീരാഞ്ഞിട്ടും” എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ പോലെയായിരുന്നു ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം. ആദ്യ ദിനം പന്ത് കൊണ്ട് ഇന്ത്യയെ എറിഞ്ഞിട്ടിട്ടും അരിശം തീരാത്തവരെ പോലെയായിരുന്നു ജാമീസൺ . ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ അവിടെയും തകർപ്പനടിയുമായി ജാമീസൺ നിറഞ്ഞാടി ന്യൂസിലാൻഡിനു വൻ ലീഡ് നേടിക്കൊടുത്തു. 45 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ 44 റൺസെടുത്ത ജാമീസണും 24 പന്തിൽ 5 ബൗണ്ടറികളും ഒരു സിക്സും പറത്തി 38 റൺസെടുത്ത ട്രെന്റ് ബൗൾട്ടും ചേർന്നാണ് ന്യൂസിലാൻഡ് സ്കോർ 350 നു അടുത്തെത്തിച്ചത് . തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിടുന്ന ഇന്ത്യക്ക് തോൽവി ഒഴിവാക്കണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം.
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ പ്രിത്വി ഷായെ നഷ്ടമായി. തുടർന്നു മായങ്ക് അഗർവാളും പൂജാരയും ചേർന്ന് ക്ഷമയോടെയാണ് ബാറ്റ് വീശിയത്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധക്ക് പൂജാര കൊടുക്കേണ്ടി വന്നത് സ്വന്തം വിക്കറ്റ് തന്നെയാണ്. കുത്തി ഉയർന്ന പന്ത് നിരുപദ്രവകരമാണെന്നു കരുതി പൂജാര ബാറ്റ് പിൻവലിച്ചു. എന്നാൽ പന്ത് തിരിഞ്ഞു കേറിയത് വിക്കറ്റിലേക്കായിരുന്നു. ചായക്ക് തൊട്ടു മുന്പു്ള്ള പന്തിൽ പൂജാര പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർച്ചയായി രണ്ടാം ഇന്നിങ്സിലും കോലി പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിൽ ആയി. 58 റൺസെടുത്ത അഗർവാൾ മാത്രമാണ് ഇന്ത്യൻ മുൻനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് . നാലാമനായി കോലി പുറത്തായ ശേഷം അധികം നാശനഷ്ടം കൂടാതെ ഇന്നത്തെ ദിവസം അവസാനിപ്പിക്കാൻ റാഹാനെയ്ക്കും വിഹരിക്കും സാധിച്ചു എന്നുള്ളത് മാത്രമാണ് മൂന്നാം ദിവസത്തിൽ ഇന്ത്യക്ക് ആശ്വസിക്കാനുള്ള ഏക വസ്തുത. 25 റൺസോടെ രഹാനെയും 15 റൺസോടെ വിഹാരിയും പുറത്താകാതെ നിൽക്കുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റു നഷ്ടത്തിൽ 144 റൺസെടുത്തിട്ടുണ്ട് .
215 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ന്യൂസിലാൻഡിനു തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി . 225 റൺസിന് 7 എന്ന നിലയിൽ നിന്നും 348 വരെ സ്കോർ എത്തിച്ചത് ബൗൾട്ടിന്റെയും ജാമീസണിന്റെയും ഉജ്ജ്വല പ്രകടനമാണ്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മ അഞ്ചു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച വെച്ചു. പിച്ചിലെ ആനുകൂല്യം മുതലാക്കാൻ ഇഷാന്തിന് മാത്രമേ സാധിക്കുന്നുള്ളൂ. ബുമ്രയുടെ മോശം ഫോം ടെസ്റ്റിലും തുടരുകയാണ്. ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളറും ഒരേ സമയം ഫോം ഔട്ട് ആകുന്നത് ഇന്ത്യൻ ക്യാമ്പിനെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്.