ടെസ്റ്റ് ക്രിക്കറ്റിലെ അതിസങ്കീർണമായ ഹാറ്റ് ട്രിക്ക് – 3 ഓവറുകൾ, 2 ഇന്നിംഗ്സും 2 ദിവസവും
ഒരു ഹാട്രിക് എന്ന് കേൾക്കുമ്പോൾ സാധാരണ ഗതിയിൽ തുടർച്ചയായി 3 പന്തുകളിൽ വിക്കറ്റ് വീഴ്ത്തുക എന്നത് മാത്രമാകും ഭൂരിഭാഗവും ചിന്തിക്കുക .ചില സന്ദർഭങ്ങളിൽ 2 ഓവറുകളിലായി പിറന്ന ഹാട്രിക്കുകളും കാണാം .എന്നാൽ 3 ഓവറുകളിലായി പിറന്ന ഹാട്രിക് എന്ന് പറയുമ്പോൾ അതിൽ വലിയ ഒരു ആശയക്കുഴപ്പം ഉണ്ടാകാം .അതിങ്ങിനെ സംഭവിച്ചു എന്നു ചോദിച്ചാൽ പലർക്കും രെത്തും പിടിയും കിട്ടില്ല .എന്നാൽ അങ്ങനെയും ഒരു സംഭവം നടന്നിട്ടുണ്ട് .അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ .3 ഓവറുകൾ ,2 ഇന്നിങ്ങ്സുകൾ ,2 വ്യത്യസ്ത ദിവസങ്ങൾ !!
ചരിത്രത്തിലെ ഏറ്റവും സാവധാനത്തിൽ പിറന്ന ഒരപൂർവ ഹാട്രിക്ക് .
1988 ൽ വിൻഡീസും ആസ്ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഈ ഒരു അപൂർവ സംഭവം നടന്നത് .ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് വിവിയൻ റിച്ചാർഡ്സ് മനോഹരമായ സെഞ്ചുറി നേടി പുറത്താകുമ്പോൾ 440/8 എന്ന നിലയിലായിരുന്നു .ക്രീസിൽ ഒരു കാലഘട്ടത്തിൽ ബാറ്റ്സ്മാൻമാരെ വിറപ്പിച്ച ആംബ്രോസും വാൽഷും .പന്തെറിയാൻ അക്കാലത്ത് കാണികളുടെ ഓമനയായ ,മീശക്കാരൻ മെർവ് ഹ്യൂസ് തന്റെ 36 മം ഓവർ എറിയാൻ എത്തി .ആ ഓവറിലെ അവസാന പന്തിൽ ഹ്യൂസ് ആംബ്രോസിനെ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ കൈകളിലെത്തിച്ചു .പിന്നീട് എറിഞ്ഞ ഓവറിലെ ‘ ആദ്യ പന്തിൽ തന്നെ പാട്രിക് പാറ്റേഴ്സണെ പുറത്താക്കിയതോടെ വിൻഡീസ് ഇന്നിങ്സ് 449 ന് അവസാനിച്ചു .ഹ്യൂസിന് കഴിഞ്ഞ ഓവറിലെ അവസാന പന്തിലും അടുത്ത ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് .സംഭവം നടന്നത് ഡിസംബർ 3 ന് .
ഡിസംബർ 4 മം തീയ്യതി ടെസ്റ്റ് മാച്ചിന്റെ അടുത്ത ദിവസം വിൻഡീസിന്റെ രണ്ടാമിന്നിങ്സിൽ ബൗളിങ്ങ് ഓപ്പൺ ചെയ്ത ഹ്യൂസിന്റെ ആദ്യ പന്തിൽ തന്നെ ഗോർഡൺ ഗ്രീനിഡ്ജ് LBW ൽ പുറത്ത് .ഹ്യൂസിന് ഹാട്രിക്ക് .
എന്നാൽ 3 ഓവറുകൾ നീണ്ടതും 2 ഇന്നിങ്സ് ആയതു കൊണ്ടും 2 ദിവസങ്ങളിലായി ആയത് കൊണ്ട് കാണികളോ ,സഹകളിക്കാരോ ,ഹ്യൂസ് തന്നെയോ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും സാവധാനത്തിലുള്ള ആ ഹാട്രിക്കിനെ പറ്റി ആ സമയത്ത് ബോധവാൻമാരേ ആയിരുന്നില്ല എന്നതായിരുന്നു രസകരമായ കാര്യം .മറ്റൊരു കൗതുകം രണ്ട് ആഴ്ച മുൻപ് മാത്രമായിരുന്നു ഹ്യൂസിന് മുൻപ് കോട്നി വാൽഷ് 2 ഇന്നിങ്സുകളിലായി ഹാട്രിക്ക് നേടിയ ആദ്യ കളിക്കാരനായി മാറിയിരുന്നത് .
ആ ഇന്നിങ്സിൽ വിൻഡീസ് 349 ന് പുറത്തായി .404 റൺ ലക്ഷ്യം പിന്തുടർന്ന ആസ്ത്രേലിയ കളി തോറ്റുവെങ്കിലും ഹ്യുസിന്റെ പ്രകടനം വേറിട്ടു നിന്നു .
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഹാട്രിക്ക് എന്ന് വിലയിരുത്തപ്പെടുന്ന ഹാട്രിക് നേടിയത് കൂടാതെ ആദ്യ ഇന്നിങ്സിൽ 5 ഉം രണ്ടാമിന്നിങ്സിൽ 8 ഉം വിക്കറ്റെടുത്ത് മത്സരത്തിൽ ആകെ 217 റൺസിന് 13 വിക്കറ്റെടുത്ത ഹ്യൂസ് ആ മാച്ചിനെ തനിക്കും ക്രിക്കറ്റ് പ്രേമികൾക്കും ഒരു ബൗളിങ് വിരുന്നു തന്നെ സമ്മാനിച്ചു .