Cricket Epic matches and incidents legends Top News

ഒരിക്കലും മറക്കാത്ത സ്റ്റോക്സ് കൊടുങ്കാറ്റ്

December 25, 2019

author:

ഒരിക്കലും മറക്കാത്ത സ്റ്റോക്സ് കൊടുങ്കാറ്റ്

ഒരു വർഷം കൂടി പതിയെ തിരശീലയ്ക്കു പിന്നിലേക്കു മറയാൻ തുടങ്ങിയിരിക്കുന്നു. എല്ലാ മേഖലയിലും അവിസ്മരണീയമായ ചില മുഹൂർത്തങ്ങൾ ബാക്കിവെച്ചുകൊണ്ടാണ് ക്രിസ്തുമസ് ആഘോഷങ്ങളും കണ്ടുകൊണ്ട് 2019 കടന്നുപോകുന്നത്. ക്രിക്കറ്റും അതിൽ നിന്നു വിഭിന്നമല്ല. ഹാട്രിക് പ്രകടനങ്ങൾ, ചരിത്രത്തിൽ ആദ്യമായി ടൈയിൽ കലാശിച്ച ഏകദിന ലോകകപ്പ് ഫൈനൽ മത്സരം, അങ്ങനെ ഒരുപാടു നിമിഷങ്ങൾ. കസേരയുടെ അഗ്രത്തേക്കു കാണികളെ കൊണ്ടുവന്ന ത്രസിപ്പിക്കുന്ന മത്സരങ്ങൾ.

ഇക്കൊല്ലത്തെ ആഷസ് പരമ്പരയും അത്തരമൊന്നായിരുന്നു. 2-2 സമനിലയിൽ കലാശിച്ച പരമ്പരയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസ് കിരീടം നിലനിർത്തിയെങ്കിലും ഇംഗ്ലണ്ട ടീം പോരാട്ടവീര്യം കൊണ്ടു തലയുയർത്തി നിന്നു. പ്രത്യേകിച്ചും ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പ്രകടനം അവിസ്മരനീയമാക്കിയ മൂന്നാം ടെസ്റ്റിലെ വിജയം ഇംഗ്ളീഷ് ആരാധകർ ഒരിക്കലും മറക്കില്ല.

ആഷസ് ഇംഗ്ലണ്ടിനും ഓസീസിനും വെറുമൊരു പരമ്പരയല്ല. ഒരു പിടി ചാരത്തിനുവേണ്ടിയുള്ള പോരാട്ടമല്ല അത്. ക്രിക്കറ്റിന്റെ പരമ്പരാഗത രൂപത്തിന്റെ വക്താക്കളായിരുന്ന ഇരു ടീമുകൾക്കും പരസ്പരം അധീശത്വം സ്ഥാപിക്കാനുള്ള കാലങ്ങളായി തുടരുന്ന യുദ്ധമാണത്. തലമുറകളായി കൈമാറിവരുന്ന വൈരം പല മഹാൻമാരിലൂടേയും കടന്നുപോയി. ഡോൺ ബ്രാഡ്മാൻ, ലെൻ ഹട്ടൻ, ഇയാൻ ചാപ്പൽ, മൈക്ക് ഗാറ്റിങ്, സ്റ്റീവ് വോ, ആൻഡ്രൂ സ്ട്രോസ് മുതലായ ഒരുപാടു നായകൻമാർ ആ ചാരത്തിന്റെ അവകാശത്തിനായി പോരാടിയിട്ടുണ്ട്. 2019ലെ ആഷസ് പോരാട്ടങ്ങൾക്കായി നാണയം ആകാശത്തേക്കുയർന്നപ്പോൾ അതു നൽകുന്ന ഭാഗ്യം കാത്തു നിന്നത് ടിം പെയ്ൻ, ജോ റൂട്ട് എന്നീ രണ്ടു യുവ നായകന്മാരായിരുന്നു.

ആഷസ് പരമ്പരയുടെ തുടക്കത്തിലെ ഓസീസ് ടീം അത്ര കരുത്തരായിരുന്ന്നില്ല. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്നു ലഭിച്ച വിലക്കുമൂലം ക്രിക്കറ്റിൽ നിന്നും മാറിനിന്ന സ്റ്റീവ് സ്മിത്തും വാർണറും മടങ്ങിവന്നുവെങ്കിലും അവരുടെ പ്രകടനം എത്രമാത്രം മികച്ചതാകുമെന്ന ആശങ്കകൾ ആരാധകരിൽ ബാക്കിനിന്നിരുന്നു. പക്ഷേ രണ്ടിന്നിങ്സിലും സെഞ്ചുറിയുമായി സ്മിത് ആരാധകരുടെ ആശങ്കകൾ മാറ്റിയെടുത്തതോടെ ആദ്യമത്സരം വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയിൽ മുന്നിലെത്തി.

രണ്ടാം ടെസ്റ്റ്‌ സമനിലയിൽ കലാശിച്ചതോടെ ഇംഗ്ലീഷ് ടീം കൂടുതൽ സമ്മർദ്ദത്തിലായി. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ആഷസ് പരമ്പര തന്നെ നഷ്ടമാകുമെന്ന യാഥാർഥ്യം അവരെ വേട്ടയാടി. ആ സമ്മർദ്ദം തന്നെയാകണം മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അവരുടെ ബാറ്സ്മാന്മാരെ ഗ്രസിച്ചത്. ഹെഡിങ്ലെയിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്തങ് ഇംഗ്ലീഷ് ബൗളർമാർ ഓസീസിനെ വെറും 179 റണ്ണുകളിൽ ഒതുക്കിയപ്പോൾ ഒരു കൂറ്റൻ ലീഡിനെപ്പറ്റി ജോ റൂട്ട് ചിന്തിച്ചിരിക്കണം. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ലീഡ്‌സിലെ പിച്ചും കാലാവസ്ഥയും നൽകിയ മുൻ‌തൂക്കം മുതലാക്കിയ ഓസീസ് പേസർമാർ നിറഞ്ഞാടിയപ്പോൾ വെറും അറുപത്തിയേഴ്‌ റണ്ണുകൾക്ക് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ചയെ നേരിട്ടെങ്കിലും ഈ വർഷം ഓസീസ് ക്രിക്കറ്റിനു ലഭിച്ച വരദാനമായ ലാബുഷാനെ രക്ഷകനായതോടെ 359 റണ്ണുകളുടെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നൽകാൻ പെയ്നും സംഘത്തിനും കഴിഞ്ഞു.

മത്സരത്തിന്റെ അതുവരെയുള്ള ഗതി കണക്കിലെടുത്താൽ 359 എന്ന ലക്ഷ്യം തീർത്തും അസാധ്യമായിരുന്നു. ഓരോ വിക്കറ്റു വീഴുമ്പോഴും ആ ലക്ഷ്യം ഇംഗ്ളീഷുകാരിൽ നിന്നും കൂടുതൽ അകലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ഒപ്പം ആഷസും. പതിനഞ്ചു റണ്ണുകളിൽ ഇരു ഓപ്പണർമാരും കൂടാരത്തിൽ തിരിച്ചെത്തിയതോടെ ഇംഗ്ലീഷ് പരിശീലകൻ തങ്ങൾക്കുമേൽ പതിക്കാൻ പോകുന്ന വിമർശനശരങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കണം. നായകൻ ജോ റൂട്ടും ഡെൻലിയും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് പ്രതീക്ഷകൾ നൽകിയെങ്കിലും ലക്ഷ്യം പകുതിദൂരം പിന്നിടുന്നതിനു മുന്നേ ഇരുവരുടെയും ചെറുത്തുനില്പിന് അന്ത്യം കുറിക്കാൻ കങ്കാരുക്കൾക്കു സാധിച്ചു.

ബെൻ സ്റ്റോക്സ്

2019 ആ മനുഷ്യന്റേതായിരുന്നു. ഈ വർഷം ഇംഗ്ലണ്ടിനുവേണ്ടി അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ, അവരുടെ അഭിമാനം സംരക്ഷിക്കുവാൻ ഒരാൾക്കു സാധിക്കുമെന്ന് ഇംഗ്ലീഷ് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നുവെങ്കിൽ അത് ആ ആറടി ഉയരക്കാരനായിരുന്നു. അതിനവരുടെ മുന്നിൽ സാക്ഷ്യങ്ങളുണ്ട്. മാസങ്ങൾക്കു മുൻപ് ഒരു ലോകകപ്പ് കിരീടമെന്ന അവരുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ നൽകിയത് അയാളായിരുന്നു. മറ്റൊരു ഒറ്റയാൾ പോരാട്ടത്തിലൂടെ ലോകകപ്പിനെക്കാൾ തങ്ങൾ പ്രാധാന്യം കൽപ്പിക്കുന്ന ആ ഒരുപിടി ചാരം കങ്കാരുക്കളിൽ നിന്നും തട്ടിയെടുക്കാൻ അയാൾക്കു സാധിക്കുമെന്ന് അവർ വിശ്വസിച്ചു.

ക്രീസിലുള്ള തന്റെ നായകനു പിന്തുണ നൽകുകയായിരുന്നു അയാളുടെ ആദ്യ ദൗത്യം. ഹേസൽവുഡും കമ്മിൻസും പലകുറി അയാളുടെ ബാറ്റിന്റെ അരികുകളുടെ ബലം പരിശോധിച്ചു. ലയോണിന്റെ പന്തുകൾ അയാളുടെ പ്രതിരോധത്തിന്റെയും ക്ഷമയുടെയും ശക്തി പരീക്ഷിച്ചു. പക്ഷേ അയാൾ പിടിച്ചുനിന്നു. ഒരു വാലറ്റക്കാരനെപ്പോലെ അയാൾ ആ നിമിഷങ്ങളെ അതിജീവിച്ചു. ആദ്യ അൻപതു പന്തുകളിൽനിന്നും അയാൾ നേടിയത് വെറും രണ്ടു റണ്ണുകളാണ്. പക്ഷേ ഇതിനിടെ അയാൾ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. നാലാം ദിനം തുടക്കത്തിലേ നായകനെ നഷ്ടമായതോടെ ഇംഗ്ലണ്ട് ചേസിന്റെ അമരക്കാരനാകാനുള്ള തയ്യാറെടുപ്പുകൾ അയാൾ തുടങ്ങി.

അപ്പോഴും ഇംഗ്ളീഷ് വിജയലക്ഷ്യം പകുതിപോലും താണ്ടിയിരുന്നില്ല. ബെയർസ്‌റ്റോയുമൊത്തു സൃഷ്‌ടിച്ച അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ സ്റ്റോക്സ് അവരുടെ പ്രതീക്ഷകളെ മുന്നോട്ടു നയിച്ചു. പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത്‌ വളരെ പെട്ടന്നായിരുന്നു. നാലിന് 245 എന്ന സ്‌കോറിൽനിന്നും ഒൻപതിന് 286 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. വിജയനിമിഷം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ഓസീസ് ഡ്രസിങ്റൂമിൽ തുടങ്ങിക്കഴിഞ്ഞിടുന്നു.

“ഒരു ദേശം മുഴുവൻ തന്നിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ, അവരുടെ ദൃഷ്ടികൾ തന്നിലേക്കു മാത്രമായി ചുരുങ്ങുമ്പോൾ ആ സമ്മർദ്ദത്തെ അതിജീവിച്ചു മുന്നേറുന്നവരെ നാം ചാംപ്യൻ എന്നു വിളിക്കും.”

“ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് ” അത്തരമൊരു ചാമ്പ്യനായിരുന്നു. ഒരു നൂൽപ്പാലത്തിലൂടെ അയാൾ ഇംഗ്ളീഷ് ചേസിനെ മുന്നോട്ടു നയിച്ചു. ജാക് ലീച് എന്ന അവസാനബാറ്സ്മാനെ കൂട്ടുപിടിച്ചു എണ്പത്തിമൂന്നു റണ്ണുകൾ അകലെയായിരുന്ന വിജയതീരം ലക്ഷ്യമാക്കി അയാൾ ആഞ്ഞുതുഴഞ്ഞു. പതിയെ അയാളുടെ ബ്രൂട്ടൽ ഹിറ്റിങ്ങിന്റെ ശക്തി ഓസീസ് ബൗളർമാർ അറിഞ്ഞുതുടങ്ങി. റണ്ണുകൾ നേടാൻ ഏറ്റവുമെളുപ്പമുള്ള വഴിയായ ബൗണ്ടറിയുടെ മുകളിലൂടെ മാത്രം അയാളുടെ ബാറ്റിൽ നിന്നും പന്തുകൾ യാത്രചെയ്തു.

ലക്ഷ്യത്തിനോടടുക്കുംതോറും സ്റ്റോക്സ് കൂടുതൽ അക്രമണകാരിയാവുകയായിരുന്നു. ലീച് പ്രകടിപ്പിച്ച ആത്മവിശ്വാസവും അയാൾക്കു കരുത്തുപകർന്നു. നാലു ദിവസങ്ങളായി ഇംഗ്ലീഷ് ടീം അനുഭവിച്ച സമ്മർദ്ദം മുഴുവൻ അയാൾ എതിരാളികളിലേക്കു പകർന്നു നൽകി. വിജയത്തിനരികിൽ നിൽക്കെ അയാൾ നൽകിയ അവസരങ്ങൾ മുതലാക്കാൻ ആ സമ്മർദ്ദം കങ്കാരുക്കളെ അനുവദിച്ചില്ല. ഒടുവിൽ കമ്മിൻസിനെ കവറിലൂടെ ബൗണ്ടറിയിലേക്കു പായിച്ച അയാൾ ഇംഗ്ലീഷ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിജയം സമ്മാനിച്ചു.

2019ൽ ക്രിക്കറ്റിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതാരെന്നു ചോദിച്ചാൽ നിസംശയം പറയാം അതു ടെസ്റ്റ്‌ ക്രിക്കറ്റ ആണെന്ന്. സ്റ്റോക്സിലൂടെ, അതിനും അഞ്ചു മാസം മുന്നേ ഡർബനിൽ കുശാൽ ജനിത് പെരേരയെന്ന മരതകദ്വീപുകാരനിലൂടെ, ടെസ്റ്റ്‌ ക്രിക്കറ്റ് തെളിയിക്കുകയായിരുന്നു ടി ട്വൻറിയെക്കാൾ കാണികളിൽ ആവേശം നിറയ്ക്കാൻ ക്രിക്കറ്റിന്റെ പരമ്പരാഗത രൂപത്തിന് ഇപ്പോഴും സാധിക്കുമെന്ന്. കാരണം ടെസ്റ്റ്‌ ക്രിക്കറ്റ്‌ നടത്തുന്നതും ടെസ്റ്റ ക്രിക്കറ്റിൽ നടക്കുന്നതും നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ്. അതിനു തീർച്ചയായും വീര്യമേറും.

Leave a comment