സഞ്ജുവിനു മുന്നിലെ അവസരങ്ങൾ
സഞ്ജു വിശ്വനാഥ് സാംസൺ തത്കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കില്ലയെന്ന ഉറപ്പായിരിക്കുകയാണ്. വിൻഡീസുമായുള്ള ഏകദിന മത്സരങ്ങൾക്കായുള്ള ടീമിൽ പരിക്കു പറ്റിയ ശിഖർ ധവാന് പകരം മായങ്ക് അഗർവാൾ ടീമിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത്.
പക്ഷേ സഞ്ജുവിന്റെ പ്രതീക്ഷകൾ ഇവിടെ അസ്തമിക്കുന്നില്ല. മികച്ച അവസരങ്ങൾ അയാളെ കാത്തിരിക്കുന്നുണ്ട്. അതിനായി സഞ്ജുവിനു മുന്നിൽ ഒരുപാടു പ്രതിബന്ധങ്ങളുമുണ്ട്. നിർണായകമായൊരു രഞ്ജി ട്രോഫി സീസണാണ് അയാൾക്കു മുന്നിൽ കാത്തിരിക്കുന്നത്. കർണാടകത്തിൽ നിന്നും ഈ വർഷം കേരളത്തിനായി കളിക്കാൻ എത്തിയ റോബിൻ ഉത്തപ്പയും മുൻ സീസണുകളിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്സേനയും ഒക്ക്കെ നിറഞ്ഞ കേരളത്തിനു വേണ്ടി സഞ്ജു നിറഞ്ഞാടിയേ മതിയാകൂ. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും ഇന്ത്യൻ ടീമിലെ സ്ഥാനത്തിനുള്ള അയാളുടെ അവകാശവാദം ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല.
ഒരു മുൻനിര ബാറ്റ്സ്മാൻ എന്ന രീതിയിൽ ആണോ സഞ്ജു മികവു തെളിയിക്കേണ്ടത്?. ഒരിക്കലുമല്ല, മുൻനിര ബാറ്റ്സ്മാൻ എന്ന് പൊസിഷനിൽ സഞ്ജുവിനോളം അല്ലെങ്കിൽ അയാളെക്കാൾ മികവു പുലർത്തുന്ന ഒരുപിടി താരങ്ങളുണ്ട്. അഭിമന്യു ഈശ്വരൻ, പ്രിയങ്ക പാഞ്ചാൽ, സൂര്യകുമാർ യാദവ് അങ്ങിനെ ഇപ്പോൾ ടി ട്വന്റി ടീമിൽ ഇടം നേടിയ മനീഷ് പാണ്ഡെ വരെ നീളുന്നു പ്രതിഭാശാലികളായ കളിക്കാരുടെ നീണ്ട നിര. അതിലൊരു സ്ഥാനത്തിനായി സഞ്ജു ചിലപ്പോൾ ഒന്നിലേറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
ഒരു വിക്കെറ്റ് കീപ്പർ എന്ന നിലയിൽ തന്നെ ഇന്ത്യൻ ടീമിലേക്ക പ്രവേശിക്കാൻ ശ്രമിക്കുന്നതാകും സഞ്ജുവിന് മുന്നിലുള്ള ഏറ്റവും മികച്ച അവസരം. ലിമിറ്റഡ് ഓവറിൽ പടിയിറങ്ങാൻ നിൽക്കുന്ന മഹേന്ദ്രസിംഗ് ധോണിയും, ഓരോ മത്സരം കഴിയുമ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന പന്തും മാത്രമാകും സഞ്ജുവിനു മുന്നിൽ വെല്ലുവിളിയാകുക. അത്തരമൊരു നിലവാരത്തിലേക്ക് പ്രവേശിക്കാൻ ഇഷാൻ കിഷനും സാധിക്കുമെന്നു കരുതുന്നില്ല.
പക്ഷേ അതിനായി സഞ്ജു ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ സെലെക്ടർമാരുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. അതിനായി അയാൾ കൂടുതൽ മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ഗ്ലൗസ് കയ്യിലണിയണം. രഞ്ജി ട്രോഫിയിൽ കേരളത്തിനായും വരുന്ന ഐ. പി. എൽ സീസണിൽ ജോസ് ബട്ലറിനു പകരം രാജസ്ഥാൻ റോയൽസ് നിരയിലും വിക്കെറ്റിനു പിന്നിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചാൽ ദേശീയ ടീമിലേക്കുള്ള വിളി അയാളെ തേടിയെത്തും.
അയാളുടെ പ്രകടനങ്ങൾ ശബ്ദിക്കുമ്പോൾ അവ കേൾക്കാതിരിക്കാൻ സെലെക്ടർമാർക്കും സാധിക്കില്ല.






































