Cricket Editorial legends Top News

ഇത് ഇന്ത്യയുടെ അശ്വമേധം

December 12, 2019

author:

ഇത് ഇന്ത്യയുടെ അശ്വമേധം

വിൻഡീസിനെതിരെയുള്ള മൂന്നാം ടി ട്വന്റി മത്സരത്തിനു മുൻപു മാധ്യമങ്ങളുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പറഞ്ഞിരുന്നു എതിരാളികളുടെ വലുപ്പം തങ്ങളുടെ പ്രകടനത്തെ ഒരിക്കലും ബാധിക്കില്ലായെന്ന്.

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളുമായി തട്ടിച്ചു നോക്കിയാൽ ദുർബലരാണ് വിൻഡീസ് ടീമെന്നതിൽ തർക്കമില്ല. പക്ഷേ ഇന്ത്യൻ ടീമിനെ പ്രതിരോധത്തിലാക്കുന്ന ഒരുപാടു ഘടകങ്ങൾ ഇന്നലെ നടന്ന മൂന്നാം ടി ട്വന്റി മത്സരത്തിലുണ്ടായിരുന്നു. വിൻഡീസ് നായകൻ പൊള്ളാർഡിന് തന്റെ കൈരേഖപോലെ വ്യക്തമായി അറിയാവുന്ന വൻഖഡെയിലെ പിച്ച്, നീളം കുറഞ്ഞ ബൗണ്ടറികൾ. സീരീസിലുടനീളം വിൻഡീസ് ടോപ് ഓർഡർ ബാറ്സ്മാൻമാർ ഇന്ത്യൻ ബൌളിംഗ് നിരയെ അനായാസമായായിരുന്നു നേരിട്ടത്. ഹെറ്റമേയറും, ലൂയിസും, സിമ്മൺസുമെല്ലാം അനായാസമായാണ് ഇന്ത്യൻ ബൗളർമാരെ അതിർത്തിവര കടത്തിയത്. മാത്രമല്ല കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഇതേ ഗ്രൗണ്ടിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ വിൻഡീസ് ടീമിന്റെ ഓർമകളും ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരിക്കണം.

രണ്ടാം ഇന്നിങ്സിൽ പെയ്യാൻ സാധ്യതയുള്ള മഞ്ഞും ചേസിങ്ങിന് ഗുണകരമാകുമെന്നതിനാൽ തന്നെയാകും ടോസ് നേടിയ വിൻഡീസ് നായകൻ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങിനയച്ചത്. ഇരുനൂറിനു മുകളിലുള്ള ലക്ഷ്യം പോലും സുരക്ഷിതമല്ലാത്ത വൻഖഡെയിൽ ആദ്യം ബാറ്റിങിനിറങ്ങുമ്പോൾ തീർച്ചയായും ഇന്ത്യൻ ടീം സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കണം.

പക്ഷേ ഇന്ത്യൻ ഓപ്പണർമാരെ അതൊന്നും ബാധിച്ചിരുന്നില്ല. രോഹിതും രാഹുലും അക്ഷരാർത്ഥത്തിൽ വാൻഖടെയെ ചൂടുപിടിപ്പിക്കുകയായിരുന്നു. അതിൽ വെന്തെരിഞ്ഞത് വിൻഡീസ് ബൗളർമാരായിരുന്നെന്നു മാത്രം. രോഹിതും രാഹുലും മത്സരിച്ചു ബൗണ്ടറികൾ നേടിയതോടെ ഇന്ത്യൻ സ്കോർ നാലോവറുകളിൽ അൻപതു കടന്നു. പവർപ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ എഴുപത്തിരണ്ടു റണ്ണുകൾ കൂട്ടിച്ചേർത്തുകഴിഞ്ഞിരുന്നു.

രോഹിത് ശര്മയായിരുന്നു കൂടുതൽ അക്രമകാരി. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ട് കൂടിയായ വാൻഖടെയിൽ അയാൾ അനായാസം ബൗണ്ടറികൾ ക്ലിയർ ചെയ്തുകൊണ്ടേയിരുന്നു. പിയറും, വാൽഷും, ഹോൾഡറുമെല്ലാം അയാളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. രോഹിതിന്റെ ബാറ്റിൽ നിന്നുമുയർന്ന പന്തുകൾ പലകുറി ഗാലറിയിൽ കൂടുതൽ ദൂരം കണ്ടെത്താൻ മത്സരിച്ചു. പന്ത്രണ്ടാം ഓവറിൽ രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 135ൽ എത്തിയിരുന്നു. മുപ്പത്തിനാലു പന്തുകളിൽനിന്നും ആറു ഫോറും അഞ്ചു പടുകൂറ്റൻ സിക്സുകളുമായി എഴുപത്തിയൊന്നു റണ്ണുകളാണ് രോഹിത് അടിച്ചുകൂട്ടിയത്.

ആക്രമണം തുടരുകയെന്ന ഉദ്ദേശവുമായി മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്തിനു പക്ഷേ പിഴച്ചു. ലോങ്ങ്‌ ഓഫിനു പിടിനൽകി പന്ത് പുറത്തായതോടെ സമ്മർദ്ദം രാഹുലിനെ പിടികൂടാൻ തുടങ്ങി. അയാളുടെ സ്കോറിങ് വേഗതയും കുറഞ്ഞു. പക്ഷേ പകരമെത്തിയ വിരാട് കോഹ്ലിയുടെ സാന്നിധ്യം രാഹുലിൽ വരുത്തിയ മാറ്റം ഒരോവറിനുള്ളിൽ പ്രകടമായി. വളരെവേഗം രാഹുൽ തന്റെ ട്രാക്കിൽ മടങ്ങിയെത്തി.

മറ്റൊരു വിരാട് കൊഹ്‍ലിയെയായിരുന്നു ഇന്നലെ വാൻഖടെയിൽ നിറഞ്ഞ കാണികൾ ദർശിച്ചത്. തനിക്കു മുന്നിലെത്തുന്ന എന്തും തച്ചു തകർക്കാൻ കച്ചകെട്ടിയിറങ്ങിയ കോഹ്ലി. പതിനഞ്ചാം ഓവറിൽ ഹോൾഡറിനെ തുടർച്ചായി അതിർത്തിവര കടത്തിയാണ് അയാൾ പൊട്ടിത്തെറിച്ചത്. പിന്നീടങ്ങോട്ട് വിരാട് താണ്ഡവമായിരുന്നു. തനിക്കു നേരെ വരുന്ന ഓരോ പന്തിനേയും നശിപ്പിക്കാനുള്ള ആവേശമാണ് അയാൾ പ്രകടിപ്പിച്ചത്. പൊള്ളാർഡ് എറിഞ്ഞ പത്തൊൻപതാം ഓവറിൽ ഇരുപത്തിരണ്ടു റണ്ണുകളാണ് കോഹ്ലി നേടിയത്. കോർട്ടലും വില്യംസും എല്ലാം അയാളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 91 റണ്ണുകളുമായി ടോപ് സ്കോററായ രാഹുലിനെപ്പോലും നിഷ്പ്രഭനാക്കിയ ഒരു ഇന്നിംഗ്സ്.

ഇരുപതോവറിൽ ഇരുനൂറ്റിനാൽപത്തിയൊന്ന് റണ്ണുകൾ എന്ന വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസിന്റെ മുൻനിരയുടെ ചിറകുകൾ ഇന്ത്യൻ പേസർമാർ അരിഞ്ഞു വീഴ്ത്തി. “ക്യാച്ചെസ് വിൻ മാചെസ് “എന്ന പ്രയോഗം എത്രമാത്രം ശെരിയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ പ്രകടനവും. ഹെറ്റമേയറും ഹോൾഡറും വിൻഡീസ് ടോപ് സ്കോററായ പൊള്ളാർഡുമെല്ലാം ഡീപ്പിലെ ഇന്ത്യൻ ഫീൽഡർമാരുടെ ചോരാത്ത കൈകളിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ വിജയം അനായാസമായി.

ഇന്ത്യ അശ്വമേധം തുടരുകയാണ്. എല്ലാ ഫോര്മാറ്റിലും പരമ്പര വിജയം തുടരുന്ന ഇന്ത്യ മറ്റു ടീമുകൾക്കു മുന്നിൽ ഒരു ബെഞ്ച്മാർക് സൃഷ്ടിക്കുകയാണ്. മുൻപൊരുകാലത്ത് ശക്തരായ ഓസീസ് ടീം ചെയ്തിരുന്നതുപോലെ.

Leave a comment