Editorial Hockey legends Top News

ലെസ്ലി ക്ലാഡിയസ്; മറ്റൊരു ഇന്ത്യൻ ഹോക്കി മാന്ത്രികൻ

November 21, 2019

author:

ലെസ്ലി ക്ലാഡിയസ്; മറ്റൊരു ഇന്ത്യൻ ഹോക്കി മാന്ത്രികൻ

ലണ്ടൻ നഗരം ആതിഥ്യമരുളിയ 2012 ഒളിംപിക്സിലെ ഓരോ കളിക്കളങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽ കായികപ്രേമികളെ ഏറെ സന്തോഷിപ്പിച്ചിരുന്നൊരു കാഴ്ചയായിരുന്നു നഗരത്തിലെ ട്യൂബ് സ്റ്റേഷനുകളുടെ പേരുകൾ. ഒളിംപിക്സിലെ മികച്ച പ്രകടനം കൊണ്ടു ഓരോ കായികപ്രേമിയുടെയും മനസ്സിൽ ഇടംപിടിച്ച ഒരുപിടി കായികതാരങ്ങളുടെ പേരുകളായിരുന്നു സ്റ്റേഷനുകൾക്ക് നൽകിയിരുന്നത്. കളിക്കളങ്ങളിൽ അവർ തീർത്ത ആരവങ്ങളും മെഡൽതിളക്കങ്ങളും പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നു അവിടെ.

ലയണൽ മെസ്സിയും ജെസ്സി ഓവൻസും അടക്കം ലോകത്തിലെ ഏറ്റവും മികച്ച നാനൂറോളം അത്ലറ്റുകളുടെ പേരുകളടങ്ങുന്ന ആ യാത്രയിൽ “ബുഷേയ്” ട്യൂബ് സ്റ്റേഷനു നൽകിയിരുന്ന പേരാണ് “ലെസ്ലി ക്ലാഡിയസ് “. ലണ്ടൻ ഒളിംപിക്സിൽ ഇത്തരത്തിൽ ആദരിക്കപ്പെട്ട ആറു ഹോക്കി താരങ്ങളിൽ ഒരാളായിരുന്നു. ലെസ്ലി, ഒന്നുകൂടി വ്യക്തമാക്കിയാൽ ധ്യാൻചന്ദ്, രൂപ് സിംഗ് എന്നിവർക്ക് ശേഷം ഈ പട്ടികയിൽ ഉൾപ്പെട്ട മൂന്നാമത്തെ മാത്രം ഇന്ത്യക്കാരൻ!!!.

1927 മാർച്ച്‌ ഇരുപത്തിയഞ്ചാം തീയതി ബ്രിട്ടീഷ് ഇന്ത്യയിലെ ബിലാസ്പൂരിൽ ജനിച്ച ലെസ്ലിക്കു ചെറുപ്പത്തിൽ കാൽപ്പന്തുകളിയോടായിരുന്നു കമ്പം. ബംഗാളിനും റെയിൽവേക്കും വേണ്ടി ബൂട്ടുകെട്ടിയിരുന്ന ലെസ്ലിയുടെ ഹോക്കിയിലെ മികവു കണ്ടെത്തിയത് മറ്റൊരു ഹോക്കി കളിക്കാരനും ഇന്ത്യൻ നായകനുമായിരുന്ന “ഡിക്കി കാർ” ആണ്. ബംഗാൾ ആൻഡ് നാഗ്പുർ റെയിൽവേസിന്റെ ഹോക്കി ടീമിൽ കളി തുടങ്ങിയ ലെസ്ലി അവരുടെ മധ്യ നിരയിലെ സ്ഥിരം സാന്നിധ്യമായി.

ആഭ്യന്തരസീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലെസ്ലി വളരെ വൈകാതെ തന്നെ ദേശീയ ടീമിലിടം നേടി. 1948 ലണ്ടൻ ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ലെസ്ലി ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ലണ്ടൻ ഒളിംപിക്സിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡറായി വിലയിരുത്തപ്പെട്ട ലെസ്ലി പിന്നീടുള്ള രണ്ടു ഒളിംപിക്സുകളിലും സ്വർണം നേടിയ ഇൻഡ്യൻ ടീമിന്റെ നിർണായകശക്തിയായിരുന്നു. മധ്യനിരയിൽ കളി നിയന്ത്രിക്കാനുള്ള ലെസ്ലിയുടെ പാടവം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. ഏതു കാലാവസ്ഥയിലും തളരാതെ കളം നിറഞ്ഞു കളിക്കുന്ന ലെസ്ലി ഏറ്റവും കൂടുതൽ ശാരീരികക്ഷമതയുള്ള ഹോക്കി താരം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഹാട്രിക് സ്വര്ണമെഡലുകൾ നേടിയ ശേഷം ബൽബീർ സിംഗ് അടക്കം പല പ്രമുഖതാരങ്ങളും വിരമിച്ചതും വിഭജനത്തിനു ശേഷം പാകിസ്ഥാൻ ഒരു മികച്ച ശക്തിയായി ഉയർന്നു വന്നതും രാജ്യാന്തര രംഗത്ത ഇന്ത്യൻ ഹോക്കിയുടെ മേൽക്കോയ്മക്കേറ്റ പ്രഹരങ്ങളായിരുന്നു. ഈ വീഴ്ചയിൽ നിന്നും ടീമിനെ കരകയറ്റാനായി 1959ൽ ഇന്ത്യൻ ടീമിന്റെ മാനേജരായി സാക്ഷാൽ “ധ്യാൻചന്ദ്” നിയോഗിക്കപ്പെട്ടപ്പോൾ നായകനായത് “ലെസ്ലി” ആയിരുന്നു. 1960ൽ റോമിൽ വച്ചു നടന്ന ഒളിംപിക്‌സിന്റെ ഫൈനലിൽ പാകിസ്താനോട് 0-1 നു തോറ്റ ഇന്ത്യ ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തന്റെ നായകത്വത്തിൽ വെള്ളിമെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ഒരുപിടി റെക്കോര്ഡുകളുമായാണ് ലെസ്ലി റോം വിട്ടത്. ഒളിംപിക്‌സ് ഹോക്കിയുടെ ചരിത്രത്തിൽ നാലു മെഡലുകൾ നേടുന്ന ആദ്യ കളിക്കാരൻ ലെസ്ലി ആണ്. നൂറു അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും ലെസ്ലിയുടെ പേരിൽതന്നെ.

റോം ഒളിംപിക്സിന് ശേഷം അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നും വിരമിച്ച ലെസ്ലിയെ 1970ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. 1978ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായിരുന്ന ലെസ്ലിയുടെ മൂത്ത മകൻ റോബർട്ട് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1978 മെക്സിക്കോ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റോബർട്ട് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

2011 ലെ കൊൽക്കൊത്ത ഈസ്റ്റ്‌
ബംഗാൾ ടീമിന്റെ ഭാരത് ഗൗരവ്, 2012ൽ ബംഗാൾ സർക്കാരിന്റെ ബംഗാ വിഭൂഷൺ പുരസ്കാരങ്ങൾക്കും അർഹനായ ലെസ്ലി 2012ൽ ലിവർ സിറോസിസ് രോഗം മൂലം അന്തരിച്ചു.

ഒരു അഭിമുഖ സംഭാഷണത്തിനിടെ ഒരിക്കൽ ലെസ്ലി പറഞ്ഞു, “പുൽകോർട്ടുകളിൽ നിന്നും ആസ്ട്രോ ടർഫുകളിലേക്കു മാറിയ കാലത്തേ ഇന്ത്യൻ ഹോക്കി മരിച്ചിരിക്കുന്നു, ഇനി യൂറോപ്യൻ ടീമുകളുടെ വേഗത്തോടു കിട പിടിക്കാൻ നമുക്കാവില്ല “. ഏഷ്യൻ ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും നമ്മുടെ ടീമിനു ലോക നിലവാരത്തിലെത്താൻ സാധിക്കാത്തതെന്തേ ? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആ ദീർഘ ദർശിയുടെ വാക്കുകൾ.

Leave a comment