Editorial Foot Ball Top News

ഓസിൽ ഒരു രത്‌നമാണ്; അത് ചൂടാനുള്ള യോഗ്യത എമെറിക്ക് ഇല്ല എന്ന് മാത്രം

October 22, 2019

ഓസിൽ ഒരു രത്‌നമാണ്; അത് ചൂടാനുള്ള യോഗ്യത എമെറിക്ക് ഇല്ല എന്ന് മാത്രം

ഷെഫീൽഡ് യുണൈറ്റഡിനെ നേരിടാൻ ആഴ്‌സണൽ ബ്രമ്മൽ ലെയ്നിൽ ഇറങ്ങുമ്പോൾ ഫുട്ബോൾ ലോകം ഗണ്ണേഴ്സിന്റെ ഒരു അനായാസ വിജയമാണ് പ്രതീക്ഷിച്ചത്. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയർ വിജയിക്കുന്നതാണ് നാം കണ്ടത്. മാനേജർ ആയി രണ്ടാം വർഷം സേവനം അനുഷ്ഠിക്കുന്ന ഉനൈ എമെറിയുടെ പദ്ധതികളുടെ മേൽ സംശയത്തിന്റെ നിഴൽ വീണുതുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച രണ്ടു കാര്യങ്ങളിൽ അദ്ദേഹം തോൽവിയണിഞ്ഞിരിക്കുന്നു – എവേയ് മത്സരങ്ങളിൽ ആഴ്‌സനലിന്റെ മോശം പ്രകടനം മെച്ചപ്പെടുത്തുന്നതിൽ, കെട്ടുറപ്പുള്ള ഒരു പ്രതിരോധം സജ്ജമാകുന്നതിൽ.

എന്നാൽ വെങ്ങറുടെ കാലത്തുള്ള ആഴ്‌സനലിന്റെ ഒരു ഗുണം കൂടി എമെറിയുടെ കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. ഒഴുക്കുള്ള ആക്രമണ ഫുട്ബോൾ കളിക്കാനുള്ള കഴിവ്. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ വെറും 13 ഗോൾ മാത്രമാണ് അവർക്ക് നേടാനായത്. ചെറിയ ടീമുകൾക്ക് എതിരെ പോലും ഒബാമയങ്ങിനെ പോലൊരു സ്‌ട്രൈക്കർ ഉണ്ടായിട്ട് പോലും അവർക്ക് വലചലിപ്പിക്കാൻ ആകുന്നില്ല.

ഇവിടെ അവർക്ക് ആവശ്യം പ്രധിരോധ കോട്ടകളെ കീറിമുറിച്ചു പാസ് നല്കാൻ കഴിവുള്ള, അത്യാവശ്യ സമയങ്ങളിൽ ഗോൾ നേടാനും കഴിവുള്ള ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡറെ ആണ്. ഇന്ന് ഓസിലിനെ പോലെ മേൽ പറഞ്ഞ ഗുണങ്ങൾ ഉള്ള ഒരു കളിക്കാരനെ കിട്ടാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ എമേറി ഓസിൽ പ്രധിരോധ ജോലികൾ ചെയ്യാൻ മടിക്കുന്നു എന്ന കാരണം പറഞ്ഞു അദ്ദേഹത്തിന് അവസരങ്ങൾ നിഷേധിക്കുന്നു.ഷെഫീൽഡ് യുണൈറ്റഡിനെ എതിരെ ബെഞ്ചിൽ പോലും ഓസിലിനെ കാണാൻ സാധിക്കാഞ്ഞതിന്റെ ഔചിത്യം എത്ര ആലോചിട്ടും മനസിലായില്ല. ഒബാമയങ്ങും, സാക്കയും, പെപ്പെയും ഉള്ള ആക്രമണ നിരക്ക് ബോളുകൾ എത്തിച്ചു നല്കാൻ മധ്യനിരക്ക് സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം. വെറും 3 ഷോട്ടുകൾ മാത്രമാണ് 90 മിനുട്ടിൽ ഷെഫീൽഡ് ഗോൾ മുഖത്തേക്ക് ആഴ്സണലിന്‌ പായിക്കാൻ സാധിച്ചത്.

അനാവശ്യ വിമർശനങ്ങൾക്ക് വിധേയനായ താരമാണ് ഓസിൽ. ആഴ്‌സനലിന്റെ മോശം പ്രകടനത്തിന്റെ പ്രതീകമായി വരെ അദ്ദേഹത്തെ കണ്ടവരുണ്ട്. എന്നാൽ ആഴ്സണലിന്റെ എക്കാലത്തെയും പ്രശനം മോശം പ്രതിരോധമാണ്. മാത്രമല്ല അലക്സ് സോങ് ബാഴ്സയിൽ പോയതിനു ശേഷം അവർക്ക് നല്ലൊരു ഡിഫെൻസിവ് മിഡ്‌ഫീൽഡറെ ലഭിച്ചിട്ടില്ല. ഈ ടീമിൽ കളിച്ചു കൊണ്ടാണ് 2017 ഏറ്റവും വേഗത്തിൽ 50 അസിസ്റ്റ് പ്രീമിയർ ലീഗിൽ നേടിയ താരമായി ഓസിൽ മാറിയതെന്ന് എല്ലാവരും സൗകര്യപൂർവം മറക്കുന്നു.

അതെ ഓസിൽ ഒരു രത്‌നമാണ്. അത് അദ്ദേഹത്തിന്റെ കളി ആസ്വദിച്ചവർക്ക് മനസിലാകും. എന്നാൽ അദ്ദേഹം പ്രധിരോധ ജോലികളിൽ അല്പം പിന്നോട്ടാണ്. എന്നാൽ അദ്ദേഹത്തിന്റെ കാലിൽ നിന്ന് ബോൾ തട്ടി പറിക്കാൻ വളരെ പ്രയാസമാണ്. ഈ ഗുണവും ഒന്നുമില്ലായ്മയിൽ നിന്ന് അവസരണങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ മേൽ പറഞ്ഞ കുറവിനെ പരിഹരിക്കും. പക്ഷെ നല്ലൊരു പ്രതിരോധവും ഒരു നല്ല ഡിഫെൻസിവ് മിഡ്‌ഫീൽഡറും കൂടെ വേണമെന്ന് മാത്രം.

ഈ രണ്ടു കാര്യങ്ങളാണ് ആഴ്‌സണൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കേണ്ടത്. ടൊറേറയും ഗണ്ഡൂസിയും മധ്യനിരയെ ഭദ്രമാക്കാൻ കഴിവുള്ള കളിക്കാരാണ്. എന്നാൽ എമെറിക്ക് കൂടുതൽ വിശ്വാസം വീഴ്ചകൾ വരുത്താൻ സാധ്യത ഉള്ള ഷക്കയെ ആണ്. പ്രതിരോധത്തിലെ വിള്ളലുകൾ അടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. ഈ ടീമിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് ഓസിലിന്റെ മാത്രമാണ്.

സെബേയോസും വില്ലൊക്കും നല്ല കളിക്കാർ തന്നെയാണ്. പക്ഷെ ഒന്നുമില്ലായ്മയിൽ നിന്ന് അവസരങ്ങൾ ശ്രിഷ്ട്ടിക്കാനുള്ള കഴിവ് രണ്ടു പേർക്കും ഇല്ല. മാത്രമല്ല അവശ്യ സമയത്തു ഗോളുകൾ കണ്ടത്താനും ഇരുവർക്കും സാധിക്കുന്നില്ല. ആയതിനാൽ എമെറിക്ക് ഓസിലിനെ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. പ്രിത്യേകിച്ചും ലകാസറ്റും മടങ്ങി വരുന്ന വേളയിൽ.

പെപ്പെ, ഓബ, ലാക്ക ത്രയത്തിന് ഓസിൽ ബോളുകൾ നൽകുന്ന സ്വപ്നം തന്നെ അതിമനോഹരമാണ്. പക്ഷെ ഈ ടീമും എമേറിയും ആ താരത്തിന്റെ സേവനം അർഹിക്കുന്നില്ല എന്നൊരു തോന്നൽ.

Leave a comment