Cricket Editorial Top News

ടെസ്റ്റ്‌ ക്രിക്കറ്റ്‌; വിദേശവും സ്വദേശവും

October 21, 2019

author:

ടെസ്റ്റ്‌ ക്രിക്കറ്റ്‌; വിദേശവും സ്വദേശവും

“ഞങ്ങൾക്കായി അവർ ഒരുക്കുന്നത് സ്പിന്നിനെ മാത്രം അനുകൂലിക്കുന്ന പിച്ചാണ്. അവരൊരുക്കുന്ന ചതിക്കുഴികളിൽ പെട്ട ഞങ്ങൾ പ്രയാസപ്പെടുന്നു.”

മത്സരങ്ങൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കെത്തുന്ന മിക്ക വിദേശ ക്രിക്കറ്റ്‌ ടീം നായകന്മാരുടെയും സ്ഥിരം പല്ലവിയാണിത്. നായകൻമാർ മാത്രമല്ല പല മുൻ താരങ്ങളും ഇന്ത്യയിൽ ഓരോ ടെസ്റ്റ്‌ സീരീസ് അവസാനിക്കുമ്പോഴും ഈ വാദഗതിയുമായി വരുന്നു. പ്രത്യേകിച്ച് നിലവിൽ ഐ. സി. സി ടെസ്റ്റ്‌ ചാമ്പ്യൻഷിപ് മത്സരങ്ങൾ കൂടി നടക്കുമ്പോൾ ഈ വാദത്തിനു ശക്തിയേറുമെന്നു തീർച്ച.

നിലവിലെ സാഹചര്യങ്ങളിൽ പക്ഷെ അത്തരമൊരു വാദം പ്രസക്തമാണോ?. ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന എല്ലാ രാജ്യങ്ങളും അവരുടെ ടീമിനു സഹായകമായ ഹോം പിച്ചുകൾ ഒരുക്കാറുണ്ടല്ലോ. അതു മാത്രമല്ല ഏതു സാഹചര്യങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുന്ന ടീം തന്നെയല്ലേ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കിരീടമണിയേണ്ടത്?.

ഇന്ത്യയിലെ സ്പിൻ പിച്ചുകളെ പുച്ഛിച്ചു തള്ളുന്ന പ്രഗത്ഭരോട് ചില ചോദ്യങ്ങളുണ്ട്.
എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇതുവരെയും സ്പിൻ പിച്ചുകളിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുന്ന കളിക്കാരെ വാർത്തെടുക്കാൻ സാധിക്കാത്തത്?. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിങ്ങളുടെ പേസ് ബൗളർമാർ പരാജയപ്പെടുന്നിടത്തു തന്നെയല്ലേ ഹോം ടീമുകളുടെ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നത്?. ഇപ്പോൾ നടക്കുന്ന ടെസ്റ്റിൽ തന്നെ പേരുകേട്ട ദക്ഷിണാഫ്രിക്കൻ പേസ് നിരയെക്കാൾ മികച്ച പ്രകടനം ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർ കാഴ്ചവെക്കുന്നുണ്ടല്ലോ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിദേശ ടീമുകൾ പരാജയപ്പെടുന്നതു പ്രധാനമായും ശാരീരികമായല്ല. മറിച്ചു മാനസികമായി സ്വയം സൃഷ്ടിക്കുന്ന സമ്മർദ്ദം മൂലമാണ്.

ഹോം ടീമിനനുകൂലമായി പിച്ചുകൾ നിർമ്മിക്കപ്പെടുന്നത് ഇന്ത്യയിൽ മാത്രമല്ല. വിദേശ രാജ്യങ്ങളിലും ഇതുതന്നെയല്ലേ അവസ്ഥ?. ഇംഗ്ലണ്ടിലെ സ്വിങ്ങിങ് കണ്ടീഷനിൽ എത്ര വിദേശ ടീമുകൾ അടിയറവു പറഞ്ഞിട്ടുണ്ട്?. ജെയിംസ് ആൻഡേഴ്സൺ എന്ന അവരുടെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളറുടെ കരിയർ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും ഇംഗ്ലണ്ടിലെ സ്വിങ്ങിങ് ബോളുകൾ അയാളെ എത്രയധികം സഹായിക്കുന്നുണ്ടെന്ന്. പെർത്തിലും ജോഹന്നാസ് ബെർഗിലുമൊക്കെ എത്ര ഏഷ്യൻ ബാറ്റ്സ്മാൻമാരുടെ രക്തത്തുള്ളികൾ വീണിട്ടുണ്ട്?. തലയ്ക്കു മുകളിൽ കുതിയുയരുന്ന പന്തുകൾക്കും ക്രീസിൽ ബാറ്സ്മാനെ നൃത്തം ചെയ്യിക്കുന്ന പന്തുകൾക്കും വേണ്ടി പിച്ചുകൾ തയ്യാറാക്കുകയെന്നത് ഒരുപോലെ തന്നെയാണ്. ഇരു തരത്തിലുമുള്ള പിച്ചുകൾ തയ്യാറാക്കുന്നവർ ഒരുപോലെ വിമർശനത്തിന് അർഹരാണ്.

വിദേശപിച്ചുകളിലെ മത്സരങ്ങൾ ഏതൊരു ടീമിന്റെയും കളിക്കാരന്റെയും പ്രതിഭയുടെ ലിറ്റമസ്‌ ടെസ്റ്റാണ്. ഇന്ത്യയിൽ ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ കളിക്കാരനെയും ആ അഗ്നിപരീക്ഷ കാത്തിരിക്കുന്നു. അതിനെ അതിജീവിച്ചു മുന്നേറുകയാണ് വേണ്ടത്. അങ്ങനെയുള്ളവരുടെ പേരുകൾ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കും.

Leave a comment