Editorial Foot Ball Top News Uncategorised

ഐ. എസ്. എൽ; എ. റ്റി. കെ യെ തകർത്തു കൊമ്പന്മാർ

October 20, 2019

author:

ഐ. എസ്. എൽ; എ. റ്റി. കെ യെ തകർത്തു കൊമ്പന്മാർ

കാത്തിരിപ്പിനു വിരാമമായി, ഇന്ത്യൻ സൂപ്പർ ലീഗിനു കൊച്ചിയിൽ തുടക്കമായി. അതും ആരാധകരുടെ പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തോടെ. കൊച്ചിയെ ഇളക്കിമറിച്ച ആഘോഷരാവിനൊടുവിൽ ആരാധകരുടെ കണ്ണിനെയും മനസ്സിനെയും നിറച്ചാണ് കേരളത്തിന്റെ കൊമ്പന്മാർ കളം വിട്ടത്.

പുതിയ സീസണിലെ ആദ്യമത്സരം തന്നെ അത്യന്തം വാശിയേറിയതായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ആർത്തുവിളിച്ച ഗാലറിക്കുമുന്നിൽ തുടക്കത്തിലേ ലീഡ് നേടാനുള്ള ശ്രമങ്ങൾ A.T.K തുടങ്ങി. അതിൽ അവർ വിജയിക്കുകയും ചെയ്തു. ആറാം മിനുട്ടിൽ ജാവി ഹെർണാണ്ടസെടുത്ത ഫ്രീകിക്കിൽ അഗസ് ഗാർഷ്യയുടെ ഹെഡ്‍ർ പാസ് സ്വീകരിച്ച മിഡ് ഫീൽഡർ കാൾ മാക്ഹ്യുജിന്റെ മനോഹരമായ വോളി ഗോൾ കീപ്പർ ബിലാൽ ഖാനെ പരാജയപ്പെടുത്തി കേരള വലയിലെത്തി.

തോൽവികളുടെ ചരിത്രം വീണ്ടും കേരളത്തിനെ വേട്ടയാടുന്നുവെന്നു തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ഓസ്ട്രേലിയൻ ലീഗിൽ വെല്ലിംഗ്ടൺ ഫീനിക്സ് ക്ലബ്ബിനു വേണ്ടി ഒരുമിച്ചു കളിച്ച ഒത്തിണക്കം പുതിയ ക്ലബ്ബിനുവേണ്ടിയും പ്രകടിപ്പിച്ച റോയ് കൃഷ്ണ – ഡേവിഡ് വില്യംസ് ദ്വയം കേരള പ്രതിരോധത്തിനു വീണ്ടും തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കരുത്തും വേഗതയും നിറഞ്ഞ ഫിജിയൻ താരത്തിനൊപ്പം ഓടിയെത്താൻ പോലും കേരള ഡിഫൻഡർമാർ പാടുപെട്ടു. അൽപം ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കിൽ ഒന്നിലധികം തവണ ഗോൾസ്കോറർമാരുടെ പട്ടികയിൽ ഈ ഫിജിയൻ താരം ഇടം നേടിയേനെ.

പക്ഷേ ഈ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെതായിരുന്നു. ജൈറോയെ പെനാൽറ്റി ബോക്സിൽ പ്രണോയ് ഹാൽഡർ ജേഴ്സിയിൽ വലിച്ചതിനു ലഭിച്ച പെനാൽറ്റി അനായാസം വലയിലാക്കിയ ബർത്തലോമ്യോ ഓഗ്‌ബച്ചേ അതു വ്യക്തമാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടുമൊരിക്കൽകൂടി ആ നൈജീരിയൻ താരത്തിന്റെ ബൂട്ടുകൾ ശബ്ദിച്ചു. അയാളുടെ ശക്തമായ ഷോട്ട് ക്രോസ് ബാറിലിടിച്ചു ഗോൾവലയിലിറങ്ങിയതോടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

രണ്ടാം പകുതിയിലും മികച്ച കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ജൈറോയും മരിയോ ആർകേസും സിൽവർലൂനുമടങ്ങിയ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. സൂസൈരാജിലൂടെ റോയിലേക്കും വില്യംസിലേക്കുമെത്തിയ പന്തുകളുടെ വീര്യം കെടുത്താൻ അവർക്കു സാധിച്ചു. ജൈറോയായിരുന്നു മികച്ചുനിന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഇത്രയും ഒത്തിണക്കത്തോടെ കളിക്കാൻ അയാൾക്കു സാധിച്ചു. സന്ദീഷ് ജിങ്കന്റെ അഭാവം ടീമിനെ ബാധിക്കാതിരിക്കാനും ഈ പ്രകടനങ്ങൾക്കു സാധിച്ചു. തുടരെ കോർണറുകൾ നേടി കൊൽക്കൊത്ത സമ്മർദ്ദം ചെലുത്തിയിട്ടും തുടർച്ചയായി പിഴവുകൾ വരുത്തിയ ഗോൾ കീപ്പറുടെ മോശം പ്രകടനത്തിലും ടീമിനു തുണയായി നിന്നത് കേരളത്തിന്റെ ഉരുക്കു കോട്ടയായിരുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചതെങ്കിലും ലീഗിലെ മോശം റഫറിയിങ് പലപ്പോഴും രസം കെടുത്തുന്ന കാഴ്ചയാണ് കൊച്ചിയിൽ കണ്ടത്. മത്സരം 2-1 നു കേരളം ജയിച്ചെങ്കിലും ജയിച്ചത് കൊച്ചിയിലെ കാണികളാണ്. തൊണ്ണൂറു മിനുട്ടും തങ്ങളുടെ ടീമിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച കേരള ആരാധകരാണ് ഈ വിജയത്തിനു പിന്നിലെ യഥാർത്ഥ ശക്തി. ആ ശക്തിയിൽ നിന്നും ആവേശമുൾക്കൊണ്ട കേരള ബ്ലാസ്റ്റേഴ്‌സ് വിജയങ്ങൾ തുടരട്ടെ.

Leave a comment