ഐ. എസ്. എൽ; സ്പാനിഷ് മസാലയൊരുക്കി ജംഷഡ്പൂർ
ഉരുക്കിന്റെ നഗരമാണ് ജംഷഡ്‌പൂർ. ജംഷഡ്പൂർ എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് 2016-17 സീസണിൽ അരങ്ങേറുമ്പോൾ അവരിൽ നിന്നും പ്രതീക്ഷിച്ചതും അത്തരമൊരു പ്രകടനമായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു സീസണുകളിലും പ്രതീക്ഷയ്‌ക്കൊത്തുയരാൻ അവർക്കു സാധിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ കിരീടക്ഷാമത്തിന് അറുതി വരുത്താനാണ് ഇത്തവണ അവരുടെ വരവ്.
കഴിഞ്ഞ സീസണിൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട പ്ലേയോഫ് സ്ഥാനം ഇക്കുറി നേടാനുള്ള വാശിയിലാണ് ജംഷെഡ്പൂർ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്ത മുന്നേറ്റനിര താരം സി. കെ വിനീതിനെ തട്ടകത്തിലെത്തിച്ചാണ് അവർ സീസണുള്ള തയ്യാറെടുപ്പു തുടങ്ങിയത്. വിനീതിനൊപ്പം തന്റെ നാട്ടിൽ നിന്നുള്ള ഒരുപിടി മികച്ച ഫോർവേഡുകളേയാണ് സ്പെയിൻകാരനായ പരിശീലകൻ അന്റോണിയോ ഇറിയോണ്ടോ ടീമിലെത്തിച്ചിരിക്കുന്നത്. അത്ലറ്റികോ മാഡ്രിഡ് ബി ടീമിൽ നിന്നും ലോണിലെത്തിയ സെർജിയോ കാസിലും പിറ്റിയുമാണ് അവരുടെ മുന്നേറ്റനിരയിലെ വിദേശതാരങ്ങൾ. ഇന്ത്യൻ താരങ്ങളായ അനികേത് ജാദവും സുമിത് പാസ്സിയും ഫാറൂഖ് ചൗധരിയും ഇവർക്കു കൂട്ടായുണ്ട്.
സ്പാനിഷ് താരങ്ങൾ തന്നെയാണ് ജംഷദ്പൂരിന്റെ മധ്യനിരയിലും നിറയുന്നത്.
സ്‌പെയിൻകാരായ ഐറ്റർ മൺറോ, നോയ് അക്കോസ്റ്റ, ബ്രസീൽ താരം മെമോ എന്നിവർക്കൊപ്പം അമർജിത് സിങ്, ബികാഷ് ജൈറോ എന്നീ ഇന്ത്യൻ താരങ്ങളും അവർക്കുണ്ട്. വിദേശ താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചതാകും പ്രധാനമായും ജംഷെദ്‌പൂരിന്റെ മധ്യനിര ചലിക്കുക.
പ്രതിരോധനിരയിലും ഒരു സ്പാനിഷ് സുഗന്ധം വരുത്തുവാൻ പരിശീലകൻ നന്നായി ശ്രമിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ നായകൻ ടിരിയാണ് ഉരുക്കുകോട്ടയുടെ പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുക. ടിരിയ്ക്കൊപ്പം ഇന്ത്യൻ താരങ്ങളായ അഗസ്റ്റിൻ ഫെർണാണ്ടസ്, ജോയ്നർ, കരൺ ആമീൻ, കീഗൻ പെരേര, റോബിൻ ഗുരുങ്ങ് മുതലായവരും ജംഷദ്പൂരിന്റെ പ്രതിരോധം ശക്തമാക്കുന്നു. ആരാധകർക്കായി ഒരു സ്പാനിഷ് മസാല തന്നെയാണ് പരിശീലകൻ ഇറിയോൻഡോയും സഹ പരിശീലകൻ സ്റ്റീവൻ ഡയസും ചേർന്നു ഒരുക്കുന്നത്.
കൂടാതെ. ഇന്ത്യൻ സൂപ്പർമാൻ സുബ്രതാ പോൾ ബാറിനു കീഴിലെ സ്ഥിരം സാന്നിധ്യമാകുമ്പോൾ ജംഷഡ്പൂരിന്റെ ശക്തി അവരുടെ പ്രതിരോധം തന്നെയെന്നു നിസ്സംശയം പറയാം.
മൂന്നാമങ്കത്തിൽ കിരീടം നേടാനുറച്ചാണ് ജംഷെദ്‌പൂരിന്റെ വരവ്. മികച്ച പ്രതിരോധവും പരിചയസമ്പന്നമായ ആക്രമണവുമായി അവർ വരുമ്പോൾ ഐ. എസ്. എൽ കിരീടം ഉരുക്കു നഗരിയിലേക്കെത്തുമെന്നു പ്രതീക്ഷിക്കാം.






































