Editorial Foot Ball Top News

ഐ. എസ്. എൽ; മൂന്നാം കിരീടം തേടി ATK

October 18, 2019

author:

ഐ. എസ്. എൽ; മൂന്നാം കിരീടം തേടി ATK

ഇന്ത്യൻ ഫുടബോളിൽ ബംഗാളിന്റെ പ്രാധാന്യം പ്രത്യേകം പരാമര്ശിക്കേണ്ട കാര്യമില്ലല്ലോ. അത്രയേറെ പെരും പെരുമയുമുണ്ട് വംഗദേശത്തിന്റെ ഫുട്ബോൾ ചരിത്രത്തിന്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കളിക്കാരെയും ക്ലബ്ബുകളെയും സമ്മാനിച്ച ബംഗാളിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ സാന്നിധ്യമാണ് ATK.

സ്പാനിഷ് ക്ലബ്‌ അത്ലറ്റികോ മാഡ്രിഡുമായി സഹകരിച്ചു രൂപീകരിക്കപ്പെട്ട ATK ആദ്യ സീസണിൽത്തന്നെ കിരീടവുമായാണ് തിരിച്ചു കയറിയത്. ആദ്യ സീസൺ മുതൽക്കെത്തന്നെ മികച്ച അന്താരാഷ്ട്ര താരങ്ങളെ ടീമിലെത്തിയ്ക്കുവാനും അവർക്കു സാധിച്ചിട്ടുണ്ട്. മൂന്നാം സീസണിൽ വീണ്ടും ഐ.എസ്. എൽ കിരീടം നേടിയ ATK ഇത്തവണ മൂന്നാം കിരീടം നേടാനുറച്ചുതന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്.

ഇത്തവണയും ഇന്ത്യൻ ഫുട്‍ബോളിനെ ഞെട്ടിക്കുന്ന ഒരു വർത്തയുമായാണ് ATK സീസണു തുടക്കമിട്ടത്. ഫിജി ദേശീയ ടീം ക്യാപ്റ്റനായ മുന്നേറ്റ നിര താരം റോയ് കൃഷ്ണയെയാണ് അവർ ടീമിലെത്തിച്ചത്. ഫിജിയ്ക്കായി നാൽപതു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപതു ഗോളുകൾ നേടിയിട്ടുള്ള റോയുടെ ബൂട്ടുകൾ ATK യ്ക്കുവേണ്ടി ശബ്ദിക്കാൻ തുടങ്ങിയാൽ എതിരാളികളുടെ ഉറക്കം നഷ്ടപ്പെടുമെന്ന തീർച്ച. മലയാളി താരം ജോബി ജസ്റ്റിനും ഇന്ത്യൻ ഇന്റർനാഷണൽ ബൽവന്ത് സിങ്ങും ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസും അണിനിരക്കുന്ന ATK മുന്നേറ്റനിര അതിശക്തമാണ്.

ATK മധ്യനിരയിലും ശ്രദ്ധേയമായ സാന്നിധ്യങ്ങളുണ്ട്. ഇന്ത്യൻ പ്രതിഭകളായ മൈക്കൽ സൂസൈരാജ്, പ്രണോയ് ഹാൽഡർ, ജയേഷ് റാണെ, കോമൾ തട്ടൽ, സെന്ജ സിങ് എന്നിവർക്കൊപ്പം വർഷങ്ങളായി ഐ.എസ്.എൽ അനുഭവസമ്പത്തുള്ള സ്പാനിഷ് താരം എദു ഗാർഷ്യയും സ്‌പെയിനിൽ നിന്നുതന്നെയുള്ള ജാവി ഹെർണാണ്ടസും അയർലൻഡ് താരം കാൾ മാക്ഹ്യുവും ചേരുമ്പോൾ ATK മധ്യനിരയിൽ ആരാധകർക്ക് ഒരുപാടു പ്രതീക്ഷകൾ അർപ്പിക്കാം.

ഇന്ത്യൻ ഇന്റര്നാഷനലുകളായ അനസ് എടത്തൊടിക്ക, പ്രീതം കോട്ടൽ എന്നിവരുടെ അനുഭവസമ്പത്തിലാണ് ATK പ്രതിരോധം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് കൂടാതെ അനിൽ ചവാൻ, പ്രബീർ ദാസ്, അങ്കിത് മുഖർജി എന്നീ ഇന്ത്യൻ താരങ്ങളും സ്പാനിഷ് താരം അഗുസ് ഗാർഷ്യ, ഇംഗ്ളീഷ് താരം ജോൺ ജോൺസൺ എന്നിവരും അവരുടെ പ്രതിരോധത്തിനു കരുത്തേകും. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെ ശ്രദ്ധേയനായ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ധീരജ് സിംഗ്, അരിന്ദം ഭട്ടാചാര്യ, ലാറ ശർമ എന്നിവരാണ് കൊൽക്കൊത്ത ഗോൾവല കാക്കുക.

ആദ്യ സീസണിൽ തങ്ങൾക്കു കിരീടം നേടിത്തന്ന പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസിന്റെ കീഴിലാണ് ഇത്തവണ ATK പോരിനിറങ്ങുന്നത്. ഒരിക്കൽ കൂടി ഹബ്ബാസിനും സംഘത്തിനും ആ കിരീടത്തിൽ മുത്തമിടാനാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Leave a comment

Your email address will not be published. Required fields are marked *