Editorial legends Top News

ചുനി ഗോസ്വാമി; ഇന്ത്യൻ കായികരംഗത്തെ കംപ്ലീറ്റ് പാക്കേജ്

October 15, 2019

author:

ചുനി ഗോസ്വാമി; ഇന്ത്യൻ കായികരംഗത്തെ കംപ്ലീറ്റ് പാക്കേജ്

ഇന്ത്യയിലെ എറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ ഡുറാന്റ് കപ്പിന്റെ ചരിത്രത്തിൽ എൺപതുകൾ വരെ മുറതെറ്റാതെ നടന്നിരുന്ന ഒരു ചടങ്ങായിരുന്നു ഫൈനലിന്റെ തലേന്ന് ഫൈനലിൽ പ്രവേശിക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാർക്കുള്ള രാഷ്ട്രപതിയുടെ ചായ സൽക്കാരം. അത്തരമൊരു സത്കാരത്തിനിടയിൽ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ അന്നത്തെ മോഹൻ ബഗാൻ ക്യാപ്റ്റനോട് പറഞ്ഞു “ചുനി, താങ്കൾ ഈ സൽ്കാരങ്ങളിലെ സ്ഥിരം മുഖമായി മാറിയിരിക്കുന്നു”. ഡുറാന്റ് കപ്പുകളിലെ മാത്രമല്ല ഇന്ത്യൻ ഫുട്ബാളിന്റെ തന്നെ മുഖമായിരുന്നു “സുബിമൽ ഗോസ്വാമി” എന്ന “ചുനി ഗോസ്വാമി”.

ഗോസ്വാമിയെ എങ്ങനെയാണു വിശേഷിപ്പിക്കുക, ക്രിക്കറ്റ് കളിക്കുന്ന ഫുട്ബോൾ താരമെന്നോ, ഫുട്ബോൾ കളിക്കുന്ന ക്രിക്കറ്റ താരമെന്നോ ?. 1962 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു സ്വർണം നേടിത്തന്ന ഗോസ്വാമിയിലെ ഫുട്ബോളറെയോ സാക്ഷാൽ രോഹൻ കൻഹായി അടങ്ങുന്ന വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയെ ഇന്നിങ്സിനു തകർത്തുവിട്ട ഗോസ്വാമി എന്ന് ക്രിക്കറ്റ്‌റെയോ നമുക്കു രണ്ടാം സ്ഥാനത്തേക്ക് തരം താഴ്ത്താൻ കഴിയുകയില്ല.

1938 ജനുവരി 15നു അവിഭക്ത ബംഗാളിലെ കിഷോർഗഞ്ച ജില്ലയിലാണ് ഗോസ്വാമി ജനിച്ചത്. തന്റെ എട്ടാം വയസ്സിൽ മോഹൻ ബഗാൻ ജൂനിയർ ടീമിനു വേണ്ടി ബൂട്ടു കെട്ടി കളി തുടങ്ങിയ ഗോസ്വാമി പിന്നീട് 1968 ൽ വിരമിക്കുന്നത് വരെയും മറ്റൊരു ക്ലബ്ബിനെ പ്രധിനിധീകരിച്ചിട്ടില്ല. ക്ലബ്ബിലെ മികച്ച പ്രകടനങ്ങൾ ഗോസ്വാമിക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി ആദ്യമായി ബൂട്ടു കെട്ടിയ ഗോസ്വാമി ഇന്ത്യൻ പരിശീലകൻ അബ്ദുൽ റഹീമിന്റെ വജ്രായുധമായാണ് കരുതപ്പെട്ടിരുന്നത്. നിർണായക ഘട്ടങ്ങളിൽ ഗോളുകൾ അടിക്കുന്ന ഗോസ്വാമി തന്റെ കോച്ചിന്റെ പ്രതീക്ഷ തെറ്റിച്ചിരുന്നില്ല. സമ്മർദ്ദത്തിൽ പതറാത്ത ഗോസ്വാമിയുടെ പ്രകടനങ്ങൾ അദ്ദേഹത്തെ അധികം വൈകാതെ തന്നെ ടീമിന്റെ നായകനാക്കി മാറ്റി.

നായകനെന്ന നിലയിൽ തിളക്കമാർന്ന റെക്കോർഡുകളാണ് ഗോസ്വാമിക്കുള്ളത്. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ നേടിയ സ്വർണമെഡൽ തന്നെയാണ് അവയിൽ ഏറ്റവും മികച്ചത്. സെമിഫൈനലിൽ വിയറ്റ്നാമിനെതിരെ ഒരുഗോളിന് പിന്നിൽ നിൽക്കുമ്പോൾ ചുനി നേടിയ ഇരട്ട ഗോളുകൾ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേ തന്നെ ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്നാണ്. നാലു വർഷങ്ങൾക്കു ശേഷം ടെൽ അവീവിൽ നേടിയ ഏഷ്യൻ ഗെയിംസ് വെള്ളി മെഡലും 1964 മെർദേക കപ്പിൽ നേടിയ വെള്ളിമെഡലും ഗോസ്വാമിയുടെ നായക ചരിത്രത്തിലെ രജതരേഖകളായി കരുതപ്പെടുന്നു. 1956 മുതൽ 64 വരെ ഇന്ത്യൻ ദേശീയടീമിനെ പ്രതിനിധീകരിച്ച ഗോസ്വാമി 50 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്.

മോഹൻ ബഗാൻ എന്ന കൽക്കട്ട ഫുട്ബോൾ ഭീമന്മാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ഗോസ്വാമിയുടെ സ്ഥാനം. 1954 മുതൽ 65 വരെ ബഗാന്റെ ആക്രമണനിരയിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഗോസ്വാമി 1960 മുതൽ 64 വരെ ബഗാന്റെ നായകസ്ഥാനവും വഹിച്ചു. ഈ അഞ്ചു വർഷക്കാലവും അക്കാലത്തെ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാന ടൂര്ണമെന്റായിരുന്ന ഡുറാന്റ് കപ്പിനു മറ്റൊരു അവകാശിയുണ്ടായിരുന്നില്ല. അഞ്ചു കൽക്കട്ട ലീഗ് കിരീടങ്ങളും ഗോസ്വാമിയുടെ നേതൃത്വത്തിൽ ബഗാൻ സ്വന്തമാക്കി. കളിക്കാരൻ എന്നതിലുപരി ബഗാന്റെ കടുത്ത ഒരു ആരാധകൻ കൂടിയായിരുന്നു ഗോസ്വാമി. അറുപതുകളിൽ തന്റെ പ്രതാപ കാലത്ത് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാമിൽ നിന്നു വന്ന ക്ഷണം നിരസിക്കാൻ അദ്ദേഹത്തിനു രണ്ടാമതൊന്നാലോചിക്കേണ്ടി വരാതിരുന്നതും അക്കാലത്തെ ഏറ്റവും വിലകൂടിയ ഫിയറ്റ് കാറടക്കമുള്ള ഈസ്റ്റ്‌ ബംഗാളിന്റെ പ്രലോഭനത്തോടു മുഖം തിരിച്ചതും ഈ ആരാധന കൊണ്ടായിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ബഗാനു വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ ഗോസ്വാമിയെ ക്ലബ്‌ 2005 ൽ “മോഹൻ ബഗാൻ രത്‌ന” ബഹുമതി നൽകി ആദരിച്ചു.

മികച്ച പ്രകടനങ്ങൾ ഗോസ്വാമിക്ക് ഒട്ടേറെ ബഹുമതികൾ നേടിക്കൊടുത്തു. 1962 ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫോർവേഡ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനെ രാജ്യം 1963ൽ അർജുന അവാർഡ് നൽകിയും ആദരിച്ചു.

ഫുട്ബോളിൽ തിളങ്ങിയിരുന്ന കാലഘട്ടത്തിൽ തന്നെ ക്രിക്കറ്റിലും ഗോസ്വാമി തന്റെ കഴിവു തെളിയിച്ചിരുന്നു. 1962ൽ ബംഗാളിന് വേണ്ടി രഞ്ജിയിൽ അരങ്ങേറിയ ഗോസ്വാമിയുടെ പന്തുകൾ ഗോൾവലകൾ ആക്രമിക്കുന്ന അതേ കരുത്തോടെ വിക്കറ്റുകൾ വീഴ്ത്തുവാൻ തുടങ്ങി. നല്ലൊരു സ്വിങ് ബൗളറായിരുന്ന ഗോസ്വാമിയുടെ ലെഗ് കട്ടറുകൾ വളരെ പ്രശസ്തമായിരുന്നു. 1966 ലെ വെസ്റ്റ്‌ ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ പരിശീലന മത്സരത്തിൽ സെൻട്രൽ ആൻഡ് ഈസ്റ്റ്‌ സോണിനു വേണ്ടി ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഗോസ്വാമി സാക്ഷാൽ ക്ലൈവ് ലോയ്ഡിന്റെ പോലും പ്രശംസ ഏറ്റുവാങ്ങി. ഒരിന്നിസിനും പത്തു റൻസിനുമായിരുന്നു ലോകത്തെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ആ മത്സരത്തിൽ അടിയറവു പറഞ്ഞത്.

രഞ്ജി ട്രോഫിയിലും തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ ഗോസ്വാമിക്ക് കഴിഞ്ഞു. 1969 രഞ്ജി ട്രോഫിയിൽ ഗോസ്വാമിയുടെ നേതൃത്വത്തിൽ ബംഗാൾ ടീം ഫൈനലിൽ പ്രവേശിച്ചു. രഞ്ജിയിലെ
അതികായന്മാരായ ബോംബേയുമായി നടന്ന ഫൈനലിൽ തോറ്റെങ്കിലും ഇരു ഇന്നിങ്‌സുകളിലായി യഥാക്രമം 84, 91 എന്നീ സ്‌കോറുകൾ നേടിയ ഗോസ്വാമിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

1973ൽ കായികരംഗത്തുനിന്നും വിരമിച്ച അദ്ദേഹം 1986 മുതൽ 89 വരെ ടാറ്റാ ഫുട്ബോൾ അക്കാദമി ഡയറക്ടർ ആയും 1990-91 സീസണിൽ ഇന്ത്യൻ ദേശീയ ടീം പരിശീലകനായും സേവനമനുഷ്ഠിച്ചു. 1983 ൽ അദ്ദേഹം പദ്മശ്രീ ബഹുമതിക്കും അര്ഹനായിട്ടുണ്ട്.

വിരമിച്ചശേഷം ഒരിക്കൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ഗോസ്വാമി പറഞ്ഞു, “അന്നത്തെ ഫുട്ബോൾ സീസൺ വളരെ ചെറുതായിരുന്നു, ജനുവരിയിൽ ഡുറാന്റ് കപ്പ്‌ കഴിഞ്ഞാൽ ഞാൻ ബംഗാളിന്റെ രഞ്ജി ക്യാമ്പിൽ ചേരും”. പൂർണ കായികതാരം എന്ന വാക്കിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ചുനി ഗോസ്വാമി.

Syam…

Leave a comment

Your email address will not be published. Required fields are marked *