Cricket Editorial Top News

വിരാട് കോഹ്ലി അശ്വമേധം തുടരുമ്പോൾ

October 11, 2019

author:

വിരാട് കോഹ്ലി അശ്വമേധം തുടരുമ്പോൾ

വിരാട് കോഹ്ലി ഇപ്പോഴൊരു യാത്രയിലാണ്. മൂന്നു ഫോർമാറ്റുകളുടെയും ഒരേയൊരു രാജാവാകാനുള്ള യാത്ര. ഐതിഹാസികമായ ആ യാത്രയിലെ മറ്റൊരു പടവുമാത്രമാണ് ഇന്നയാൾ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ താണ്ടിയത്.

രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായശേഷം ക്രീസിൽ ഒത്തുചേർന്ന മായങ്കും പൂജാരയും ചേർന്നു ടീം സ്കോറിനെ ഭേദപ്പെട്ട നിലയിലെത്തിച്ചിരുന്നു. നാലാമനായിറങ്ങിയ വിരാടിന് മികച്ച സ്കോർ നേടാനുള്ള പ്ലാറ്റ്ഫോം ഒരുക്കിയതിനു ശേഷമായിരുന്നു ആ കൂട്ടുകെട്ട് വഴിപിരിഞ്ഞത്.

ടീം സ്കോർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 163 റണ്ണുകളിലെത്തുമ്പോഴാണ് വിരാട് ക്രീസിലെത്തുന്നത്. ഇരുനൂറു കടക്കുന്നതിനു മുന്നേ സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനെയും നഷ്ടമായെങ്കിലും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനയെ കൂട്ടുപിടിച്ച ഇന്ത്യൻ നായകൻ ആദ്യ ദിനം ടീമിനെ സേഫ് സോണിലെത്തിച്ചു.

രണ്ടാം ദിനം ചെറുതായി പതറിയ തുടക്കമായിരുന്നു വിരാട്ടിന്റേത്. കാഗിസോ റബാഡയുടെ പന്തുകൾ പലപ്പോഴും ഓഫ് സ്റ്റമ്പിന് പുറത്ത് അയാളെ ആശയക്കുഴപ്പത്തിലാക്കി
മഹാരാജിന്റെ ചില പന്തുകൾ സ്ലിപ്പിനു സമീപത്തുകൂടി ബൗണ്ടറിയെ സ്പർശിച്ചു. പക്ഷേ എങ്ങനെ ഒരു ടെസ്റ്റ്‌ ഇന്നിംഗ്സ് പടുത്തുയർത്താം എന്നതിനെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അയാൾ. കൂടുതൽ റിസ്കി ഷോട്ടുകൾക്കു ശ്രമിക്കാതെ മോശം പന്തുകളെ തെരഞ്ഞെടുത്ത കവർ ഡ്രൈവുകളിലൂടെയും ഫ്ലിക്കുകളിലൂടെയും അയാൾ ബൗണ്ടറികൾ നേടിക്കൊണ്ടേയിരുന്നു. ഒരു നിശ്ചിത സമയം ക്രീസിൽ ചെലവഴിക്കാൻ കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ ആത്മവിശ്വാസം നഷ്ടമാകുമെന്ന് അയാൾക്കുറപ്പായിരുന്നു.

കോഹ്ലിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. മറുഭാഗത്തു രഹാനെയും നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ ലൈനും ലെങ്തും പിഴക്കാൻ തുടങ്ങി. ഉച്ചഭക്ഷണത്തിനു മുന്നേ മൂന്നക്കം കടന്ന കോഹ്ലി പതിയെ ബാറ്റിങ്ങിന്റെ ഗിയറുകൾ മാറ്റാൻ തുടങ്ങി. 173 പന്തുകളിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി അടുത്ത അൻപതു റണ്ണുകൾ നേടാനെടുത്തത് 68 പന്തുകളായിരുന്നു. ഇതോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്തള്ളി ഏറ്റവും കൂടുതൽ തവണ 150 റണ്ണുകൾ താണ്ടുന്ന ബാറ്സ്മാനായും കോഹ്ലി മാറി.

ഉച്ചഭക്ഷണത്തിനുശേഷം രഹാനെയെ നഷ്ടമായെങ്കിലും ഇന്ത്യ അപ്പോഴേക്കും സുരക്ഷിതതീരത്തെത്തിയിരുന്നു. ആറാമനായിറങ്ങിയ രവീന്ദ്ര ജഡേജ തുടക്കം മുതലേ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ ഡിക്ലറേഷനുവേണ്ടി കാത്തിരിക്കുക മാത്രമായി ഡ്യൂപ്ലെസിയുടെ ജോലി. ഇതിനിടെ കരിയറിൽ ഏഴാം തവണയും ഇരുനൂറു റണ്ണുകൾ കടന്ന കോഹ്ലി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികളുടെ ഇന്ത്യൻ റെക്കോർഡും സ്വന്തം പേരിലാക്കി. ഉടൻ തന്നെ കോഹ്ലി മുത്തുസ്വാമിയുടെ പന്തിൽ ഡുപ്ലെസിസിനു ക്യാച് നൽകിയെങ്കിലും ടീവി റീപ്ലേയിൽ നോബോൾ ആണെന്നു തെളിഞ്ഞതോടെ ഗാലറിയിൽ ആരവങ്ങളുയർന്നു.

പിന്നീടങ്ങോട്ടു കാര്യങ്ങൾ വെറും ചടങ്ങുകൾ മാത്രമായിരുന്നു. തന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറും താണ്ടി വിരാട് യാത്ര തുടർന്നപ്പോൾ അയാൾ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേടുമെന്ന് ആരാധകർ വിശ്വസിച്ചു. പക്ഷേ സെഞ്ചുറിക്കരികെ ജഡേജ പുറത്തായതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു പവലിയനിലേക്കു മടങ്ങിയ കോഹ്ലി അവരിൽ ചെറിയൊരു നിരാശ സമ്മാനിച്ചിരിക്കാം. എങ്കിലും ആ നിരാശ നിമിഷങ്ങൾക്കുള്ളിൽ അഭിനന്ദനങ്ങൾക്കു വഴിമാറി. കാരണം മുപ്പത്തിമൂന്നു ഫോറുകളും രണ്ടു സിക്സറുകളുമടങ്ങിയ ആ 254 റണ്ണുകൾ ആരാധകരെ അത്രയേറെ സന്തോഷിപ്പിച്ചിരിക്കണം.

അടുത്തിടെ ലഭിച്ച മികച്ച ചില തുടക്കങ്ങൾ കൂറ്റൻ സ്കോറുകളിലെത്തിക്കാൻ കഴിയാതിരുന്ന കോഹ്ലി വീണ്ടും ട്രാക്കിലെത്തിയിരിക്കുന്നു. അവസാന 41 ടെസ്റ്റുകളിൽ നിന്നുമാണ് അയാൾ തന്റെ ഏഴാമത്തെ ഇരട്ട ശതകം പൂർത്തിയാക്കിയിരിക്കുന്നത്. മൂന്നു ഫോര്മാറ്റിലെയും മികച്ചവനാകാനുള്ള അയാളുടെ യാത്ര കോഹ്ലി തുടരുകയാണ്. അയാളുടെ ചിറകിലേറി ഇന്ത്യയും.

Leave a comment