Editorial Foot Ball Top News

ഓസിൽ പടിക്കു പുറത്താകുമ്പോൾ..!

October 11, 2019

author:

ഓസിൽ പടിക്കു പുറത്താകുമ്പോൾ..!

ഒരു കാലത്ത് കേരളത്തിലെ  തറവാടുകളിലെ പ്രതാപത്തിന്റെ അടയാളമായിരുന്നു ലക്ഷണമൊത്ത ആന. പൂരങ്ങൾക്ക് മാത്രം പുറത്തിറക്കിയിരുന്ന ഇവയെ ക്രമേണ തറവാട് സാമ്പത്തികമായി ക്ഷയിച്ചു തുടങ്ങുമ്പോൾ എഴുന്നെള്ളത്തുകൾക്കൊപ്പം കാട്ടിലെ തടി പിടിക്കാനും വേണ്ടി ഉപയോഗിക്കേണ്ടയായി വരും. എന്നാൽ അതിനു വേണ്ട കായിക ബലം ഇല്ലാതെ വരുമ്പോൾ ഭാരിച്ച ചിലവും വഹിച്ചു ഈ ആനയെ തറവാട്ടിൽ നിലനിർത്തുന്നതിന് പകരം വിൽക്കുക എന്ന തീരുമാനത്തിൽ എത്തിച്ചേരും.ഏതാണ്ട് ഇതുപോലൊരു സ്ഥിതിവിശേഷത്തിലാണ് ആര്സെണലിൽ ജർമൻ വേൾഡ് കപ്പ്‌ ജേതാവായ മെസ്യൂട് ഓസിലിന്റെ കരിയർ എത്തി നില്കുന്നത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 2013മുതൽ ആര്സെനലിന്റെ മുഖ മുദ്രയായിരുന്ന താരത്തെ ജനുവരി ട്രാന്സ്ഫറിൽ ടർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് പെർമനന്റ് /ലോൺ വ്യവസ്ഥയിൽ ആർസെനാൽ ഒഫീഷ്യൽസ് ചർച്ച ആരംഭിച്ചതായാണ് വിവരങ്ങൾ.

ഇംഗ്ലീഷ് ഫുട്ബോളിനെ മനോഹരമാക്കിയ ആർസെൻ വെങ്ങറുടെ ആർസെനാൽ കരിയറിലെ രണ്ടാം പകുതിയിലെ ഏറ്റവും മനോഹരമായ ഫുട്ബോൾ നിമിഷങ്ങൾ അരങ്ങേറിയത് 2013ഇൽ അന്നത്തെ ക്ലബ്‌ റെക്കോർഡ് തുകയ്ക്ക് റയലിൽ നിന്നും മെസ്യൂട് ഓസിൽ എത്തിയ ശേഷമാണു. വെങ്ങേർബാളിനൊപ്പം ഓസിൽ എന്ന അസാമാന്യ പ്രതിഭ കൂടി ചേർന്നതോടെ ആര്സെനലിന്റെ കേളീശൈലി അതിമനോഹരമായി. ആര്സെണലിൽ വച്ചു തന്റെ കരിയറിന്റെ പീക് ഫോമിൽ എത്തിയ ഓസിൽ അസ്സിസ്റ്റ്‌ കിങ് എന്ന ഖ്യാതിയും നേടി.

എന്നാൽ FA കപ്പ്‌ അല്ലാതെ ലീഗ് ട്രോഫികൾ നേടാത്തതും, ചാമ്പ്യൻസ് ലീഗിന് പുറത്തായതും മൂലം സൗന്ദര്യത്മ്ക ഫുട്ബാളിന്റെ വക്‌താവായ വെങ്ങറുടെ ആർസെനാൽ ജീവിതം അവസാനിച്ചപ്പോൾ പകരക്കാരനായി വന്ന ഉനായി എമേറി എന്ന പ്രായോഗികവാദിയായ കോച്ചിന് വേണ്ടിയിരുന്നത് ഒസിലിലെ അലസനായ മന്ത്രികനെ ആയിരുന്നില്ല, മറിച്ച് ക്രീയേറ്റീവിറ്റിക്കൊപ്പം ശാരീകമായും എതിരാളികക്കെതിരെ കളത്തിൽ 90മിനുട്ടും പോരാടണം എന്ന നിബന്ധനയായിരുന്നു.

2018 സീസൺ തുടക്കത്തിൽ ഓസിൽ ശ്രമകരമായ ഈ മാറ്റത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ഉദ്ദേശിച്ച വിജയം കണ്ടില്ല. ഫോം സ്ഥിരത ഇല്ലാത്തതോടൊപ്പം ഫിസിക്കൽ ഗെയിമിൽ ഓസിൽ പിന്നെയും ദുർബലനായി മാറിയതോടെ സീസണിന്റെ അവസാന പകുതിയിൽ ടീമിന് അകത്തും പുറത്തുമായി മാറി ഒരിക്കൽ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന M10-ന്റെ സ്ഥാനം. എമേറിയുടെ മുന്നോട്ടുള്ള പ്ലാനിൽ ഓസിൽ ഇല്ല എന്ന് വ്യക്‌തമായതോടെ ഈ സമ്മർ ട്രാൻസ്ഫെറിൽ താരത്തെ കൈമാറ്റം നടത്താൻ ശ്രമിച്ചെങ്കിലും 350000 പൗണ്ട് /വാരം എന്ന ഭീമമായ വേതന കരാർ നിലനിൽക്കുന്നത് തടസ്സമായി.

സമ്മർ ട്രാൻസ്ഫെറോടെ എമേറിയുടെ ശൈലിക്ക് യോജിക്കുന്ന റയൽ ലോൺ താരം സെബാലോസിനൊപ്പം അക്കാദമി താരങ്ങളായ വില്ലോക്, നെൽസൺ എന്നിവരും ഗണ്ണേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡിലെ റോളിലേക്ക് വന്നപ്പോൾ കഴിഞ്ഞ മത്സരങ്ങളിൽ റിസേർവ് ബെഞ്ചിൽ പോലും താരത്തെ ഉൾപെടുത്താത്തതോടെ ഈ സീസണിൽ മെസ്യൂട് ഓസിൽ പടിക്കു പുറത്താണെന്ന് ഉറപ്പായി. മത്സരശേഷം ഓസിലിനേക്കാൾ സ്ഥാനം അർഹിക്കുന്നവർ ടീമിലുണ്ടെന്നു എമേറി പരസ്യമായി പറഞ്ഞതും കൂടി ചേർത്ത് വായിക്കുമ്പോൾ താരത്തിന്റെ വാതിൽ ടീമിന് പുറത്തേക്കാണെന്നു വ്യക്‌തം.

ഓസിലിന്റെ പ്രതിഭയും കൂർമതയും ഇപ്പോളും നിലനിൽക്കുന്നതിന്റെ ഉദാഹരണമാണ് പ്രീ സീസണിൽ ബാർസലോണക്കെതിരെ അബാമേയാങ്ങിന്റെ ഗോളിനു വഴിവെച്ച മനോഹരമായ പാസ്സ്. ഓസിലിന്റെ പ്രതിഭയുള്ള ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ഇപ്പോളും ആർസെനലിനു ഇല്ല എന്നതിന്റെ തെളിവാണ് സീസണിൽ ആർസെനാൽ നേരിടുന്ന ഗോൾ വരൾച്ച. എന്നാൽ എല്ലായിപ്പോഴും പ്രശ്നബാധിതമായ ആർസെനാൽ ഡിഫെൻസിനു മുന്നിൽ അലസമായി പന്ത് നഷ്ടപ്പെടുത്തുന്ന ശീലമുള്ള ഒസീലിനെ കളിപ്പിക്കാൻ എമേറി ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം. ഈ ഒരു സാഹചര്യത്തിൽ ആര്സെണലിൻറെ ഏറ്റവും ചിലവേറിയ താരം വേതനം വാങ്ങുകയും എന്നാൽ കളത്തിലിറങ്ങാതെ/ഇറക്കാതെ മുരടിക്കുന്നതിലും നല്ലത് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുന്നത് തന്നെയാണ് ക്ലബ്ബിന്റെ ബഡ്ജറ്റിനും താരത്തിന്റെ ഭാവിക്കും അനുയോജ്യമാവുക. !

Leave a comment

Your email address will not be published. Required fields are marked *