Foot Ball Top News

40 വർഷങ്ങൾക്ക് ശേഷം ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയങ്ങളിലേക്ക് !!

October 10, 2019

40 വർഷങ്ങൾക്ക് ശേഷം ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയങ്ങളിലേക്ക് !!

കായിക ലോകത്തെ ഒരു ചരിത്ര നിമിഷത്തിന് ഇന്ന് ലോകം സാക്ഷിയായി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായി ഇറാനിലെ സ്ത്രീകൾക്ക് ഒരു ഫുട്ബോൾ മത്സരം കാണാൻ അധികാരികൾ അനുവാദം കൊടുത്തു. ലോക കപ്പ് യോഗ്യത മത്സരത്തിൽ ഇറാൻ കംബോഡിയയെ നേരിട്ടപ്പോൾ ആസാദി സ്റ്റേഡിയത്തിൽ അവരുടെ സ്ത്രീകളും ദേശീയ ടീമിനായി ആർത്തിരമ്പി. 3000 ത്തോളം സ്ത്രീകളാണ് ആസാദി സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്.

സഹർ ഖൊദ്ധയരി

“നീല പെൺകുട്ടി” എന്ന വിളിപ്പേര് കിട്ടിയ സഹർ ഖൊദ്ധയരിയുടെ ആത്മഹൂതിയാണ് മാറ്റങ്ങൾക്ക് കാരണമായത്. സഹർ ആൺവേഷം കെട്ടി സ്റ്റേഡിയത്തിൽ കേറാൻ ശ്രമിച്ചപ്പോൾ പിടിയിലാവുകയും, കോടതി ആറു മാസത്തേക്ക് ശിക്ഷിക്കാൻ സാധ്യത ഉണ്ട് എന്ന അറിഞ്ഞപ്പോൾ തീകൊളുത്തി ആത്മഹൂതി നടത്തുകയും ആയിരുന്നു. കോടതി വളപ്പിൽ നടന്ന ദാരുണ സംഭവം ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിന് ശേഷം ഫിഫയും ലോക മനുഷ്യാവകാശ സംഘടനകളും ഇറാനുമേൽ ചെലുത്തിയ സമ്മർദ്ദമാണ് ഈ മാറ്റത്തിന് കാരണം.

ദേശീയ ടീമിന്റെ മാത്രമല്ല ഒക്ടോബർ 21നു തുടങ്ങാൻ ഇരിക്കാനിരിക്കുന്ന ലീഗ് മത്സരങ്ങളിലും ഈ മാറ്റം കൊണ്ടുവരണം എന്ന് ഇറാനിയൻ സ്ത്രീകൾ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും ഈ ചരിത്ര നിമിഷത്തിൽ കംബോഡിയയെ എതിരില്ലാത്ത 14 ഗോളുകൾക്ക് ഇറാൻ പരാജയപ്പെടുത്തുകയും ചെയ്തു.

Leave a comment