Editorial legends Top News

ബുല ചൗധരി; ആഴക്കടലിനെ സ്നേഹിച്ച ഇന്ത്യക്കാരി

October 10, 2019

author:

ബുല ചൗധരി; ആഴക്കടലിനെ സ്നേഹിച്ച ഇന്ത്യക്കാരി

രാജകുമാരിയെ സ്വന്തമാക്കാനായി ഏഴു കടലുകളും താണ്ടിവന്ന രാജകുമാരന്റെ കഥ കേട്ടിട്ടില്ലേ?. ഇന്ത്യക്കാർക്കും ലോകത്തോടു പറയാൻ ഒരു രാജകുമാരിയുടെ കഥയുണ്ട്. ഏഴുകടലുകളും നീന്തിക്കയറിയ “ബുല ചൗധരി” എന്ന ഇന്ത്യൻ മൽസ്യകന്യകയുടെ കഥ.

1970 ജനുവരി 2നു കൊൽക്കൊത്തയിലാണ് ബുല ജനിച്ചത്‌. ഹുഗ്ലി നദിയുടെ തീരത്തു ജനിച്ചുവീണ പെൺകൊടിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് നീന്തലെന്നു മനസ്സിലാക്കാൻ അവളുടെ മാതാപിതാക്കൾക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. നാലാം വയസ്സിൽ നീന്തൽ പരിശീലനം തുടങ്ങിയ ബുല വെറും ഒൻപതു വയസ്സുമാത്രം പ്രായമുള്ളപ്പോൾ നീന്തലിൽ ആറു സ്വര്ണമെഡലുകൾ നേടി ദേശീയ ചാമ്പ്യനായി കായികലോകത്തിനു തന്നെ അദ്‌ഭുതബാലികയായി മാറി.

വളരെയധികം ദുർഘടമായ പാതയിലൂടെയായിരുന്നു ബുലയുടെ സഞ്ചാരം. പ്രൊഫഷണൽ നീന്തൽ മത്സരങ്ങളെപ്പറ്റി ഒരു ധാരണയുമില്ലായിരുന്നു ബുലയുടെ കുടുംബത്തിന്. ഒരു നീന്തൽ വസ്ത്രം പോലും വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്ത ബുല അവളുടെ മാതാവ് സ്വന്തം കൈയ്യാൽ തുന്നിയുണ്ടാക്കിയ നീന്തൽ വസ്ത്രം ധരിച്ചാണ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. ഫ്രോക്ക് ധരിച്ചു ദേശീയ ക്യാമ്പിൽ പങ്കെടുത്ത അവൾ മറ്റു മത്സരാർത്ഥികളുടെ പരിഹാസപാത്രമായിരുന്നു.

അതിനേക്കാളേറെ അവളെ അലട്ടിയിരുന്നത് ശാരീരികമായ കുറവുകളായിരുന്നു. ചെവിയിലുണ്ടായ ദ്വാരം മൂലം വെള്ളം കയറിയാലുടനെ അവളുടെ കാതിൽ പഴുപ്പ് കയറുമായിരുന്നു. പിന്നീടൊരിക്കലാകട്ടെ ക്രമാനുഗതമല്ലാത്ത ഹൃദയമിടിപ്പു മൂലം ശരീരത്തിൽ പേസ്‌മേക്കർ പിടിപ്പിക്കുവാൻ പോലും ഡോക്ടർമാർ നിര്ദേശിക്കുകയുണ്ടായി.

തന്റെ നിശ്ചയദാർഢ്യം കൊണ്ടു പ്രധിബന്ധങ്ങളെയെല്ലാം ബുല സധൈര്യം നേരിട്ടു. ഡൽഹി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമ്പോൾ ബുലയുടെ പ്രായം വെറും 13 വയസ്സായിരുന്നു. ദേശീയ തലത്തിൽ ബുല സൃഷ്‌ടിച്ച പല റെക്കോർഡുകളും ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നു. 1986 സിയോൾ ഏഷ്യൻ ഗെയിംസിൽ 100,200 മീറ്റർ ബട്ടർഫ്‌ളൈ സ്വിമ്മിങ്ങിൽ ബുല ഇരട്ട റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

നീന്തൽകുളത്തിലെ അശ്വമേധത്തിനു ശേഷം ബുല വളരെ പ്രയാസകരമായ ദീർഘദൂര നീന്തൽ എന്ന മേഖലയിലേക്ക് കടന്നു. അവിടെയും റെക്കോര്ഡുകളുടെ കളിത്തോഴിയാകാനായിരുന്നു ബുലക്കിഷ്ടം. 1989,1999 വർഷങ്ങളിൽ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ബുല രണ്ടു തവണ ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയായി മാറി. പിന്നീട് ലോകത്തിലെ അഞ്ചു വൻകരകളിലെയും കടലുകൾ താണ്ടാൻ ബുല തീരുമാനിച്ചു.
2000മാണ്ടിൽ ജിബ്രാൾട്ടർ കടലിടുക്ക്, 2001ൽ ടൈറാണിയാൾ സീ, 2002ൽ കാറ്റാലനിൽ ചാനൽ, ഗ്രേറ്റ്‌ ടോറോന്യൂസ് കടലിടുക്ക് , 2003ൽ കുക്ക്സ് സ്ട്രൈസ് എന്നിവ നീന്തിക്കടന്നതോടെ അഞ്ചു വൻകരകളും താണ്ടുന്ന ലോകത്തിലെ ആദ്യ വനിത എന്ന ബഹുമതിക്ക് ബുല അർഹയായി. വെറും മൂന്നര മണിക്കൂറു കൊണ്ടു ജിബ്രാൾട്ടർ കടലിടുക്ക് താണ്ടിയതോടെ ഏറ്റവും വേഗത്തിൽ ജിബ്രാൾട്ടർ നീന്തിക്കടക്കുന്ന വ്യക്തിയായും ബുല മാറി. 2004ൽ ശ്രീലങ്കയിൽ നിന്നും ധനുഷ്കോടിയിലേക്കുള്ള പാക് കടലിടുക്ക് നീന്തിക്കടന്നതോടെ ഏഴു കടലും താണ്ടുന്ന ആദ്യ വനിത എന്ന നേട്ടവും ബുല കരസ്ഥമാക്കി.

ഇന്ത്യയുടെ അഭിമാനമായ ബുലയെ കേന്ദ്രസർക്കാർ നിരവധി തവണ ആദരിച്ചു. 1990ൽ അർജുന അവാർഡ് നേടിയ ബുലയെ പദ്മശ്രീ പുരസ്‌കാരം നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ടെൻസിങ് നോർഗേ പുരസ്കാരത്തിനും അർഹയായ ബുല 2018 റിപ്പബ്ലിക്ക് ദിന പരേഡിലെ രാഷ്ട്രപതിയുടെ ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളായിരുന്നു.

കൊൽക്കൊത്തയിൽ സ്ഥിരതാമസമാക്കിയ ബുല ഇപ്പോൾ ഒരു നീന്തൽ അക്കാദമി സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഒരു നീന്തൽ താരം കൂടിയായ സഞ്ജീവ് ചൗധരി എല്ലാവിധ പിന്തുണയും നൽകി കൂടെയുണ്ട്. “നീയൊരു പെണ്ണാണ് നിനക്കിതൊന്നും സാധിക്കില്ല” എന്നു പറഞ്ഞു കളിയാക്കിയവരെക്കൊണ്ടു ഞങ്ങൾ ബുലയുടെ നാട്ടുകാരാണെന്ന് അഭിമാനപൂർവം പറയിച്ച ബുല പ്രതിബന്ധങ്ങളോട് പൊരുതി വിജയം തേടുന്ന ഓരോ ഭാരതീയ സ്ത്രീക്കും പ്രചോദനമാണ്.

Syam…

Leave a comment

Your email address will not be published. Required fields are marked *