Editorial Foot Ball Top News

ഐ. എസ്. എൽ 2019-20; കിരീടം നിലനിർത്താൻ ബെംഗളൂരു എഫ്.സി

October 10, 2019

author:

ഐ. എസ്. എൽ 2019-20; കിരീടം നിലനിർത്താൻ ബെംഗളൂരു എഫ്.സി

ജന്മമെടുത്ത്‌ അധികകാലമായില്ലെങ്കിലും ഇന്ത്യൻ ഫുട്‍ബോളിന്റെ ചരിത്രത്തിൽ വളരെ പ്രധാനമായൊരു സ്ഥാനം നേടാൻ ബംഗളുരു എഫ്. സിയ്ക്കു സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുടബോളിൽ എഫ്. സി. കൊച്ചിനിലൂടെ തുടങ്ങിയ പ്രൊഫഷണലിസം മറ്റൊരു തലത്തിലെത്തിയത് ബംഗളുരുവിന്റെ വരവോടെയായിരുന്നു.

2013 ജൂലൈ ഇരുപതാം തീയതിയാണ് ഇന്ത്യയിലെ ഉരുക്കു ഭീമന്മാരായ ജെ. എസ്. ഡബ്ള്യു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി ഒരു ഫുട്ബോൾ ക്ലബ്‌ രൂപീകരിക്കപ്പെട്ടത്. 2013-14 ലെ തങ്ങളുടെ ആദ്യ സീസണിൽത്തന്നെ ഐ ലീഗ് കിരീടം നേടിയാണ് ബംഗളൂരു തങ്ങളുടെ വരവറിയിച്ചത്. പിന്നീടങ്ങോട്ടു വിജയങ്ങളുടെ തുടർക്കഥയായിരുന്നു. ആദ്യ മൂന്നു സീസണുകളിൽ ടോപ് 3 ഫിനിഷിങ് ചെയ്ത് ബംഗളുരു രണ്ടുതവണ ഫെഡറേഷൻ കപ്പ്‌ വിജയികളുമായി.

തികച്ചും പ്രൊഫഷണലായി കളിയെ സമീപിച്ചതിന്റെ ഫലമായിരുന്നു ബെംഗളുരുവിന്റെ വിജയങ്ങൾ. 2017-18 ൽ തങ്ങളുടെ ആദ്യ ഐ. എസ്. എൽ സീസണിൽ തന്നെ ടേബിൾ ടോപ്പേഴ്‌സ് ആയെങ്കിലും ഫൈനലിൽ ചെന്നൈയോടു പരാജയപ്പെട്ട അവർക്കു രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപെടേണ്ടിവന്നു. പക്ഷേ പരാജയമറിയാതെയുള്ള പതിനൊന്നു മത്സരങ്ങളുടെ റെക്കോർഡുമായാണ് കഴിഞ്ഞ സീസണിൽ അവർ കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ടു സീസണിൽനിന്നും അൽപം വ്യത്യസ്തമായ ടീമുമായാണ് ഇത്തവണ ബെംഗളുരുവിന്റെ വരവ്. കഴിഞ്ഞ സീസണുകളിൽ സുനിൽ ഛേത്രിക്കൊപ്പം ആക്രമണത്തിന്റെ ചുക്കാൻ പിടിച്ച മിക്കു ഇക്കൊല്ലം ടീമിനൊപ്പമില്ല. പകരം മാനുവൽ ഒൻവുവാണ് ടീമിന്റെ ആക്രമണങ്ങളിലെ വിദേശ സാന്നിധ്യം. ഇവർക്കൊപ്പം കീൻ ലൂയിസ്, ഉദാന്ത സിങ് മുതലായവരും ടീമിന്റെ മുന്നേറ്റനിരയിലുണ്ട്.

ചെന്നൈയിൻ എഫ്.സിയുടെ മിഡ്ഫീൽഡ് ജനറൽ റാഫേൽ അഗസ്റ്റോ നയിക്കുന്ന ബെംഗളൂരു മധ്യനിരയിൽ സ്പാനിഷ് താരം ഡിമാസ് ഡെൽഗാഡോയും ലിങ്‌ദോയും വിങ്ങിൽ മലയാളി താരം ആഷിക് കുരുണിയനും ടീമിന്റെ ആക്രമണങ്ങളിൽ പങ്കാളികളാകും. ഇന്ത്യൻ ഇന്റർനാഷണൽ രാഹുൽ ഭേകെ, സ്പാനിഷ് താരങ്ങളായ ഹുവാനാൻ, ആൽബർട്ടോ സെറാൻ, എറിക് പാർത്താലു, മലയാളി താരം റിനോ ആന്റോ മുതലായ മികച്ച താരങ്ങൾ അണിനിറക്കുന്ന ബെംഗളൂരു പ്രതിരോധം ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ചതാണെന്നു പറയാം. കൂട്ടിന് ക്രോസ് ബാറിനു കീഴിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർ ഗുർപ്രീത് സന്ധുവും വരുന്നതോടെ ബെംഗളൂരു വല ചലിപ്പിക്കുക ഏതാണ്ട് അസാധ്യമാണ്.

വെസ്റ്റ് ബ്ലോക്ക്‌ ബ്ലൂസ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടവും ബെംഗളുരുവിനു സ്വന്തമായുണ്ട്. ഈ വർഷം ചില പ്രശ്നങ്ങളാൽ ഹോം മത്സരങ്ങൾ ബംഗളുരുവിൽ നിന്നും മാറ്റുമെന്നു കരുതിയെങ്കിലും ഒടുവിൽ ശ്രീകണ്ടീരവ തന്നെ ഹോം മത്സരങ്ങൾക്കു ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീമും ആരാധകരും. സ്പാനിഷ് പരിശീലകൻ ചാൾസ് ക്വാഡ്രാത് പരിശീലിപ്പിക്കുന്ന ടീം ലീഗിലെ തന്നെ ഏറ്റവും സന്തുലിതവുമാണ്. അതിനാൽ തന്നെ ഐ. എസ്. എൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ ബെംഗളൂരു എഫ്. സിയ്ക്കു സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a comment

Your email address will not be published. Required fields are marked *